മാഡ്രിഡ്:യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായി മൂന്നാം തവണയും കിരീടം സ്വന്തമാക്കിയ റയല്‍ മാഡ്രിഡിന് സ്വന്തം തട്ടകത്ത് വീരോചിത സ്വീകരണം. ഉക്രൈനിലെ കീവില്‍ നിന്നും കിരീടവുമായി ഞായറാഴ്ച്ച വെകീട്ടോടെ മാഡ്രിഡിലെത്തിയ ടീമിനെ കാണാനും അഭിവാദ്യങ്ങള്‍ അറിയിക്കാനും ആബാലവൃദ്ധം ജനങ്ങളാണ് മാഡ്രിഡിലും പരിസരങ്ങളിലും ഒത്തുകൂടിയത്. തുറന്ന ബസ്സില്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസും മാര്‍സിലോയുമെല്ലാം കിരീടവുമായി അണിനിരന്നപ്പോള്‍ ഫൈനലില്‍ രണ്ട് ഗോളുകള്‍ സ്‌ക്കോര്‍ ചെയ്ത ജെറാത്ത്് ബെയില്‍ ആഘോഷങ്ങളില്‍ കാര്യമായി പങ്കെടുത്തില്ല. തുറന്ന ബസ്സില്‍ എല്ലാവരും കിരീടവുമായി ആഘോഷം നടത്തുമ്പോള്‍ ബഹളത്തിനൊന്നും നില്‍ക്കാതെ തുറന്ന ബസ്സിന്റെ പിറകിലായിരുന്നു ബെയില്‍. റയല്‍ സംഘത്തില്‍ തനിക്ക് തുടര്‍ച്ചയായി അവസരം ലഭിക്കുന്നില്ലെന്ന പരാതി നേരത്തെ ബെയിലിനുണ്ട്. ഫൈനലിന് ശേഷം സംസാരിച്ചപ്പോഴും ഇക്കാര്യം അദ്ദേഹം പരസ്യമായി പറഞഅഞിരുന്നു. പുതിയ സീസമ്ഡ മുന്‍നിര്‍ത്തി ക്ലബ് മാറുന്ന കാര്യത്തില്‍ തന്റെ ഏജന്റുമായി സംസാരിക്കുമെന്ന് ബെയില്‍ പറഞ്ഞിരുന്നു. ആദ്യം മാഡ്രിഡിലെ കത്തീഡ്രലിലായിരുന്നു എല്ലാവരും ഒത്തു ചേര്‍ന്നത്. അതിന് ശേഷം മേയറുടെ ഓഫിസിലെത്തി. ഇവിടെ നിന്നും നായകന്‍ റാമോസും ഹെഡ് കോച്ച് സൈനുദ്ദീന്‍ സിദാനും സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോയും ആരാധകരുമായി സംവദിച്ചു. റയല്‍ പ്രസിഡണ്ട് ഫ്‌ളോറന്റീനോ പെരസ് എല്ലാ ആരാധകര്‍ക്കും നന്ദി പറഞ്ഞു. ഹെഡ് കോച്ച് സിദാനെ പ്രത്യേകം അഭിനന്ദിച്ച അദ്ദേഹം ലിവര്‍പൂള്‍ താരങ്ങളെ ആശ്വസിപ്പിക്കാനും തയ്യാറായി.