മാഡ്രിഡ്: സൈനുദ്ദീന്‍ സിദാന്‍ എന്ന റയല്‍ മാഡ്രിഡ് കോച്ച് കഴിഞ്ഞ സീസണില്‍ തന്നെ നോട്ടമിട്ട താരമാണ് ഈഡന്‍ ഹസാര്‍ഡ്. യൂറോപ്യന്‍ ഫുട്‌ബോളില്‍ ഇടക്കാല ട്രാന്‍സ്ഫര്‍ വിന്‍ഡോ ഓപ്പണ്‍ ചെയ്യാനിരിക്കെ സിദാന് താന്‍ നോട്ടമിട്ട താരത്തെ ലഭിക്കാന്‍ വ്യക്തമായ സാധ്യത. ചെല്‍സിയുടെ താരമായ ഹസാര്‍ഡ് ഇംഗ്ലീഷ് ക്ലബുമായി പുതിയ കരാര്‍ ഒപ്പിടുന്നത് വൈകിപ്പിക്കുകയാണ്. ചെല്‍സിക്കാര്‍ വന്‍ തുക വാഗ്ദാനം ചെയ്തിട്ടും ഹസാര്‍ഡ് തല്‍ക്കാലം കരാര്‍ പുതുക്കേണ്ട എന്ന നിലപാടില്‍ വന്നിരിക്കുന്നത് സിദാന്റെ വിളി ലഭിച്ചതിനാലാണ്. സ്പാനിഷ് ലാലീഗയിലും യുവേഫ ചാമ്പ്യന്‍സ് ലീഗിലും തപ്പിതടയുകയാണ് റയല്‍.
സൂപ്പര്‍ താരങ്ങള്‍ മാത്രമുണ്ടായിട്ടും പ്രതീക്ഷിച്ച തരത്തിലേക്ക് ടീം ഉയര്‍ന്നിട്ടില്ല. ലാലീഗയിലും ചാമ്പ്യന്‍സ് ലീഗിലും പോയ സീസണില്‍ സിദാന് കപ്പ് ലഭിച്ചെങ്കിലും അദ്ദേഹത്തിന്റേതായ താരങ്ങള്‍ ഇപ്പോഴും ടീമില്‍ കുറവാണ്. സെര്‍ജിയോ റാമോസ്, കൃസ്റ്റിയാനോ റൊണാള്‍ഡോ, കരീം ബെന്‍സേമ തുടങ്ങിയവരെല്ലാം പഴയ പരിശീലകരുടെ റിക്രൂട്ട്‌മെന്റാണ്. സിദാന് സ്വന്തം താരങ്ങളെയാണ് ആവശ്യം. അതിന്റെ ഭാഗമായി തന്നെയാണ് അദ്ദേഹം ഹസാര്‍ഡ്, മാപ്പെ തുടങ്ങിയവര്‍ക്കെല്ലാമായി വല വീശിയത്. പക്ഷേ റയല്‍ മാനേജമെന്റ് ഇതിനോട് യോജിപ്പ് പ്രകടിപ്പിച്ചിരുന്നില്ല.