X
    Categories: CultureViews

രണ്ടാം പാദത്തിലും ജയം; സൂപ്പര്‍കോപ്പ റയലിന്

മാഡ്രിഡ്: രണ്ടാം പാദത്തില്‍ ബാര്‍സലോണയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് ബാര്‍സലോണ സൂപ്പര്‍കോപ്പ ദെ എസ്പാന (സ്പാനിഷ് സൂപ്പര്‍ കപ്പ്) സ്വന്തമാക്കി. ഇരുപാദങ്ങളിലായി 5-1 ന്റെ തകര്‍പ്പന്‍ വിജയത്തോടെയാണ് സിനദെയ്ന്‍ സിദാന്റെ സംഘം 2017-18 സീസണിലെ രണ്ടാമത്തെ കിരീടം സ്വന്തമാക്കിയത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ഗരത് ബെയ്ല്‍ എന്നിവരുടെ അഭാവത്തില്‍ മാര്‍കോ അസന്‍സിയോ, കരീം ബെന്‍സേമ എന്നിവരായിരുന്നു സ്‌കോറര്‍മാര്‍.

സ്വന്തം മൈതാനമായ നൗകാംപിലെ ആദ്യപാദത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളിന് തോറ്റ ബാര്‍സക്ക് രണ്ടാം പാദത്തില്‍ കുറഞ്ഞത് മൂന്ന് ഗോളിനെങ്കിലും ജയിക്കച്ചാലേ കിരീട സാധ്യത ഉണ്ടായിരുന്നുള്ളൂ. ആദ്യപാദത്തില്‍ പരാജയപ്പെട്ട 3-4-3 ശൈലിക്കു പകരം മധ്യനിരയില്‍ അഞ്ച് പേരെ നിയമിച്ചുള്ള 3-5-2 ശൈലിയിലാണ് ബാര്‍സ കോച്ച് ഏണസ്‌റ്റോ വല്‍വെര്‍ദെ ടീമിനെ ഒരുക്കിയത്. പരിക്കു കാരണം ആന്ദ്രെ ഇനിയസ്റ്റ കളിക്കാതിരുന്നപ്പോള്‍ പിന്‍നിരയില്‍ ഹവിയര്‍ മഷരാനോ മടങ്ങിയെത്തി.

നിലയുറപ്പിക്കും മുമ്പേ ബാര്‍സക്ക് ആദ്യ പ്രഹരമേറ്റു. നാലാം മിനുട്ടില്‍ തന്നെ കരുത്തുറ്റ ഒരു ലോംഗ് റേഞ്ചറിലൂടെ മാര്‍കോ അസന്‍സിയോ ആണ് ബാര്‍സയുടെ പ്രതീക്ഷകളുടെ തീ കെടുത്തിയത്. 25 വാര അകലെനിന്ന് തൊടുത്തുവിട്ട ഷോട്ട് ബാര്‍സ കീപ്പര്‍ ആന്ദ്രെ ടെര്‍സ്റ്റെയ്ഗന് പ്രതികരിക്കാനാവും മുമ്പേ വലയില്‍ കയറി.

33-ാം മിനുട്ടില്‍ ലൂകാസ് വാസ്‌ക്വെസിന്റെ പ്ലേസിംഗ് സൈഡ് ബാറില്‍ തട്ടി മടങ്ങിയപ്പോള്‍ 38-ാം മിനുട്ടില്‍ ബെന്‍സേമ റയലിന്റെ രണ്ടാം ഗോളും നേടി. മാര്‍സലോയുടെ ക്രോസ് സ്വീകരിച്ച് നിയന്ത്രിച്ച ബെന്‍സേമ ക്ലോസ് റേഞ്ചില്‍ നിന്ന് പന്ത് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

രണ്ടാം പകുതിയില്‍ ലയണല്‍ മെസ്സിയുടെയും ലൂയിസ് സുവാരസിന്റെയും ഗോള്‍ ശ്രമങ്ങള്‍ ബാറില്‍ തട്ടി മടങ്ങിയത് ബാര്‍സക്ക് തിരിച്ചടിയായി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: