മാഡ്രിഡ് : കോപ്പാ ഡെല്‍ റേ ക്വാര്‍ട്ടറില്‍ സ്വന്തം തട്ടകത്തില്‍ റയലിന് അപ്രതീക്ഷിത തോല്‍വി. ലെഗനിസാണ് റയല്‍ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് മുട്ടുകുത്തിച്ചത്. ലാ ലീഗ് കിരീടം ഏറെകുറെ ബാര്‍സക്ക് അടിയറവ് വെച്ച റയലിന് മറ്റൊരു ആഘാതമായി ഈ തോല്‍വി. ചരിത്രത്താലാദ്യമായാണ് ലെഗാനിസ് അവസാന നാലില്‍ ഇടം നേടുന്നത്. അതേസമയം ടൂര്‍ണ്ണമെന്റില്‍ ആദ്യ പാദം വിജയിച്ചതിനു ശേഷം റയല്‍ മാഡ്രിഡ് തോറ്റു പുറത്താവുന്നതും ആദ്യമായിട്ടാണ്.
ആദ്യപാദത്തില്‍ മാര്‍ക്കോ അസെന്‍സിയോയുടെ ഗോളിന് ജയിച്ച റയല്‍ മാഡ്രിഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗാരെത് ബെയ്ല്‍, ലൂക്കാ മോഡ്രിച്ച്, കാസിമിറോ എന്നീ പ്രമുഖ താരങ്ങളെ പുറത്ത് ഇരുത്തിയാണ് ടീമിനെ ഇറക്കിയത്. ആദ്യ പാദത്തിലെ തോല്‍വി വകവെക്കാതെ പോരിനിറങ്ങിയ ലെഗനിസ് 31-ാം മിനുട്ടില്‍ മാഡ്രിഡ് പരിശീലകന്‍ സിനദ്ദിന്‍ സിദ്ദാന്‍ ഞെട്ടിച്ചുക്കൊണ്ട് റയല്‍ വല കുലുക്കി. ഹെവിയര്‍ എറാസോയായിരുന്നു ഗോള്‍ നേടിയത്. എന്നാല്‍ 47-ാം മിനുട്ടില്‍ കരീം ബെന്‍സീമ റയലിനെ ഒപ്പമെത്തിച്ചു. എട്ടു മിനുട്ടുനുള്ളില്‍ വീണ്ടും റയല്‍ വലകുലുക്കി ഗബ്രിയേല്‍ പിറസിലൂടെ ലെഗാനിസ് ചരിത്ര വിജയം നേടുകയായിരുന്നു. എവേ ഗോള്‍ ആനുകൂല്യത്തിലാണ് ലെഗനിസ് സെമി പ്രവേശം സ്വന്തമാക്കിയത്.