X

ചാമ്പ്യന്‍സ് ലീഗ്: റയല്‍-പി.എസ്.ജി സൂപ്പര്‍ പോരാട്ടം മണിക്കൂറുകള്‍ക്കം : സാധ്യതകള്‍ ഇങ്ങനെ

മാഡ്രിഡ് : ചാമ്പ്യന്‍സ് ലീഗിലെ ഗ്ലാമര്‍ പോരാട്ടമായ റയല്‍ മാഡ്രിഡ് – പി.എസ്.ജി ആദ്യപാദ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി. റയല്‍ മാഡ്രിഡിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ ഇന്ത്യന്‍ സമയം രാത്രി 1.15നാണ് കിക്കോഫ്. നിലവിലെ ചാമ്പ്യന്‍മാരും പരമ്പരാഗത ശക്തികളുമായ റയല്‍ പുത്തന്‍ ശക്തികളായ പി.എസ്.ജിയെ നേരിടുമ്പോള്‍ ആവേശകരമായ മത്സരമാവും അരങ്ങേറുക.

സീസണില്‍ ആഭ്യന്തര ലീഗില്‍ മുടന്തുന്ന റയല്‍ മാഡ്രിഡിന് ഇനി നേടാന്‍ സാധ്യത കല്‍പ്പിക്കുന്ന ഏക കീരിടം ചാമ്പ്യന്‍സ് ലീഗ് മാത്രമാണ്. കഴിഞ്ഞ വാരം ലീഗില്‍ ഹാട്രിക് നേടി ഫോമില്‍ തിരിച്ചെത്തിയ ലോകഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ തന്നെയാവും റയല്‍ കൂടുതലായും ആശ്രയിക്കുക. ലാലീഗില്‍ ഗോള്‍ നേടാന്‍ വിഷമിക്കുമ്പോഴും ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തില്‍ റയലിനായി ഒമ്പതു ഗോളാണ് പോര്‍ച്ചുഗീസ് താരം അടിച്ചു കൂട്ടിയത്. ക്രിസ്റ്റ്യാനോക്കൊപ്പം റയലിന്റെ ആക്രമണത്തിന് വെയ്ല്‍സ് താരം ഗാരെത് ബെയ്‌ലിനേയും ഫ്രഞ്ച് താരം കരീം ബെന്‍സീമയേയുമായിരിക്കും പരിശീലകന്‍ സിനദിന്‍ സിദ്ദാന്‍ അണിനിരത്തുക. മധ്യനിരയില്‍ ലൂക്കാ മോഡ്രിച്ചും കാസമിറേയും ടോണി ക്രൂസും എത്തുന്നതോടെ റയല്‍ കൂടുതല്‍ അപകടകാരിയായിമാറും. നായകന്‍ സെര്‍ജിയോ റാമോസിന്റെ അണിനിരക്കുന്ന പ്രതിരോധ നിരയില്‍ റാഫേല്‍ വരാനെയും മാഴ്‌സെലോയും നാച്ചോ ഫെര്‍ണാണ്ടസുമാവും ഒപ്പമുണ്ടാകുക. സസ്‌പെന്‍ഷന്‍ മൂലം ഡാനി കാര്‍വഹാള്‍ കളിക്കാത്തത് റയലിന് തിരിച്ചടിയാവും. വെറ്ററന്‍ ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസായിരിക്കും വലകാക്കുക.

ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ തന്നെയാവും പി.എസ്.ജി നിരയിലെ ശ്രദ്ധാകേന്ദ്രം. റയലിലേക്ക് നെയ്മര്‍ കൂടുമാറുമെന്ന വാര്‍ത്ത അഭ്യൂഹങ്ങള്‍ക്കിടെയാണ് നെയ്മര്‍ സാന്റിയാഗോയില്‍ എത്തുന്നതെന്ന പ്രതേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ബാര്‍സയുടെ കുപ്പായത്തില്‍ റയലിനെതിരെ നേടിയ വിജയങ്ങള്‍ പി.എസ്.ജിക്കൊപ്പം താരത്തിന് നേടാനാവുമോ എന്നാകും ഫൂട്‌ബോള്‍ ലോകം കാത്തിരിക്കുന്നത്. അതേസമയം റയല്‍ ആരാധകര്‍ നെയ്മറിനെ ഇന്ന് എങ്ങനെ സ്വീകരിക്കുമെന്നതും കണ്ടറിയേണ്ടതാണ്. നെയ്മര്‍-എംബാപെ-കവാനി ത്രയം നിലവിലെ ഫോമില്‍ റയലിന്റെ മുന്നേറ്റ നിരയെക്കാള്‍ ഫോമിലാണ്. മാര്‍കോ വെറാറ്റി-ആന്‍ഡ്രിയന്‍ റാബിയോട്ട്-ലാസ്സന്ന ഡിയാറ എന്നിവര്‍ മധ്യനിരയില്‍ കരുത്തു പകരുമ്പോള്‍ ഡാനി ആല്‍വേസ്-മാര്‍ക്വിനോസ്-തിയാഗോ ഡി സില്‍വ തുടങ്ങി ബ്രസീലിയന്‍ താരങ്ങള്‍ക്കൊപ്പം പ്രതിരോധ കോട്ടയില്‍ ലെയ്‌വിന്‍ കുര്‍സാവയും ചേരും. ഗ്രൂപ്പ് പോരാട്ടത്തില്‍ ആറു കളികളില്‍ നിന്നായി നാല് ക്ലീന്‍ ഷീറ്റുകള്‍ സ്വന്തമാക്കിയ അല്‍ഫോണ്‍സ് അരിയോള തന്നെയാവും പോസ്റ്റിനു കീഴില്‍.

കളിയിലെ കണക്കുകള്‍

ആറു തവണയാണ് ഇതുവരെ റയലും പി.എസ്.ജിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. ഇരുടീമും രണ്ടു വീതം മത്സരം വിജയിച്ചപ്പോള്‍ രണ്ടു കളികള്‍ സമനിലയില്‍ അവസാനിച്ചു.

ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് മത്സരങ്ങളില്‍ പരിശീലകന്‍ സിദ്ദാനു കീഴില്‍ റയല്‍ കളിച്ച 14 കളിയില്‍ പത്തെണ്ണത്തിലും റയല്‍ ജയിച്ചു. കൂടാതെ നോക്കൗട്ട് റൗണ്ടില്‍ സ്വന്തം തട്ടകത്തില്‍ സിദ്ദാനു കീഴില്‍ റയല്‍ ഇതുവരെ പരാജയം പിണഞ്ഞിട്ടില്ല.

തുടര്‍ച്ചയായ 21-ാം തവണയാണ് റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് പന്തു തട്ടുന്നത്. ടൂര്‍ണമെന്റ് ചരിത്രത്തിലെ റെക്കോര്‍ഡാണിത്

കഴിഞ്ഞ ഏഴു ചാമ്പ്യന്‍സ് ലീഗ് സീസണില്‍ റയല്‍ അവസാന നാലില്‍ ഇടം നേടിയിട്ടുണ്ട്.

അതേസമയം പി.എസ്.ജിക്ക് അവസാന അഞ്ച് വര്‍ഷമായി ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ കഴിഞ്ഞ് മുന്നേറാന്‍ ആയിട്ടില്ല.

ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജിയുടെ ഏറ്റവും മികച്ച നേട്ടം 1994-95 സീസണില്‍ സെമിയില്‍ പ്രവേശിച്ചതാണ്. അന്ന് ഇറ്റാലിയന്‍ ടീം എ.സി മിലാനോട് തോറ്റു പുറത്താവുകയായിരുന്നു.

ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടില്‍ കഴിഞ്ഞ ആറു എവേ മത്സരത്തില്‍ നാലിലും തോല്‍വിയായിരുന്നു പി.എസ്.ജിയുടെ ഫലം

നടപ്പു സീസണിലെ ഗ്രൂപ്പ് പോരാട്ടത്തില്‍ 25 ഗോളുകളാണ് പി.എസ്.ജി എതിരാളികളുടെ പോസ്റ്റില്‍ അടിച്ചു കയറ്റിയത്. ഇതോടെ ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഗ്രൂപ്പ് തലത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ടീം പി.എസ്.ജിയായി

chandrika: