X

റയല്‍ പരിക്കിന്റെ പിടിയില്‍; ഗരത് ബെയ്ല്‍ വെയില്‍സിനു വേണ്ടി കളിക്കില്ല

മാഡ്രിഡ്: ഡിഫന്റര്‍ ഡാനി കാര്‍വഹാളിന്റെയും ആക്രമണ താരം ഗരത് ബെയ്‌ലിന്റെയും പരിക്കുകള്‍ സ്പാനിഷ് ലീഗ് ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് ആശങ്കയാകുന്നു. കഴിഞ്ഞ ശനിയാഴ്ച എസ്പാന്യോളിനെതിരായ മത്സരത്തില്‍ പുറത്തിരുന്ന കാര്‍വഹാളിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ കുഴപ്പങ്ങമുണ്ടെന്ന് കണ്ടെത്തിയതോടെ 25-കാരന് ദീര്‍ഘ നാള്‍ കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുമെന്നാണ് സൂചന. കാല്‍വണ്ണയില്‍ പരിക്കുള്ള ഗരത് ബെയ്‌ലിനെ നിര്‍ണായക ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കളിപ്പിക്കേണ്ടെന്ന് വെയില്‍സ് തീരുമാനിച്ചതും റയല്‍ മാനേജ്‌മെന്റിനും ആരാധകര്‍ക്കും ആധി പകരുന്നതാണ്.
ഈ സീസണില്‍ റയല്‍ മാഡ്രിഡിന്റെ 11 മത്സരങ്ങളിലും മുഴുസമയം കളിച്ച കാര്‍വഹാള്‍ സൈനദിന്‍ സിദാന്റെ ഗെയിം പ്ലാനിലെ നിര്‍ണായക ഘടകമാണ്. എസ്പാന്യോളിനെതിരായ മത്സരത്തിനു മുമ്പ് നടത്തിയ പരിശോധനയിലാണ് കാര്‍വഹാളിന്റെ ഹൃദയത്തില്‍ കുഴപ്പം കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ലോകകപ്പ് യോഗ്യതാ റൗണ്ട് കളിക്കുന്ന സ്പാനിഷ് ടീമിലും താരത്തിന് ഇടംനേടാന്‍ കഴിഞ്ഞില്ല.
ഫുട്‌ബോള്‍ കളിക്കാരില്‍ അധികം കാണപ്പെടാത്ത അവസ്ഥയാണ് കാര്‍വഹാളിനുള്ളതെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് എന്ത് ചികിത്സ വേണമെന്നും പരിശീലനം തുടങ്ങാന്‍ എത്രകാലമെടുക്കുമെന്നും വിശദ പരിശോധനക്കു ശേഷം മാത്രമേ പറയാന്‍ കഴിയൂ. അതേസമയം, രണ്ടാഴ്ച വിശ്രമം മാത്രമേ കാര്‍വഹാളിന് വേണ്ടിവരികയുള്ളൂ എന്നാണ് താരവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്. കാര്‍വഹാള്‍ തിരിച്ചെത്തുന്നതു വരെ ഫുള്‍ബാക്ക് പൊസിഷനില്‍ ആരെ കളിപ്പിക്കും എന്നതായിരിക്കും സിദാനെ സംബന്ധിച്ചിടത്തോളം വലിയ തലവേദന. ബ്രസീല്‍ താരം ഡാനിലോയെ മാഞ്ചസ്റ്റര്‍ സിറ്റിക്കു വിറ്റതിനാല്‍ മൊറോക്കോയുടെ 18-കാരന്‍ അഷ്‌റഫ് ഹക്കീമി മാത്രമാണ് ആ പൊസിഷനില്‍ ലഭ്യമായ കളിക്കാരന്‍. എസ്പാന്യോളിനെതിരെ ഹക്കീമി അരങ്ങേറ്റം കുറിച്ചിരുന്നു.
ശനിയാഴ്ച മത്സരത്തിനിടെ പിന്മാറേണ്ടി വന്ന ബെയ്‌ലിന്റെ പരിക്ക് സാരമുള്ളതല്ലെന്ന് സിദാന്‍ പറഞ്ഞിരുന്നെങ്കിലും താരത്തെ കളിപ്പിക്കേണ്ടതില്ലെന്ന് വെയില്‍സ് തീരുമാനിച്ചതാണ് ആശങ്ക സൃഷ്ടിക്കുന്നത്. ക്ലബ്ബുമായി കൂടിയാലോചിച്ച ശേഷം വെയില്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ 28-കാരനെ സ്‌കാനിങിന് വിധേയമാക്കിയപ്പോള്‍ പരിക്ക് എളുപ്പം ഭേദമാകുന്നതല്ലെന്ന് കണ്ടെത്തി. ജോര്‍ജിയ, അയര്‍ലാന്റ് റിപ്പബ്ലിക്ക് ടീമുകള്‍ക്കെതിരായ മത്സരത്തിന് ടോം ബ്രാഡ്‌ഷോയെ ബെയ്‌ലിന് പകരം ടീമിലെടുത്തിട്ടുണ്ട്.
ഈ മാസം എവേ മത്സരത്തില്‍ ഗെറ്റാഫെയെയും ചാമ്പ്യന്‍സ് ലീഗില്‍ ടോട്ടനം ഹോട്‌സ്പറിനെയും നേരിടുന്ന റയല്‍ മാഡ്രിഡിന് ബെയ്‌ലിന്റെയും കാര്‍വഹാളിന്റെയും അസാന്നിധ്യം തിരിച്ചടിയാവും. നിലവില്‍ മാര്‍സലോ, തിയോ ഹെര്‍ണാണ്ടസ്, കരീം ബെന്‍സേമ, മാറ്റിയു കൊവാക്കിച്ച് എന്നിവര്‍ പരിക്കു കാരണം പുറത്താണ്.

chandrika: