X

സ്പാനിഷ് സൂപ്പര്‍ കപ്പിനായി റയല്‍ മാഡ്രിഡും ബാര്‍സിലോണയും മുഖാമുഖം

റിയാദ്: എല്‍ ക്ലാസിക്കോ മല്‍സരങ്ങള്‍ നടക്കാറുള്ളത് സ്പെയിനിലാണ്. മാഡ്രിഡിലും ബാര്‍സയിലും. പക്ഷേ ഇന്ന് റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിലൊരു എല്‍ ക്ലാസിക്കോയുണ്ട്. സ്പാനിഷ് സൂപ്പര്‍ കപ്പ് സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡും ബാര്‍സിലോണയും മുഖാമുഖം. പെനാല്‍ട്ടി ഷൂട്ടൗട്ടുകള്‍ വിധി നിര്‍ണയിച്ച സെമി ഫൈനലുകളില്‍ കരീം ബെന്‍സേമയുടെ റയല്‍ വലന്‍സിയയെയും റോബര്‍ട്ടോ ലെവന്‍ഡോവിസ്‌ക്കിയുടെ ബാര്‍സിലോണ റയല്‍ ബെറ്റിസിനെയുമാണ് പരാജയപ്പെടുത്തിയത്. ബെന്‍സേമ തന്നെയാണ് റയലിന്റെ തുരുപ്പ് ചീട്ട്. വിനീഷ്യസ് ജൂനിയര്‍ എന്ന ബ്രസീലുകാരനും മധ്യനിരയില്‍ ലുകാ മോദ്രിച്ച് എന്ന ക്രോട്ടുകാരനുമാവുമ്പോള്‍ റയല്‍ ശക്തര്‍. ബാര്‍സിലോണയുടെ നിരയില്‍ ലെവന്‍ഡോവിസ്‌ക്കിയെ കൂടാതെ മെംഫിസ് ഡിപ്പേ, അന്‍സു ഫാത്തി തുടങ്ങിയവരാണ് പ്രമുഖര്‍.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12-30 നാണ് മല്‍സരം. സോണി ടെന്‍ രണ്ടില്‍ മല്‍സരം തല്‍സമയമുണ്ട്. സ്പെയിനില്‍ രണ്ട് പേരും കട്ടക്കാണ്. ലാലീഗയില്‍ പതിനാറ് മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 41 പോയിന്റുമായി സാവിയുടെ ബാര്‍സയാണ് ഒന്നാമത്. 38 പോയന്റില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ രണ്ടാമതാണ്. അവസാനം കളിച്ച എട്ട് മല്‍സരങ്ങളില്‍ തോല്‍വി രുചിച്ചിട്ടില്ല ബാര്‍സ. അത് തന്നെയാണ് ടീമിന്റെ കരുത്ത്. പക്ഷേ ലോകകപ്പിന് ശേഷം കളിച്ച നാല് മല്‍സരങ്ങളിലൊന്നില്‍ കാര്‍ലോസ് അന്‍സലോട്ടിയുടെ റയല്‍ തോറ്റിരുന്നു.

webdesk11: