X

റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍താരം മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക്.

ലണ്ടന്‍ : റയല്‍മാഡ്രിഡിന്റെ സൂപ്പര്‍താരം ഇസ്‌കോ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് എന്ന പ്രമുഖ സ്പാനിഷ് മാധ്യമങ്ങള്‍. അറ്റാകിങ് മിഡ്ഫീല്‍ഡറായ ഇസ്‌കോക്ക് റയല്‍ നിരയില്‍ വേണ്ടത്ര അവസരം ലഭിക്കാത്തതാണ് അടുത്ത സീസണില്‍ താരത്തെ കൂടുമാറ്റത്തിന് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനക്കെതിരെ ഹാട്രിക് നേടിയ ഇസ്‌കോ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരത്തില്‍ ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് അര്‍ജന്റീനയെ സ്‌പെയ്‌നിനെ തുരത്തുകയായിരുന്നു. ദേശീയ കുപ്പായത്തില്‍ ഇസ്‌കോയുടെ ആദ്യ ഹാട്രിക്കായിരുന്നു ഇത്.

 

സ്പാനിഷ് ലീഗില്‍ കിരീടം ബാര്‍സലോണക്ക് ഏറെക്കുറെ അടിയറവുവെച്ച റയല്‍മാഡ്രിഡ് അടുത്ത സീസണില്‍ ടീം ഉടച്ചുവാര്‍ക്കാനുള്ള ശ്രമത്തിലാണ്. സീസണ്‍ അവസാനത്തോടെ പല പ്രമുഖ താരങ്ങളേയും റയല്‍ വില്‍ക്കുമെന്ന അഭ്യൂഹം ശക്തമാണ്. ഇതിനിടെ കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തില്‍ റയലില്‍ കളിക്കുമ്പോള്‍ തനിക്ക് ഒരു കളിക്കാരനു വേണ്ട ആത്മവിശ്വാസം ഇല്ലെന്നും പരിശീലകന്‍ സിദ്ദാന് തന്റെ മേല്‍ വിശ്വാസമില്ലെന്നും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ഇസ്‌കോ ചുവടുമാറ്റത്തിന് ഒരുങ്ങുന്നയെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.

 

ചെല്‍സിയില്‍ നിന്നും പ്രീമിയര്‍ ലീഗ് കിരീടം തിരിച്ചുപിടിച്ച മാഞ്ചസ്റ്റര്‍ സിറ്റി മികച്ച ഫോമിലാണ്. പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളക്ക് കീഴില്‍ മികച്ച അറ്റാകിങ് ഫുട്‌ബോള്‍ കളിക്കുന്ന സിറ്റി സ്പാനിഷ് താരം ഡേവിഡ് സില്‍വക്ക് പകരക്കാരനായാണ് ഇസ്‌കോയെ പരിഗണിക്കുന്നത്. കഴിഞ്ഞ സീസണില്‍ ജര്‍മന്‍ ക്ലബ് ബെറൂസിയ ഡോട്ടമുണ്ടില്‍ നിന്നുമെത്തിയ ഗുഡോഗണ്‍ ഫോമിലേക്ക് ഉയരാത്തതും മധ്യനിരയിലേക്ക് പുതിയൊരു താരത്തെ വാങ്ങാന്‍ ഗ്വാര്‍ഡിയോളയെ നിര്‍ബന്ധിതനാക്കുന്നുണ്ട്. ഇസ്‌കോയുമായി ഗ്വാര്‍ഡിയോള ഫോണില്‍ സംസാരിച്ചെന്നും അടുത്ത സീസണില്‍ തന്റെ ടീമിലെ പ്രധാന കളിക്കാരനായിട്ടാണ് കാണുന്നതെന്നും ഇസ്‌കോയെ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സീസണില്‍ 40 മത്സരങ്ങളില്‍ റയലിനായി കളിച്ച ഇസ്‌കോ ലാലീഗയില്‍ വെറും പതിനൊട്ട് മത്സരങ്ങളില്‍ മാത്രമാണ് ആദ്യ പതിനൊന്നില്‍ സിദ്ദാന്‍ അവസരം നല്‍കിയത്.

chandrika: