X

റയലിന് 3-0ത്തിന് തകര്‍പ്പന്‍ ജയം

മാഡ്രിഡ്: റയല്‍ സോഷ്യദാദിനെ ഏകപക്ഷീയമായ മൂന്നു ഗോൡന് തകര്‍ത്ത് റയല്‍ മാഡ്രിഡ് സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ നിര്‍ണായക മുന്നേറ്റം നടത്തി. രണ്ടാം സ്ഥാനത്തുള്ള ബാര്‍സലോണയെ റയല്‍ ബെറ്റിസ് സമനിലയില്‍ കുടുക്കിയതിനു പിന്നാലെ നടന്ന മത്സരത്തില്‍ മികച്ച ജയത്തോടെ മാഡ്രിഡുകാര്‍ നാല് പോയിന്റ് മുന്നിലെത്തി. സീസണില്‍ മികച്ച പ്രകടനം നടത്തുന്ന സെവിയ്യ എസ്പാന്യോളിനോട് തോറ്റതും റയലിന് അനുഗ്രഹമായി.

കിങ്‌സ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായതോടെ ആരാധകരുടെ അതൃപ്തി നേരിടേണ്ടി വന്ന റയല്‍ മറ്റിയൂ കൊവാകിച്ച്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, അല്‍വാരോ മൊറാട്ട എന്നിവരുടെ ഗോൡലാണ് സ്വന്തം ഗ്രൗണ്ടില്‍ ജയിച്ചു കയറിയത്. ഇന്യിഗോ മാര്‍ട്ടനസ് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായതോടെ അവസാന കാല്‍ മണിക്കൂര്‍ സോഷ്യദാദ് പത്തുപേരെ വെച്ചാണ് പൂര്‍ത്തിയാക്കിയത്.
ലീഗിലെ അവസാന 11 മത്സരങ്ങളില്‍ എട്ട് ജയം സ്വന്തമായുള്ള സോഷ്യദാദ് ആത്മവിശ്വാസത്തോടെയാണ് സാന്റിയാഗോ ബര്‍ണേബുവില്‍ പന്ത് തട്ടിയതെങ്കിലും 38-ാം മിനുട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ത്രൂപാസ് സ്വീകരിച്ച് ഓടിക്കയറി കൊവാകിച്ച് ആതിഥേയരുടെ ആദ്യ ഗോള്‍ നേടി. ക്രൊയേഷ്യന്‍ താരത്തിന്റെ ഈ ലീഗ് സീസണിലെ ആദ്യ ഗോളാണിത്. 51-ാം മിനുട്ടില്‍ കൊവാകിച്ചിന്റെ പാസില്‍ നിന്ന് ക്രിസ്റ്റ്യാനോ ലീഡുയര്‍ത്തി. രണ്ട് പ്രതിരോധക്കാര്‍ക്കിടയിലൂടെ ലഭിച്ച പന്തുമായി ബോക്‌സില്‍ പ്രവേശിച്ച ക്രിസ്റ്റ്യാനോ ഗോള്‍കീപ്പറുടെ ഇടതുവശം ചേര്‍ന്ന് ചിപ്പ് ചെയ്താണ് പന്ത് വലയിലെത്തിച്ചത്. 82-ാം മിനുട്ടില്‍ ലൂകാസ് വാസ്‌ക്വെസിന്റെ ക്രോസില്‍ നിന്ന് ഹെഡ്ഡറുതിര്‍ത്ത് മൊറാട്ട പട്ടിക പൂര്‍ത്തിയാക്കി.

പകരക്കാരനായിറങ്ങി ഈ സീസണില്‍ മൊറാട്ട നേടുന്ന അഞ്ചാമത്തെ ഗോളായിരുന്നു ഇത്. നേരത്തെ, റഫറിയുടെ പിഴവില്‍ സമനിലയിലുമായി മടങ്ങേണ്ടി വന്നതാണ് ബാര്‍സലോണക്ക് തിരിച്ചടിയായത്. ബെറ്റിസുമായുള്ള സമനില അഞ്ചു മത്സരങ്ങള്‍ക്കിടെ നിലവിലെ ചാമ്പ്യന്മാരുടെ രണ്ടാമത്തേതായിരുന്നു. എസ്പാന്യോളിന്റെ ഗ്രൗണ്ടില്‍ ഒന്നിനെതിരെ മൂന്നു ഗോളിന് തോറ്റത് സെവിയ്യക്കും ക്ഷീണമായി. രണ്ടാം മിനുട്ടില്‍ നിക്കോളാസ് പരേയ ചുവപ്പുകാര്‍ഡ് കണ്ട് മടങ്ങിയതാണ് സെവിയ്യക്ക് തിരിച്ചടിയായത്.

നാലാം മിനുട്ടില്‍ ജോസ് ആന്റോണിയോ റയസിന്റെ പെനാല്‍ട്ടി ഗോളില്‍ ആതിഥേയര്‍ മുന്നിലെത്തിയിരുന്നെങ്കിലും 20-ാം മിനുട്ടില്‍ ജൊവറ്റിച്ച് ഗോള്‍ മടക്കി. പക്ഷേ, 45-ാം മിനുട്ടില്‍ മാര്‍ക് നവാരോയും 71-ാം മിനുട്ടില്‍ ജെറാഡ് മൊറേനോയും ലക്ഷ്യം കണ്ടതോടെ സെവിയ്യക്ക് മറുപടിയുണ്ടായില്ല. മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക് ക്ലബ്ബ് സ്‌പോര്‍ട്ടിങ് ഗിയോണിനെ 2-1 ന് തോല്‍പ്പിച്ചു.19 മത്സരങ്ങളില്‍ നിന്ന് 46 പോയിന്റോടെ വ്യക്തമായ ആധിപത്യമാണ് റയലിന് പോയിന്റ് ടേബിളില്‍ ഉള്ളത്. 20 മത്സരം കളിച്ച ബാര്‍സലോണക്കും സെവിയ്യക്കും 42 പോയിന്റ് വീതമുണ്ട്. 36 പോയിന്റോടെ അത്‌ലറ്റികോ മാഡ്രിഡ് ആണ് നാലാം സ്ഥാനത്ത്.

chandrika: