X

നെയ്മര്‍ക്കൊപ്പം എംബാപ്പേയും റയലിലേക്കോ

ലോകകപ്പ് കഴിയാന്‍ പോവുന്നു. ഇനി ക്ലബ് സീസണുകളുടെ തുടക്കവുമാണ്. ഒരു മാസത്തെ സമയത്തിനകം എല്ലാ ലീഗുകളും സജീവമാവും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ട് യുവന്തസിലേക്ക് ചേക്കേറിയതാണ് ഇപ്പോഴത്തെ വലിയ വാര്‍ത്ത. ലോകകപ്പില്‍ മിന്നിയ താരങ്ങളെയാവട്ടെ പല വന്‍കിടക്കാരും നോട്ടമിട്ടിരിക്കുന്നു. സൂപ്പര്‍ താരങ്ങളുടെ കാര്യത്തില്‍ വലിയ മാറ്റ പ്രതീക്ഷകളുണ്ട്. ക്രിസ്റ്റ്യാനോ മാറിയെങ്കിലും അദ്ദേഹം ക്ലബിന്റെ സമ്മതത്തോടെ തന്നെയാണ് മാറിയിരിക്കുന്നത്. സൈനദിന്‍ സിദാന്‍ റയല്‍ വിട്ടതോടെ റൊണാള്‍ഡോയുടെ താല്‍പ്പര്യവും കുറഞ്ഞിരുന്നു. ലയണല്‍ മെസി ബാര്‍സയില്‍ തന്നെ തുടരുമ്പോള്‍ നെയ്മര്‍ പി.എസ്.ജി വിട്ട് റയലിലെത്തുമെന്നാണ് വ്യക്തമായ സൂചനകള്‍.

നെയ്മറിനെ കണ്ട് തന്നെയാണ് റൊണാള്‍ഡോയെ റയല്‍ കൈവിട്ടിരിക്കുന്നത്. റയലിന്റെ പുതിയ പരിശീലകന്‍ ലോപെതെഗിക്ക് നെയ്മറിലാണ് നോട്ടം. പി.എസ്.ജി വിടാനുള്ള താല്‍പ്പര്യം നേരത്തെ തന്നെ നെയ്മര്‍ അറിയിച്ചതാണ്. പക്ഷേ ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ ലോകം കാത്തിരിക്കുന്ന ട്രാന്‍സ്ഫര്‍ കൈലിയന്‍ എംബാപ്പേയുടേതാണ്. പി.എസ്.ജിയില്‍ നിന്നും നെയ്മര്‍ക്കൊപ്പം എംബാപ്പേ റയലിലെത്തുമെന്നാണ് ലോകകപ്പ് വേദികളിലെ ചര്‍ച്ച. പക്ഷേ ലോകകപ്പിന്റെ ഫൈനല്‍ കഴിയാതെ ക്ലബ് കാര്യങ്ങള്‍ സംസാരിക്കാന്‍ എംബാപ്പേയില്ല. ഞായറാഴ്ച്ച കപ്പടിക്കുക എന്നതാണ് വലിയ പ്ലാനെന്ന് അദ്ദേഹം പറയുന്നു. അന്റോയിന്‍ ഗ്രിസ്മാന്‍ അത്‌ലറ്റികോ മാഡ്രിഡ് വിടുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. ലോകകപ്പിലെ മികച്ച താരമാവാന്‍ പോവുന്ന ലുക്കാ മോദ്രിച്ച് പക്ഷേ റയലില്‍ തന്നെ തുടരും. റാക്കിറ്റിച്ച് ബാര്‍സയിലും. സെമിയില്‍ ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ സമനില ഗോള്‍ നേടിയ ക്രോട്ടുകാരന്‍ ഇവാന്‍ പെറിസിച്ചിനെ ഇന്റര്‍ മിലാനില്‍ നിന്നും റാഞ്ചാന്‍ ബാര്‍സ ശ്രമിക്കുന്നുണ്ട്.

chandrika: