X
    Categories: MoreViews

മുഹമ്മദ് അലി ഇസ്‌ലാമിനെപ്പറ്റി അറിയാനുള്ള യഥാര്‍ത്ഥ കാരണം ടൈം മാഗസിന്‍ വെളിപ്പെടുത്തുന്നു

മുഹമ്മദ് അലി

ബോക്‌സിങ് ഇതിഹാസം മുഹമ്മദലി ഇസ്ലാം മതം സ്വീകരിച്ചതിനെപ്പറ്റി പലതരം കഥകളുണ്ട്. ഇസ്ലാമിലേക്ക് ആകൃഷ്ടനായതിനെപ്പറ്റി ഒന്നിലധികം കാരണങ്ങള്‍ അലി തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. എലിജാ മുഹമ്മദും മാല്‍കം എക്‌സും പ്രതിനിധീകരിച്ച ‘നാഷന്‍ ഓഫ് ഇസ്ലാമി’ന്റെ യോഗങ്ങളില്‍ പങ്കെടുത്തതിനു ശേഷമാണ് ഇസ്ലാമിനെ കുറിച്ച് അലി അറിഞ്ഞതെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ ജാക്ക് ഓള്‍സന്‍ പറയുന്നു. 1964-ലായിരുന്നു ലോകശ്രദ്ധയാകര്‍ഷിച്ച അലിയുടെ മതംമാറ്റം.

തന്നില്‍ ഇസ്ലാം സ്വാധീനമുണ്ടാക്കിയ ആദ്യ സംഭവത്തെക്കുറിച്ച് മുഹമ്മദ് അലി തന്റെ ഭാര്യക്കെഴുതിയ കത്ത് ടൈം മാഗസിന്‍ പുറത്തുവിട്ടു. ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത കത്തില്‍, ഇതുവരെ പുറംലോകമറിഞ്ഞിട്ടില്ലാത്ത കാരണമാണ് അലി തന്റെ മനംമാറ്റത്തിന്റേതായി വിശദീകരിക്കുന്നത്. ഒരു പത്രത്തില്‍ കണ്ട കാര്‍ട്ടൂണ്‍ ആണ് ആദ്യമായി തനിക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തിയതെന്ന് ഭാര്യ ഖലീല കമാച്ചോയ്ക്ക് എഴുതിയ കത്തില്‍ അലി പറയുന്നു.

വെളുത്ത വര്‍ഗക്കാരായ ഉടമ കറുത്ത അടിമയോട്, യേശുവിനെ ആരാധനിക്കാന്‍ നിര്‍ബന്ധിക്കുന്നതും അതിനായി പ്രഹരിക്കുന്നതുമാണ് കാര്‍ട്ടൂണിന്റെ ഉള്ളടക്കം. ക്രിസ്തുമതം അടിച്ചമര്‍ത്തുന്ന വെള്ളക്കാരുടെ മതമാണെന്ന ചിന്ത തന്നിലുണ്ടാക്കാന്‍ ഈ കാര്‍ട്ടൂണ്‍ കാരണമായെന്ന് അലി പറുന്നു. പുറത്തിറങ്ങാനിരിക്കുന്ന ‘അലി: എ ലൈഫ്’ എന്ന പുസ്തകത്തില്‍ രചയിതാവായ ജൊനാതന്‍ എയ്ഗ് ഈ കത്ത് ഉള്‍പ്പെടുത്തുന്നുണ്ട്.

600 ഡോളര്‍ നല്‍കി ഖലീല കമാച്ചോയില്‍ നിന്ന് ജൊനാതന്‍ എയ്ഗ് സ്വന്തമാക്കിയ കത്തിന്റെ ചുരുക്കം ഇങ്ങനെ:

‘ഒരു ദിവസം ഞാന്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ലൂയിസ്‌വില്ലിലെ സ്‌കേറ്റിങ് റിങ്കിനടുത്ത് 400-ഓളം വരുന്ന കറുത്ത യുവാക്കളെ കണ്ടു. അതിനിടയില്‍ ഒരാള്‍ ‘മുഹമ്മദ് സ്പീക്ക്‌സ്’ എന്ന ന്യൂസ്‌പേപ്പര്‍ വില്‍ക്കുന്നുണ്ടായിരുന്നു. ആ സഹോദരന്‍ എന്റെ അടുത്തേക്കു വന്ന് പറഞ്ഞു: ‘സഹോദരാ, മുഹമ്മദ് സ്പീക്ക്‌സ് പത്രം വാങ്ങിയാല്‍ താങ്കള്‍ക്ക്, താങ്കളുടെ ആളുകളെപ്പറ്റിയും താങ്കളുടെ യഥാര്‍ത്ഥ ചരിത്രവും യഥാര്‍ത്ഥ മതവും വെള്ളക്കാരന്റെ അടിമയാവും മുന്നത്തെ താങ്കളുടെ യഥാര്‍ത്ഥ പേരും അറിയാന്‍ കഴിയും. ഇന്ന് വൈകുന്നേരം എട്ട് മണിക്ക് ചെസ്‌നട്ട് 27-ല്‍ ഒരു യോഗമുവുണ്ട്.’ സമയം ആറു മണി ആയിരുന്നു. അയാളോട് ഓ.കെ പറഞ്ഞെങ്കിലും യോഗത്തിന് പോകാന്‍ എനിക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ല.

പക്ഷേ, ഞാന്‍ മുഹമ്മദ് സ്പീക്ക്‌സ് പത്രം വാങ്ങി. ആ പത്രത്തില്‍ എന്നെ ആകര്‍ഷിച്ചത് ഒരു കാര്‍ട്ടൂണ്‍ ആണ്. അമേരിക്കയില്‍ ആദ്യമായി അടിമകള്‍ എത്തിയതിനെക്കുറിച്ചായിരുന്നു അത്. തോട്ടത്തിലെ ജോലിക്കിടയില്‍ ഒഴിവു കണ്ടെത്തി അടിമകള്‍ കിഴക്കു വശത്തേക്ക് തിരിഞ്ഞ് അറബിയില്‍ പ്രാര്‍ത്ഥിക്കുന്നത് കാര്‍ട്ടൂണിലുണ്ടായിരുന്നു. ആ സമയം, യജമാനന്‍ പിന്നില്‍ വന്ന് ചാട്ട കൊണ്ട് അടിക്കുകയും ഇങ്ങനെ പറയുകയും ചെയ്യുന്നു: ‘ആ ഭാഷയില്‍ നീ എന്താണ് പ്രാര്‍ത്ഥിക്കുന്നത്. എന്താണ് സംസാരിക്കേണ്ടതെന്ന് ഞാന്‍ നിനക്ക് പറഞ്ഞു തന്നിട്ടില്ലേ?’ അപ്പോള്‍ അടിമ പറയുന്നു: ‘അതെ യജമാനേ. അതെ. ഞാന്‍ ഇനി യേശുവിനോട് പ്രാര്‍ത്ഥിച്ചോളാം.’ ആ കാര്‍ട്ടൂണ്‍ എനിക്കിഷ്ടമായി. അത് എന്നില്‍ എന്തോ ഉണ്ടാക്കി…

അലി പരാമര്‍ശിച്ച ‘മുഹമ്മദ് സ്പീക്ക്‌സി’ലെ കാര്‍ട്ടൂണ്‍ ടൈം മാഗസിന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എലിജാ മുഹമ്മദ്, മാല്‍ക്കം എക്‌സ് തുടങ്ങിയവര്‍ ഭാഗമായിരുന്ന നാഷന്‍ ഓഫ് ഇസ്ലാമിന്റെ പ്രസിദ്ധീകരണമായിരുന്നു മുഹമ്മദ് സ്പീക്ക്‌സ്.

‘മുഹമ്മദ് സ്പീക്ക്‌സി’ലെ കാര്‍ട്ടൂണ്‍

ഇസ്ലാം സ്വീകരിച്ചതിന്റെ പേരില്‍ ഏറെ എതിര്‍പ്പുകളാണ് അലിക്ക് നേരിടേണ്ടി വന്നിരുന്നത്. അദ്ദേഹത്തിന്റെ ജന്മനാട്ടിലെ പത്രങ്ങള്‍ മുഹമ്മദ് അലി എന്നതിനു പകരം പഴയ നാമമായ കാഷ്യസ് ക്ലേ എന്നാണ് അദ്ദേഹത്തെ പരാമര്‍ശിക്കുന്നതിനായി പില്‍ക്കാലത്തും ഉപയോഗിച്ചിരുന്നത്. വിയറ്റ്‌നാമില്‍ സൈനിക സേവനം അനുഷ്ഠിക്കാന്‍ വിസമ്മതിച്ച അലിക്ക് തന്റെ ബോക്‌സിങ് ടൈറ്റിലും ജീവന മാര്‍ഗവും വരെ നഷ്ടമായി.

2016 ജൂണ്‍ മൂന്നിന് 74-ാം വയസ്സിലാണ് മുഹമ്മദ് അലി അന്തരിച്ചത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: