മാഡ്രിഡ്: ഫുട്‌ബോള്‍ ലോകത്തെ അതികായന്‍മാരാണ് റയല്‍ മഡ്രിഡും ബാഴ്‌സലോണയും. ആരാധകരുടെ കാര്യത്തിലും ഇരു ടീമുകളും പിന്നിലല്ല. ചിരവൈരികളില്‍ ജയിക്കുന്ന ടീമിന്റെ ആരാധകര്‍ അത്യാഹ്ലാദത്തോടെയും, തോല്‍ക്കുന്ന ടീമിന്റെ ആരാധകര്‍ അതീവ ദുഃഖത്തോടെയും പ്രതികരിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ സാധാരണയില്‍ കവിഞ്ഞുള്ള ഒരു നിരാശാ പ്രകടനത്തില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം.
ശനിയാഴ്ച നടന്ന എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സയോടുള്ള റയലിന്റെ തോല്‍വിയില്‍ മനം നൊന്ത് ഒരു ആരാധകന്‍ സ്വന്തം വീട് ബോംബിട്ട് തകര്‍ത്ത,് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. റൊമാനിയന്‍ നഗരമായ അറാദിലാണ് സംഭവം. എഴുപതുകാരനായ ആരാധകന്‍ മത്സരശേഷം ശക്തിയേറിയ ഒരു തോട്ട തന്റെ വീട്ടിനകത്തെ ഓവനില്‍ കൊണ്ടിട്ട് പൊട്ടിക്കുകയായിരുന്നു. അയല്‍വാസികളുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് ഇയാളുടെ ജീവന്‍ രക്ഷിക്കാനായത്. എന്നാല്‍ സ്‌ഫോടനത്തിന്റെ ശക്തിയില്‍ വീട് മുഴുവന്‍ കത്തിനശിച്ചു.
റയലിന്റെ കനത്ത തോല്‍വിയില്‍ മനം നൊന്താണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ഇയാള്‍ പിന്നീട് പോലീസിനോട് പറഞ്ഞു. ശനിയാഴ്ച നടന്ന എല്‍ ക്ലാസിക്കോ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ബാഴ്‌സയോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് തോറ്റത്. പരാജയത്തോടെ റയലിന്റെ ലാ ലിഗ പ്രതീക്ഷകള്‍ ഏതാണ്ട് അസ്തമിച്ചു. നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സയുമായി 14 പോയിന്റ് വ്യത്യാസമുണ്ട് റയലിന്.