X

ചാമ്പ്യന്‍സ് ലീഗ്: റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് തകര്‍പ്പന്‍ ജയം. സ്വന്തം ഗ്രൗണ്ടില്‍, പോളണ്ടില്‍ നിന്നുള്ള ലെഗിയ വര്‍സ്‌സാവയെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിക്കുകയായിരുന്നു. ഗരത് ബെയ്ല്‍, തോമസ് ജോദ്‌ലോവിച്ച് (ഓണ്‍ ഗോള്‍), മാര്‍ക്കോ അസെന്‍സിയോ, ലൂകാസ് വാസ്‌ക്വെസ്, അല്‍വാരോ മൊറാട്ട എന്നിവര്‍ റയലിനു വേണ്ടി ലക്ഷ്യം കണ്ടപ്പോള്‍ സന്ദര്‍ശകരുടെ ഏക ഗോള്‍ പെനാല്‍ട്ടിയിലൂടെ മിറോസ്ലാവ് റഡോവിച്ച് നേടി.

16-ാം മിനുട്ടില്‍ ബോക്‌സിന്റെ വലതുഭാഗത്തു നിന്നുള്ള തകര്‍പ്പന്‍ ഗ്രൗണ്ടറിലൂടെയാണ് ഗരത് ബെയ്ല്‍ റയലിന്റെ അക്കൗണ്ട് തുറന്നത്. 20-ാം മിനുട്ടില്‍ കരീം ബെന്‍സേമയുടെ പാസില്‍ നിന്ന് മാര്‍സലോ തൊടുത്ത ഷോട്ട് ലെഗിയ ഡിഫന്റര്‍ ജോദ്‌ലോവിച്ചിന്റെ കാലില്‍തട്ടി വലയിലെത്തി. 21-ാം മിനുട്ടില്‍ റാഫേല്‍ വരാന്റെ ഫൗളില്‍ നിന്നു ലഭിച്ച പെനാല്‍ട്ടി റഡോവിച്ച് ലക്ഷ്യത്തിലെത്തിച്ചതോടെ സന്ദര്‍ശകര്‍ ഒരു ഗോള്‍ മടക്കി. 37-ാം മിനുട്ടില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ നല്‍കിയ മികച്ച പാസില്‍ നിന്നാണ് അസെന്‍സിയോ ചാമ്പ്യന്‍സ് ലീഗ് അരങ്ങേറ്റത്തില്‍ തന്നെ ഗോള്‍ നേടിയത്. 68-ാം മിനുട്ടില്‍ മൊറാട്ടയുടെ ക്രോസില്‍ നിന്ന് വാസ്‌ക്വെസ് ടീമിന്റെ നാലാം ഗോള്‍ നേടിയപ്പോള്‍ 84-ാം മിനുട്ടില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പാസ് സ്വീകരിച്ച് മൊറാട്ട പട്ടിക പൂര്‍ത്തിയാക്കി.

റയല്‍ ഉള്‍പ്പെടുന്ന എഫ് ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ബൊറുഷ്യ ഡോട്മുണ്ട് സ്‌പോര്‍ട്ടിങ് ക്ലബ്ബിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളിന് വീഴ്ത്തി. ഗ്രൂപ്പില്‍ ഡോട്മുണ്ട് ഒന്നും റയല്‍ രണ്ടും സ്ഥാനങ്ങളിലാണ്.

മറ്റു മത്സരങ്ങളില്‍ സി.എസ്.കെ.എ മോസ്‌കോയും മൊണാക്കോയും 1-1 സമനിലയില്‍ പിരിഞ്ഞപ്പോള്‍ ബയേര്‍ ലെവര്‍കൂസന്‍ – ടോട്ടനം ഹോട്‌സ്പര്‍ മത്സരത്തില്‍ ഗോള്‍ പിറന്നില്ല. എഫ്.സി കോപനേഗനെ വീഴ്ത്തി തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ലെസ്റ്റര്‍ സിറ്റി പ്രീക്വാര്‍ട്ടര്‍ ബര്‍ത്തിന് തൊട്ടടുത്തെത്തി. ക്ലബ്ബ് ബ്രുഗ്ഗെയെ വീഴ്ത്തി പോര്‍ട്ടോയും ഡൈനാമോ സാഗ്രബിനെ തോല്‍പ്പിച്ച് സെവിയ്യയും കരുത്തുകാട്ടിയപ്പോള്‍ ഫ്രഞ്ച് ക്ലബ്ബ് ഒളിംപിക് ലിയോണിനെതിരെ യുവന്റസ് എവേ മത്സരത്തില്‍ ഒരു ഗോളിന്റെ ജയം കണ്ടു.

chandrika: