X

ലാലീഗ : കലിപ്പ് തീര്‍ത്ത് റയല്‍ മാഡ്രിഡ്

മാഡ്രിഡ്: കഴിഞ്ഞവാരം ലാലീഗയില്‍ സെവിയ്യയോട് തോറ്റത്തിന്റെ കലിപ്പ് റയല്‍ മാഡ്രിഡ് സെല്‍റ്റ ഡി വിഗോയോട് തീര്‍ത്തു. എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് സെല്‍റ്റയെ തുരത്തിയാണ് തോല്‍വിയുടെ കറ റയല്‍ കഴുകി കളഞ്ഞത്. സ്വന്തം മൈതാനമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നായകന്‍ സെര്‍ജിയോ റാമോസ് എന്നിവരെ പുറത്തിരുത്തിയാണ് പരിശീലകന്‍ സിദാന്‍ ടീമിനെ ഇറക്കിയത്. എന്നാല്‍ പരിശീലകന്റെ വിശ്വാസത്തെ നൂറുശതമാനം ശെരിവെക്കും തരത്തിലുള്ള പ്രകടനമാണ് ഗാരെത് ബെയ്‌ലും ഇസ്‌കോയും ടോണി ക്രൂസും അടങ്ങുന്ന നിര പുറത്തെടുത്തത്.

കളി തുടങ്ങി 13-ാം മിനിറ്റില്‍ തന്നെ ലൂക്കാ മോഡ്രിച്ചിന്റെ അസിസ്റ്റില്‍ ഗാരത് ബെയ്ല്‍ റയലിനെ മുന്നിലെത്തിച്ചു. മുപ്പതാം മിനിറ്റില്‍ വീണ്ടും എതിര്‍ വല കുലുക്കി ബെയ്ല്‍ ടീമിന്റേയും തന്റേയും ഗോള്‍നേട്ടം ഇരട്ടിയാക്കി. ഇസ്‌കോയായിരുന്നു ഇത്തവണ ബെയ്‌ലിന് ഗോളിന് വഴിയൊരുക്കിയത്. രണ്ട് മിനിറ്റുകള്‍ക്ക് ശേഷം ഇസ്‌കോ റയലിന്റെ ലീഡ് മൂന്നാക്കി ഉയര്‍ത്തി.

 

രണ്ടാം പകുതിയില്‍ മൂന്നു ഗോളിന്റെ ലീഡുമായിറങ്ങിയ റയലിനായി 52-ാം മിനിറ്റില്‍ മൊറോക്കന്‍ പ്രതിരോധ താരം അഷ്‌റഫ് ഹക്കിമി നാലാം ഗോള്‍ നേടി. 81-ാം മിനിറ്റില്‍ ടോണി ക്രൂസിലൂടെ റയല്‍ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. 74-ാം മിനിറ്റില്‍ സെല്‍ഫ് ഗോളും വഴങ്ങിയതോടെ സെല്‍റ്റയുടെ തോല്‍വി ദയനീയമാകുകയായിരുന്നു. സെര്‍ജി ഗോമസാണ് സ്വന്തം വലയിലേക്ക് പന്തെത്തിച്ചത്.

 

മത്സരത്തില്‍ ഇരു പകുതിയിലും റയലിന്റെ ആധിപത്യമായിരുന്നു കാണാനായത്. റയല്‍ മാഡ്രിഡ് പന്ത് പത്ത് തവണ എതിര്‍ വലലക്ഷ്യമാക്കി ഷോട്ട് തൊടുത്തപ്പോള്‍ ഒരു തവണമാത്രമാണ് റയല്‍ ഗോളി കീലര്‍ നവാസിനു നേരെ സെല്‍റ്റ ഷോട്ട് പായിച്ചത്. ഇരട്ടഗോള്‍ നേടിയ ഗാരെത് ബെയ്‌ലാണ് കളിയിലെ താരം

chandrika: