മാഡ്രിഡ്: കഷ്ടകാലം തീരുന്നില്ല റയല്‍ മാഡ്രിഡിന്. കിംഗ്‌സ് കപ്പില്‍ ഇന്നലെ തോല്‍വി മുഖത്ത് നിന്നും ഒരു വിധം ടീമിനെ രക്ഷപ്പെടുത്തിയത് മുന്‍നിരക്കാരന്‍ അസുന്‍സിയോ. മുന്‍നിരക്കാര്‍ക്കെല്ലാം വിശ്രമം നല്‍കി കോച്ച് സൈനുദ്ദീന്‍ സിദാന്‍ രണ്ടാം നിരക്കാര്‍ക്ക് മാത്രം അവസരം നല്‍കിയ പോരാട്ടത്തില്‍ റയല്‍ ദുര്‍ബലരായ ലഗാനസിനെ തോല്‍പ്പിച്ചത് ഒരു ഗോളിന്. ഗോള്‍ പിറന്നാതവട്ടെ 90-ാം മിനുട്ടിലും. കിംഗ്‌സ് കപ്പ് ക്വാര്‍ട്ടറിന്റെ ആദ്യ പാദമാണിത്. രണ്ടാം പാദം സ്വന്തം മൈതാനത്ത് നടക്കുന്നു എന്നത് മാത്രം റയലിന് ആശ്വാസം. കഴിഞ്ഞ ദിവസം കിംഗ്‌സ് കപ്പ് പോരാട്ടത്തില്‍ എസ്പാനിയോള്‍ ശക്തരായ ബാര്‍സിലോണയെ ഒരു ഗോളിന് മറിച്ചിട്ടിരുന്നു. അതേ ഗതികേടിലേക്ക് റയലും വരുകയായിരുന്നു. പലവട്ടം ലഗാനസ് മുന്‍നിരക്കാര്‍ ഗോളിന് അരികിലെത്തി. പക്ഷേ ഭാഗ്യത്തിനാണ് റയല്‍ രക്ഷപ്പെട്ടത്. ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ്,് കൃസ്റ്റിയാനോ റൊണള്‍ഡോ, ജെറാത്ത് ബെയില്‍, കരീം ബെന്‍സേമ, ലുക്കാ മോദ്രിച്ച്, ടോണി ക്രൂസ്, ഇസ്‌ക്കോ എന്നിവര്‍ക്കെല്ലാം സിദാന്‍ അവധി നല്‍കിയപ്പോള്‍ ഹെര്‍ണാണ്ടസ്, മത്താലോ കോവാസിച്ച്, ലുക്കാസ് വാസ്‌കസ്, ബോര്‍ജ മയോറാല്‍ എന്നിവരെല്ലാമാവട്ടെ കിട്ടിയ അവസരങ്ങളെ പ്രയോജനപ്പെടുത്തിയതുമില്ല.