ഷിക്കാഗോ: അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ഓള്‍സ്റ്റാര്‍ ഇലവനെ പെനാല്‍റ്റിയില്‍ 4-2ന് കീഴടക്കി റയല്‍ മാഡ്രിഡ് യു.എസ് പര്യടനം അവസാനിപ്പിച്ചു. വലിയ പ്രതീക്ഷകളോടെ സീസണു മുന്നോടിയായി അമേരിക്കയില്‍ പരിശീലന മത്സരത്തിനെത്തിയ റയലിന് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവത്തില്‍ കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാനായില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകളോട് തോല്‍വി വഴങ്ങിയതിനു പിന്നാലെ ഗ്ലോബല്‍ എല്‍ ക്ലാസിക്കോ മത്സരത്തില്‍ ചിര വൈരികളായ ബാഴ്‌സയോട് തോറ്റത് സിദാന്റെ സംഘത്തിന് കല്ലുകടിയുമായി. എം.എല്‍.എസ് ഓള്‍സ്റ്റാര്‍ ഇലവനുമായുള്ള മത്സരത്തില്‍ മുഴുവന്‍ സമയത്ത് ഇരു ടീമുകളും 1-1ന് സമനില പാലിച്ചതോടെയാണ് ഷൂട്ടൗട്ടിലൂടെ വിജയികളെ തീരുമാനിച്ചത്. ഓള്‍സ്റ്റാര്‍സിനു വേണ്ടി ആദ്യ രണ്ട് കിക്കുകളെടുത്ത ഡോം ഡ്വയേഴ്‌സിനും ജിയോവാനി ഡോസ് സാന്റോസിനും ലക്ഷ്യം നേടാനായില്ല. ഡ്വയേഴ്‌സിന്റെ കിക്ക് റയലിന്റെ ഗോള്‍വലയം കാത്ത സിനഡിന്‍ സിദാന്റെ മകന്‍ ലൂക സിദാന്‍ തടഞ്ഞിട്ടപ്പോള്‍ സാന്റോസിന്റെ കിക്ക് ക്രോസ് ബാറില്‍ തട്ടി മടങ്ങി. ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷം 59-ാം മനിറ്റില്‍ 20 കാരന്‍ ബോര്‍യ മയൊറലിലൂടെ റയലാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ അര മണിക്കൂറിനു ശേഷം മയോറല്‍ ഓള്‍സ്റ്റാര്‍സിനു സമനില ഗോള്‍ സമ്മാനിച്ചു.
- 7 years ago
chandrika