X

റയല്‍ മാഡ്രിഡില്‍ നിന്നും ഒരു സൂപ്പര്‍ താരം കൂടി ഇറ്റലിയിലേക്ക്

സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പിന്നാലെ ഫ്രഞ്ച് താരം കരീം ബെന്‍സെമയും റയല്‍ മാഡ്രിഡ് വിടാനൊരുങ്ങുന്നു. ഇറ്റാലിയന്‍ ക്ലബ് എ.സി മിലാനുമായി താരം കരാറില്‍ ഏര്‍പ്പെട്ടതായി സ്‌കൈ ഇറ്റാലിയ റിപ്പോര്‍ട്ടു ചെയ്തു. താരത്തിന്റെ ഏജന്റ് എ.സി മിലാന്‍ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ മസ്സിമിലിനിയോ മിറബെല്ലിയുമായും ക്ലബ് പരിശീലകന്‍ ഗട്ടുസോയുമായും ട്രാന്‍സ്ഫര്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നാലു വര്‍ഷത്തെ കരാര്‍ ബെന്‍സെമയ്ക്ക് വാഗ്ദാനം ചെയ്ത മിലാന്‍ റയല്‍ താരത്തിന് നിലവില്‍ നല്‍കിവരുന്ന വേതനം നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. താരത്തിന്റെ ട്രാന്‍സ്ഫര്‍ വിലയെ കുറിച്ചുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്നാണ് ഇറ്റലിയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പകരക്കാരനെ കണ്ടെത്താന്‍ ശ്രമിക്കുന്ന റയലിന് ബെന്‍സെമയുടെ വിടവാങ്ങല്‍ വലിയ തിരിച്ചടിയാവും. കഴിഞ്ഞ ഒമ്പതു വര്‍ഷമായി റയല്‍ ആദ്യ ഇലവനില്‍ സ്ഥിരം സാന്നിദ്ധ്യമായ മുപ്പതുകാരന് 2021വരെ റയലുമായി കരാര്‍ നിലനില്‍ക്കെ താരകൈമാറ്റത്തില്‍ അന്തിമ തീരുമാനം റയല്‍ പ്രസിഡണ്ട്
ഫ്‌ലോറന്റിനോ പെരസിന്റെതാകും. അതേസമയം ഉചിതമായ കൈമാറ്റ തുക ലഭിച്ചാല്‍ താരത്തെ വിട്ടു നല്‍കാന്‍ പെരസ് തയ്യാറാണെന്നാണ് വിവരം.

 

റയല്‍ മുന്‍പരിശീലകന്‍ സിനദിന്‍ സിദാന്റെ ഇഷ്ടതാരമായ ബെന്‍സീമ, കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനെതിരെ ആദ്യ ഗോള്‍ നേടി ടീമിന്റെ ഹാട്രിക് ചാമ്പ്യന്‍സ് ലീഗ് ചരിത്ര നേട്ടത്തില്‍ പങ്കാളിയായി. നാലു ചാമ്പ്യന്‍സ ലീഗ്, മൂന്ന് ഫിഫ ക്ലബ് ലോകകപ്പ്, ലാ ലീഗ, കോപ്പ ഡെല്‍റേ തുടങ്ങി നിരവധി കിരീടങ്ങള്‍ റയലിനൊപ്പം നേടിയിട്ടുണ്ട്. 276 മത്സരങ്ങളില്‍ റയല്‍ ജേഴ്‌സി അണിഞ്ഞ താരം 127 ഗോളുകളാണ് അടിച്ചു കൂട്ടിയത്. കഴിഞ്ഞ സീസണ്‍ അവസാനത്തോടെ സിദാന്‍ റയലിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞതോടെ ക്ലബില്‍ അവസരങ്ങള്‍ കുറയുമെന്ന ഭയമാണ് താരത്തെ ക്ലബ് വിടാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് അഭ്യൂഹം.

chandrika: