മാഡ്രിഡ്: അവസാനം വരെ പൊരുതി നിന്ന ബയേണ്‍ മ്യൂണിക്കിനെ തോല്‍പിച്ച് റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കടന്നു. ആദ്യ പാദത്തിലെ 2-1 ലീഡുമായി രണ്ടാം പാദത്തിലിറങ്ങിയ റയല്‍ ഇരുപാദങ്ങളിലുമായി 4-3ന് വിജയിച്ചാണ് ഫൈനലിലെത്തിയത്.
കളിയുടെ രണ്ടാം മിനിറ്റില്‍ ബയേണ്‍ ആണ് ആദ്യ വെടിപൊട്ടിച്ചത്. ജോഷ്വ കിമ്മിച്ചിലൂടെ ബയേണ്‍ മുന്നിലെത്തി. എന്നാല്‍ ബയേണിന്റെ ആഹ്ലാദം ഏറെ നീളും മുമ്പേ 11-ാം മിനിറ്റില്‍ റയല്‍ ഗോള്‍ മടക്കി. മാഴ്‌സലോയുടെ ഇടത് വിങ്ങില്‍ നിന്നുള്ള ക്രോസ് കരീം ബെന്‍സേമ ഹെഡറിലൂടെ ഗോളാക്കി മാറ്റി.
പിന്നീട് മത്സരം കടുത്തതോടെ ഇരു ഗോള്‍മുഖത്തും മാറി മാറി പന്തെത്തിക്കൊണ്ടിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബയേണ്‍ ഗോളിയുടെ ഒരു പിഴവ് മുതലാക്കിയ ബെന്‍സേമ റയലിന്റെ ലീഡുയര്‍ത്തി. ഒരു ബാക്ക് പാസ് എങ്ങനെ ക്ലിയര്‍ ചെയ്യണമെന്ന് ശങ്കിച്ചു നിന്ന ബയേണ്‍ ഗോള്‍ കീപ്പര്‍ ഉള്‍രെകിനെ കാഴ്ചക്കാരനാക്കി ബെന്‍സേമ പന്ത് വലയിലാക്കുകയായിരുന്നു.
പിന്നീട് റയല്‍ പ്രതിരോധത്തിലേക്ക് ഉള്‍വലിഞ്ഞെങ്കിലും ബയേണ്‍ നിരന്തര ആക്രമണം തുടര്‍ന്നു. ഒടുവില്‍ ബയേണിന്റെ അധ്വാനം ഫലം കണ്ടു. 62-ാം മിനിറ്റില്‍ ഹാമിഷ് റോഡ്രിഗസ് ബയേണിന്റെ രണ്ടാം ഗോള്‍ നേടി. ഇതോടെ സ്‌കോര്‍ 2-2 ആയി. ഒരു ഗോള്‍ കൂടി നേടി ഫൈനലിലെത്താന്‍ ബയേണ്‍ പൊരുതിയെങ്കിലും റയല്‍ ഗോളി നവാസിനെ മറികടക്കാന്‍ ബയേണ്‍ ആക്രമണങ്ങള്‍ക്കായില്ല.
അവസാന 10 മിനിറ്റില്‍ റയല്‍ വെറുതെ പന്ത് തട്ടിക്കളിച്ചത് മത്സരം വിരസമാക്കി. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയതോടെ റയല്‍ 4-3 എന്ന സ്‌കോറിന് ഫൈനലിലെത്തി.