ടൂറിന്‍: ഒരു വര്‍ഷം മുമ്പ് യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ കലാശപ്പോരാട്ടത്തില്‍ മുഖാമുഖം വന്നവര്‍-ഇന്നിതാ അവര്‍ വീണ്ടും അങ്കം കുറിക്കുന്നു. ഫൈനലല്ല-ക്വാര്‍ട്ടര്‍ ഫൈനല്‍. യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ പാദത്തില്‍ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡും രണ്ടാം സ്ഥാനക്കാരായ യുവന്തസും ഏറ്റുമുട്ടുന്നത് യുവന്തസിന്റെ വേദിയായ ടൂറിനില്‍. ഫൈനല്‍ തോല്‍വിക്ക് പകരം വിട്ടുമെന്നാണ് യുവന്തസിന്റെ നായകനും ലോകോത്തര ഗോള്‍ക്കീപ്പറുമായ ജിയാന്‍ ലുക്കാ ബഫണ്‍ പറയുന്നത്. പക്ഷേ ഈ വെല്ലുവിളിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാതെ റയല്‍ മാഡ്രിഡിന്റെ നായകന്‍ സെര്‍ജിയോ റാമോസ് വ്യക്തമാക്കിയത് മൈതാനത്ത് കാണാമെന്നാണ്. ഇന്ത്യന്‍ സമയം രാത്രി 12-30 നാണ് കളി.
സിരിയ എയില്‍ വന്‍ കുതിപ്പ്് നടത്തുന്നവരാണ് യുവന്തസ്. മുന്‍നിരയില്‍ ഗോണ്‍സാലോ ഹ്വിഗിന്‍, പൗലോ ഡിബാല തുടങ്ങിയ ഗോള്‍വേട്ടക്കാര്‍. പിന്‍നിരയില്‍ ജോര്‍ജ്ജിയോ ചെലിനി, ആന്ദ്രെ ബര്‍സാഗി, ഡാനിയല്‍ റുഗാനി തുടങ്ങിയ അനുഭവസമ്പന്നര്‍. മധ്യനിരയില്‍ ക്ലൗഡിയോ മര്‍ച്ചിസിയോ, ഡഗ്ലസ് കോസ്റ്റ, സാമി ഖെദിര, ബ്ലെയിസെ മറ്റൗഡി, ക്ലൗഡോ അസമാവോ തുടങ്ങിയവര്‍. അനുഭവസമ്പന്നരുടെ ഈ നിരക്കെതിരെ റയല്‍ അണിനിരത്തുന്നതാവട്ടെ ലോകോത്തരക്കാരെ.ഗോള്‍വേട്ടക്കാരന്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ ആരോഗ്യവാനാണ് എന്നത് തന്നെയാണ് റയലിന്റെ പ്രതീക്ഷയും. യുവന്തസിന്റെ ആശങ്കയും. കഴിഞ്ഞ ദിവസം സ്പാനിഷ് ലാലീഗയില്‍ ലാസ് പാമസിനെതിരായ മല്‍സരത്തില്‍ കൃസ്റ്റിയാനോ കളിച്ചിരുന്നില്ല. കോച്ച്് സൈനുദ്ദീന്‍ സിദാന്‍ യുവന്തസിനെതിരായ പോരാട്ടത്തില്‍ കളിപ്പിക്കാന്‍ അദ്ദേഹത്തെ സംരക്ഷിച്ച് നിര്‍ത്തിയപ്പോള്‍ ജെറാത്ത് ബെയില്‍, കരീം ബെന്‍സേമ, സെര്‍ജിയോ റാമോസ്, ലുക്കാ മോദ്രിച്ച്, അസുന്‍സിയോ എന്നിവരെല്ലാം ഫോമിലാണ്.
അര്‍ജന്റീനക്കെതിരായ ലോകകപ്പ് സന്നാഹ മല്‍സരത്തില്‍ സ്‌പെയിനിന് വേണ്ടി ഹാട്രിക് സ്വന്തമാക്കിയ ഇസ്‌ക്കോ ഇന്നിറങ്ങുന്നുണ്ട്. ദേശീയ ടീമില്‍ തനിക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം ക്ലബ് സംഘത്തില്‍ ലഭിക്കുന്നില്ല എന്ന പരാതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സിദാന്‍ അദ്ദേഹത്തിന് എവിടെ അവസരം നല്‍കുമെന്ന ചോദ്യം നിലനില്‍ക്കുന്നു. ജയമാണ് പ്രധാനമെന്ന് സിദാന്‍ പറഞ്ഞു. ലാലീഗയില്‍ ടീം മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തവണ കിരീട സാധ്യത ചാമ്പ്യന്‍സ് ലീഗില്‍ മാത്രമാണ്. അതിനാല്‍ തോല്‍വി റയലിനും സിദാനും തിരിച്ചടിയാവും.