X
    Categories: Views

റയല്‍ വിടാനുള്ള ക്രിസ്റ്റ്യാനോയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി; ഭീമന്‍ തുക നല്‍കാതെ താരത്തെ പോകാന്‍ അനുവദിക്കില്ലെന്ന് റയല്‍

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

മാഡ്രിഡ്: റയല്‍ മാഡ്രിഡ് വിടാനൊരുങ്ങുന്ന സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കു മുന്നില്‍ പ്രതിബന്ധത്തിന്റെ കെണിയുമായി ക്ലബ്ബ് മാനേജ്‌മെന്റ്. കരാര്‍ കാലാവധി തീരാതെ ക്ലബ്ബ് വിടാനുള്ള റൊണാള്‍ഡോയുടെ തീരുമാനം നടക്കണമെങ്കില്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇതുവരെ ആരും നല്‍കിയിട്ടില്ലാത്ത വന്‍തുക നല്‍കേണ്ടി വരുമെന്നാണ് റയല്‍ മാഡ്രിഡ് പ്രസിഡണ്ട് ഫ്‌ളോറന്റിനോ പെരസ് പറയുന്നത്. കരാര്‍ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് സ്വന്തം ഇഷ്ടപ്രകാരം ക്ലബ്ബ് മാറുകയാണെങ്കില്‍ 100 കോടി യൂറോ (7200 കോടി രൂപ) നല്‍കണമെന്ന ‘ബയ്ഔട്ട്’ വ്യവസ്ഥയാണ് പോര്‍ച്ചുഗീസ് താരത്തിന് തിരിച്ചടിയാവുന്നത്. ഈ തുക നല്‍കാതെ ഒരു ടീമിനും 32-കാരനെ നല്‍കില്ലെന്ന് പെരസ് വ്യക്തമാക്കി.

സ്പാനിഷ് നികുതി വകുപ്പ് അധികൃതര്‍ ചുമത്തിയ നികുതിവെട്ടിപ്പ് കേസിനെ തുടര്‍ന്ന് മനംമടുത്താണ് ക്രിസ്റ്റ്യാനോ സ്‌പെയിന്‍ തന്നെ വിടാന്‍ തീരുമാനിച്ചത്. 2011-നും 2014-നുമിടയില്‍ 14.7 ദശലക്ഷം യൂറോ വെട്ടിപ്പ് നടത്തി എന്നാണ് ആരോപണം. എന്നാല്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ആണയിട്ട താരം സ്‌പെയിനിലെ കരിയര്‍ തന്നെ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ബയേണ്‍ മ്യൂണിച്ച് തുടങ്ങിയ ടീമുകളാണ് ക്രിസ്റ്റിയാനോക്കു വേണ്ടി രംഗത്തുള്ളത്.

കരാര്‍ കാലയളവില്‍ തന്നെ കളിക്കാരന്‍ ക്ലബ്ബ് വിടാന്‍ ആഗ്രഹിച്ചാല്‍ ട്രാന്‍സ്ഫര്‍ കരാറിലുള്ള ബയ്ഔട്ട് വ്യവസ്ഥയില്‍ ക്ലബ്ബുകള്‍ ഇളവ് നല്‍കാറുണ്ട്. എന്നാല്‍ ക്രിസ്റ്റ്യാനോയുടെ കാര്യത്തില്‍ അതിന് തയാറല്ലെന്നാണ് ഫ്‌ളോറന്റിനോ പെരസ് വ്യക്തമാക്കിയത്. ‘ക്രിസ്റ്റ്യാനോയുമായി ഞാന്‍ ഇതുവരെ സംസാരിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ സംസാരിക്കും. അദ്ദേഹത്തിന് ഒരു ബില്യണ്‍ യൂറോയുടെ ബയ്ഔട്ട് വ്യവസ്ഥ ഉണ്ട്. ആരെങ്കിലും അത് അടക്കാന്‍ തയാറായാലല്ലാതെ ക്രിസ്റ്റിയാനോ റയല്‍ വിടില്ല.’ റഷ്യയില്‍ നടക്കുന്ന കോണ്‍ഫെഡറേഷന്‍ കപ്പിനു ശേഷമായിരിക്കും പെരസ് ക്രിസ്റ്റ്യാനോയുമായി സംസാരിക്കുക എന്നാണ് സൂചന.

താരത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വിചിത്രമാണെന്നും കളിക്കാരന്‍ എന്ന നിലയ്ക്കും മനുഷ്യന്‍ എന്ന നിലയ്ക്കും താന്‍ അദ്ദേഹത്തെ ന്യായീകരിക്കുമെന്നും പെരസ് പറഞ്ഞു. ഇംഗ്ലണ്ടില്‍ കളിക്കുന്ന കാലത്ത് പിന്തുടര്‍ന്നിരുന്ന നിയമാനുസൃത കോര്‍പറേറ്റ് സ്ട്രക്ചര്‍ തന്നെയാണ് അദ്ദേഹം സ്‌പെയിനിലും പാലിച്ചിരുന്നത് എന്നും മനഃപൂര്‍വം നികുതി വെട്ടിച്ചിട്ടില്ലെന്നും പെരസ് പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: