X
    Categories: MoreViews

മെഗാ റയല്‍; തോല്‍വിയറിയാതെ 40 മല്‍സരങ്ങള്‍

മാഡ്രിഡ്: കിങ്‌സ് കപ്പില്‍ സെവില്ലയുമായി 3-3ന് സമനില പാലിച്ചതോടെ റയല്‍ മാഡ്രിഡ് തോല്‍വിയറിയാതെ തുടര്‍ച്ചയായി 40 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി സ്പാനിഷ് റെക്കോര്‍ഡിന് ഉടമകളായി. സെവില്ലയുമായുള്ള മത്സരത്തില്‍ രണ്ട് ഗോളിന് പിന്നിട്ടു നിന്ന ശേഷമായിരുന്നു റയലിന്റെ സമനില. 77-ാം മിനിറ്റ് വരെ 3-1ന് പിന്നില്‍ നിന്ന ശേഷമായിരുന്നു സെര്‍ജിയോ റാമോസ്, കരീം ബെന്‍സീമ എന്നിവര്‍ നേടിയ ഗോളുകളിലൂടെ റയല്‍ തോല്‍വി ഒഴിവാക്കിയത്. സമനില നേടിയതോടെ ഇരു പാദങ്ങളിലുമായി 6-3ന്റെ വിജയത്തോടെ റയല്‍ ക്വാര്‍ട്ടറില്‍ ഇടം നേടുകയും ചെയ്തു. മത്സരത്തിന്റെ പത്താം മിനിറ്റില്‍ പാബ്ലോ സരാബിയയിലൂടെ സെവില്ല മുന്നിലെത്തി. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ടു നിന്ന റയല്‍ 48-ാം മിനിറ്റില്‍ മാര്‍കോ അസന്‍സിയയിലൂടെ സമനില പിടിച്ചു. എന്നാല്‍ അഞ്ചു മിനിറ്റി്‌ന് ശേഷം ജോവറ്റിച്ചിലൂടെ സെവില്ല വീണ്ടും മുന്നിലെത്തി. 77-ാം മിനിറ്റില്‍ ഇബോറയിലൂടെ സെവില്ല ലീഡ് രണ്ടായി ഉയര്‍ത്തി. തുടര്‍ച്ചയായി 39 മത്സരങ്ങള്‍ക്കു ശേഷം പരാജയമറിയാതെ മുന്നേറിയ റയല്‍ ആദ്യമായി പരാജയം രുചിക്കുമെന്ന് ഉറപ്പായ ഘട്ടത്തിലായിരുന്നു റയലിന് അനുകൂലമായി 83-ാം മിനിറ്റില്‍ പെനാല്‍റ്റി ലഭിക്കുന്നത്. കാസമിറോയെ പെനാല്‍റ്റി ബോക്‌സില്‍ മാത്യാസ് ക്രാനവിറ്റര്‍ തള്ളിയിട്ടതിനെ തുടര്‍ന്നാണ് റഫറി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത സെര്‍ജിയോ റാമോസിന് പിഴച്ചില്ല. മത്സരം 90 മിനിറ്റ് പിന്നിട്ടതോടെ റയലിന്റെ തോല്‍വി സെവില്ല ഉറപ്പിച്ചതായിരുന്നു. എന്നാല്‍ ഇഞ്ചുറി ടൈമിന്റെ അവസാന സെക്കന്റുകളില്‍ കരീം ബെന്‍സീമ റയലിന്റെ സമനില ഗോളും ഒപ്പം ബാഴ്‌സലോണയെ പിന്തള്ളി 40 മത്സരങ്ങളില്‍ തോല്‍വി അറിയാത്ത മുന്നേറ്റമെന്ന പുതിയ റെക്കോര്‍ഡും നേടിക്കൊടുത്തു. ലാ ലീഗയില്‍ നാലു പോയിന്റ് വ്യത്യാസത്തില്‍ റയലിനു പിന്നില്‍ രണ്ടാം സ്ഥാനത്തു തുടരുന്ന സെവില്ല ഞായറാഴ്ച ലാ ലീഗയില്‍ റയലുമായി വീണ്ടും ഏറ്റുമുട്ടുന്നുണ്ട്. കൂടുതല്‍ ബുദ്ധിമുട്ടേറിയ മത്സരമായിരിക്കും ഞായറാഴ്ച നടക്കാനിരിക്കുന്നതെന്ന് റയല്‍ കോച്ച് സിദാന്‍ മത്സര ശേഷം പറഞ്ഞു.

chandrika: