X
    Categories: CultureMoreViews

കര്‍ണാടക: എം.എല്‍.എമാരെ കൊച്ചിയിലേക്ക് മാറ്റാതിരുന്നത് വിമാനം കിട്ടാത്തതുകൊണ്ടല്ല

ബെംഗളുരു: കര്‍ണാടക തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനു ശേഷമുള്ള രാഷ്ട്രീയ പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ കൊച്ചിയിലെ റിസോര്‍ട്ടിലേക്ക് മാറ്റാതിരുന്നത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ജി.ഡി.സി.എ), ചാര്‍ട്ടേഡ് വിമാനത്തിന് പറക്കാനുള്ള അനുമതി നിഷേധിച്ചതുകൊണ്ടു മാത്രമല്ലെന്ന് വെളിപ്പെടുത്തല്‍. കോണ്‍ഗ്രസ് നേതാക്കള്‍ കൊച്ചിയിലെ ഒരു ഫൈവ്സ്റ്റാര്‍ ഹോട്ടലുമായി ബന്ധപ്പെട്ട് എം.എല്‍.എമാര്‍ക്ക് താമസം ഉറപ്പാക്കിയിരുന്നെങ്കിലും രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ഹോട്ടലുടമ വിളിച്ച് തന്നെ ബി.ജെ.പി നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നതായും താമസമൊരുക്കാന്‍ കഴിയില്ലെന്നും അറിയിക്കുകയായിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രമാണ് കോണ്‍ഗ്രസ് നേതാക്കളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയത്.

തെരഞ്ഞെടുപ്പു ഫലത്തിന്റെ തരംഗം വ്യക്തമായപ്പോള്‍ തന്നെ കോണ്‍ഗ്രസ്, എം.എല്‍.എമാരോട് ബംഗളുരുവിലെത്താന്‍ ആവശ്യപ്പെട്ടിരുന്നു. നഗരപ്രാന്തത്തിലുള്ള ഈഗിള്‍ടണ്‍ റിസോര്‍ട്ട് വാടകക്കെടുത്ത് എം.എല്‍.എമാരെ അങ്ങോട്ടു മാറ്റുകയായിരുന്നു. സിദ്ധരാമയ്യ സര്‍ക്കാറിലെ ഊര്‍ജമന്ത്രിയായിരുന്ന ഡി.കെ ശിവകുമാറിനായിരുന്നു ഇതിന്റെ ചുമതല. എന്നാല്‍, ബുധനാഴ്ച രാവിലെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബി.എസ് യെദ്യൂരപ്പ, ഈഗിള്‍ടണ്‍ റിസോര്‍ട്ടിന്റെ സുരക്ഷ എടുത്തുകളയാന്‍ ഉത്തരവിട്ടു. ഇതോടെയാണ് എം.എല്‍.എമാരെ മറ്റൊരിടത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്.

പുതിയ സങ്കേതം എവിടെയായിരിക്കണമെന്ന കാര്യത്തില്‍ നേതാക്കന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെങ്കിലും ഡി.കെ ശിവകുമാര്‍ തന്നെയാണ് കൊച്ചി മതിയെന്ന് തീരുമാനിച്ചത്. ഇതോടെ, ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലുടമയെ വിളിച്ച് കാര്യങ്ങള്‍ ഉറപ്പാക്കി. എന്നാല്‍, രണ്ടു മണിക്കൂറിനുള്ളില്‍ ഹോട്ടലുടമ തിരിച്ചുവിളിച്ച് ബി.ജെ.പി നേതൃത്വം ഭീഷണിപ്പെടുത്തുന്ന കാര്യം അറിയിച്ചതോടെ പ്ലാന്‍ മാറ്റേണ്ടി വന്നു. കൊച്ചിയിലെ മറ്റൊരു ഹോട്ടലുമായി സംസാരിച്ച് ഉറപ്പിച്ചെങ്കിലും ചാര്‍ട്ടേഡ് വിമാനത്തിന് അവസാന നിമിഷം അനുമതി നിഷേധിക്കപ്പെട്ടതോടെ പദ്ധതി വീണ്ടും മാറി. അതേസമയം, ചാര്‍ട്ടേഡ് വിമാനത്തിന് പ്രത്യേക അനുമതി ആവശ്യമില്ലെന്ന് ഡി.ജി.സി.എ പിന്നീട് വ്യക്തമാക്കി.

വിമാനമാര്‍ഗമുള്ള യാത്ര നടക്കില്ലെന്നായതോടെയാണ് ബസ് മാര്‍ഗം പെട്ടെന്ന് ചെന്നെത്താവുന്ന ഹൈദരാബാദ് പരിഗണനയിലെത്തിയത്. എം.എല്‍.എമാരെ വഹിച്ചുകൊണ്ടുള്ള ബസ് കര്‍ണാടക അതിര്‍ത്തി കടക്കുമ്പോള്‍ തന്നെ, എസ്‌കോര്‍ട്ട് നല്‍കാന്‍ തെലങ്കാന പൊലീസ് കാത്തുനിന്നത് കോണ്‍ഗ്രസ് നേതൃത്വത്തെ അമ്പരപ്പിച്ചു. താമസം ഏര്‍പ്പാടാക്കിയ ഹോട്ടല്‍ വരെ തെലങ്കാന പൊലീസ് സംഘം എം.എല്‍.എമാര്‍ക്ക് അകമ്പടി സേവിച്ചു. തെലങ്കാന പി.സി.സി പ്രസിഡണ്ട് ഉത്തംകുമാര്‍ റെഡ്ഡിയും മുന്‍ എം.പി സുബ്ബരാമി റെഡ്ഡിയും കൂടെയുണ്ടായിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: