X

റിയല്‍ ചാമ്പ്യന്‍

കമാല്‍ വരദൂര്‍

ലണ്ടന്‍: ഒരിക്കല്‍ കൂടി മാത്രമേ ടെന്നിസ് ലോകത്തിന് ആ പ്രതിഭയെ റാക്കറ്റുമായി മൈതാനത്ത് കാണാനാവു. ഈ മാസാവസാനം ലണ്ടനില്‍ ആരംഭിക്കുന്ന ലാവര്‍ കപ്പ് ടെന്നിസില്‍ ടീം യൂറോപ്പിനായി പങ്കെടുത്ത് വിരമിക്കുമെന്ന് ഇതിഹാസ താരം റോജര്‍ ഫെഡ്‌റര്‍ വ്യക്തമാക്കിയതോടെ കായിക ലോകത്തിന്റെ കണ്ണും കാതും ഈ ചാമ്പ്യന്‍ഷിപ്പിലേക്കായി. 20 തവണ ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കിയിട്ടുള്ള സ്വിസ് ഇതിഹാസം 2021 ലെ വിംബിള്‍ഡണിന് ശേഷം വലിയ വേദിയിലുണ്ടായിരുന്നില്ല. ശരീരം പറയുന്നു വിശ്രമിക്കാന്‍-41 കാരനായ ഫെഡ്‌റര്‍ വിരമിക്കല്‍ തീരുമാനത്തിന് പിറകിലെ കാരണങ്ങള്‍ വ്യക്തമാക്കി. 24 വര്‍ഷം കളിച്ചു. 24 മണിക്കൂര്‍ പോലെ തോന്നുന്നു. 1,500 ലധികം മല്‍സരങ്ങള്‍. എല്ലാ മല്‍സരങ്ങളിലും വീറോടെയാണ് കളിച്ചത്. ഇപ്പോള്‍ ആ വീറ് പ്രകടിപ്പിക്കാന്‍ ശരീരത്തിനാവുന്നില്ല. അതിനാല്‍ മതിയാക്കുകയാണ്-സൂപ്പര്‍ താരം വ്യക്തമാക്കി.

കാല്‍മുട്ടിലെ വേദന കാരണം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി അദ്ദേഹം സജീവമായി മല്‍സര രംഗത്തില്ല. 2020 ന് ശേഷം മൂന്ന് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ മാത്രമാണ് അദ്ദേഹത്തിന് സ്വന്തമാക്കാനായത്. വിംബിള്‍ഡണില്‍ കഴിഞ്ഞ വര്‍ഷം ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റതിന് ശേഷം അദ്ദേഹം കളത്തിലുണ്ടായിരുന്നില്ല. 2020 ല്‍ അദ്ദേഹം രണ്ട് കാല്‍മുട്ടിലും ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഗ്രാന്‍ഡ്സ്ലാം ചരിത്രത്തില്‍ ഫെഡ്‌റര്‍ക്ക് മുന്നില്‍ കിരീട നേട്ടത്തില്‍ രണ്ട് പേര്‍ മാത്രമേയുള്ളു. 22 കിരീടങ്ങള്‍ സ്വന്തമാക്കിയ റഫേല്‍ നദാലും 21 കിരീടങ്ങള്‍ സ്വന്തമാക്കിയ നോവാക് ദ്യോക്യോവിച്ചും. 1998 ലായിരുന്നു അദ്ദേഹത്തിന്റെ പ്രൊഫഷണല്‍ അരങ്ങേറ്റം. അന്ന് പ്രായം 16 മാത്രം. 2003 ല്‍ വിംബിള്‍ഡണിലുടെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ ഫെഡ്‌റര്‍ എട്ട് തവണയാണ് ഇവിടെ കിരീടം സ്വന്തമാക്കിയത്. ഇത് സര്‍വകാല റെക്കോര്‍ഡാണ്. 2018 ലായിരുന്നു-36-ാം വയസില്‍ അദ്ദേഹത്തിന്റെ അവസാന ഗ്രാന്‍ഡ്സ്ലാം- ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേട്ടം. 2004 ല്‍ ആയിരുന്നു ആദ്യമായി അദ്ദേഹം ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് വന്നത്. പിന്നെ 310 ആഴ്ച്ചകളില്‍ അദ്ദേഹം ആ സ്ഥാനം നിലനിര്‍ത്തി. വിംബിള്‍ഡണെ അതിയായി സ്‌നേഹിച്ച ഫെഡ്‌റര്‍ ആറ് തവണയാണ് മെല്‍ബണില്‍ ഒന്നാമനായത് അഞ്ച് തവണ യു.എസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കി. ഒരു തവണ ഫ്രഞ്ച് ഓപ്പണും. കളം വിടുമെങ്കിലും ടെന്നിസ് ലോകത്ത് തന്നെ താനുണ്ടാവുമെന്ന് ഫെഡ്‌റര്‍ വ്യക്തമാക്കി. ഏത് റോളിലായിരിക്കും ആ സ്ഥാനമെന്ന് പക്ഷേ അദ്ദേഹം പറഞ്ഞില്ല. വിരമിക്കല്‍ പ്രഖ്യാപനം ഫെഡ്‌റര്‍ നടത്തിയതോടെ ടെന്നിസ് ലോകം സൂപ്പര്‍ താരത്തിന്റെ മികവിനെ വാഴ്ത്തുകയാണ്. സമകാലികരായ റഫേല്‍ നദാല്‍, നോവാക് ദ്യോക്യവിച്ച് തുടങ്ങി പലരും സാമുഹ്യ മാധ്യമങ്ങളില്‍ ഫെഡ്‌റര്‍ക്ക് അഭിവാദ്യം നേര്‍ന്നു. ഇത്രയും നല്ല ഒരു സുഹൃത്തിനെ കണ്ടിട്ടില്ല എന്നായിരുന്നു നദാല്‍ പറഞ്ഞത്. ദ്യോക്യോവിച്ച് ഫെഡ്‌ററുമായുള്ള സുന്ദര നിമിഷങ്ങള്‍ ഓര്‍ത്തെടുത്തു. ഈ മൂന്ന് പേരും തമ്മിലുള്ള പോര്‍മുഖങ്ങളായിരുന്നു ദീര്‍ഘകലാമായി ടെന്നിസ് ലോകം. ഗ്രാന്‍ഡ്സ്ലാമുകളില്‍ ഇവരായിരുന്നു ശ്രദ്ധാകേന്ദ്രം. പരുക്കില്‍ ഫെഡ്‌റര്‍ പിന്മാറിയപ്പോല്‍ ദ്യോക്യോവിച്ചിന് കോവിഡും വാക്‌സിനേഷന്‍ പ്രശ്‌നങ്ങളുമെല്ലാം പ്രശ്‌നമായി. നദാലാവട്ടെ സീസണിലെ ആദ്യ മൂന്ന് ഗ്രാന്‍ഡ്സ്ലാമുകളിലും കിരീടം നേടി. നദാലും പരുക്കിന്റെ പിടിയില്‍ തന്നെയാണ്. ഫ്രഞ്ച് ഓപ്പണില്‍ അദ്ദേഹം കിരീടം സ്വന്തമാക്കിയത് വേദന സഹിച്ചാണ്. യു.എസ് ഓപ്പണില്‍ നേരത്തെ പുറത്തായതും പരുക്കില്‍ തന്നെ. പക്ഷേ ലേവര്‍ കപ്പില്‍ ഫെഡ്‌റര്‍ കളിക്കുന്ന യൂറോപ്യന്‍ സംഘത്തില്‍ നദാലുണ്ട്. ദ്യോക്യോവിച്ചും വരുമ്പോള്‍ മൂന്ന് പ്രധാനികള്‍ സ്വന്തം വന്‍കരക്കായി ഒരുമിക്കും.

ഇന്നലെ വിംബിള്‍ഡണ്‍ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കണ്ട കുറിപ്പ് ഇപ്രകാരം: റോജര്‍, എവിടെ തുടങ്ങണമെന്നറിയില്ല. താങ്കളുടെ മഹായാത്രക്ക് സാക്ഷ്യം വഹിക്കുക എന്നത് വലിയ അഭിമാനമായിരുന്നു. ചാമ്പ്യന്‍ എന്ന പദത്തിന് എല്ലാ അര്‍ത്ഥത്തിലും അലങ്കാരമായിരുന്നു താങ്കള്‍. മൈതാനത്ത് താങ്കളുടെ ആ മഹാസാന്നിദ്ദ്യം ഞങ്ങള്‍ക്ക്് നഷ്ടമാവുകയാണ്. പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ക്ക് പറയാനുള്ളത് നന്ദി മാത്രമാണ്- താങ്കള്‍ ഞങ്ങള്‍ക്ക് സമ്മാനിച്ച ഓര്‍മകള്‍ക്കും സന്തോഷത്തിനും നന്ദി….

ലോകത്തെ ഏറ്റവും വലിയ ടെന്നിസ് വേദികളിലൊന്നില്‍ ദീര്‍ഘ വര്‍ഷം ഒന്നാമനായി വാണ സ്വിസ് ഇതിഹാസത്തിന് നല്‍കാനാവുന്ന ഏറ്റവും വലിയ ആദരമാണ് ഈ വരികള്‍. ലോകത്തെ ഏറ്റവും പഴക്കം ചെന്ന ടെന്നിസ് വേദിയില്‍ ഇത്രമാത്രം അഴകോടെ, അഭിമാനത്തോടെ കളിച്ച താരങ്ങള്‍ കുറവാണ്. 1877 മുതല്‍ ആരംഭിക്കുന്നതാണ് വിംബിള്‍ഡണ്‍ ചരിതം. വിംബിള്‍ഡണിലെ ഓള്‍ ഇംഗ്ലണ്ട്് മൈതാനത്ത് എത്രയോ താരങ്ങള്‍ വീരചരിതം കുറിച്ചിട്ടുമുണ്ട്. പക്ഷേ ജനപ്രിയന്‍ ആരെന്ന ചോദ്യത്തിനുള്ള ഉത്തരങ്ങളില്‍ പ്രധാനി ഫെഡ്‌റര്‍ അല്ലാതെ മാറ്റുമല്ല. 24 വര്‍ഷം കരുത്തനായി കളിക്കുകയെന്നതിലുണ്ട് ഫെഡ്‌ററുടെ മികവ്. അദ്ദഹം ഇന്നലെ പറഞ്ഞതാണ് സത്യം 24 വര്‍ഷം 24 മണിക്കൂര്‍ പോലെയാണ് തോന്നുന്നത്. മൈതാനത്ത് അദ്ദേഹത്തിന് ശത്രുക്കളില്ല. വിംബിള്‍ഡണിലും ഫ്‌ളെഷിംഗ് മെഡോയിലും (യു.എസ് ഓപ്പണ്‍) റോഡ് ലീവര്‍ അറീനയിലും (ഓസ്‌ട്രേലിന്‍ ഓപ്പണ്‍) എന്തിന് അദ്ദേഹത്തിന് അത്ര സുഖാനുഭവങ്ങള്‍ നല്‍കാത്ത റോളണ്ട് ഗാരോസില്‍ (ഫ്രഞ്ച് ഓപ്പണ്‍) പോലും ആദരവ് മാത്രമായിരുന്നു എല്ലാവരും നല്‍കിയത്. പീറ്റ് സംപ്രാസ് ലോക ടെന്നിസിനെ ഭരിച്ചിരുന്ന കാലത്ത് ക്ലാസിക് ടെന്നിസിന്റെ വക്താവായി പതിനാറാം വയസില്‍ പ്രൊഫഷണല്‍ അരങ്ങേറ്റം കുറിച്ച താരത്തിന്റെ മൈതാന ശരീര ഭാഷക്കാണ് ടെന്നിസ് ലോകം മാര്‍ക്കിട്ടത്. ഒരു വേളയിലും ക്ഷുഭിതനായിരുന്നില്ല ഫെഡ്‌റര്‍.

എല്ലാ പ്രതിയോഗികളെയും ബഹുമാനിച്ചായിരുന്നു 20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയത്. സമകാലികരായ റഫേല്‍ നദാലും നോവാക് ദ്യോക്യോവിച്ചും കരുത്തരായി കളിച്ചപ്പോഴും അവരുടെ ഉറ്റചങ്ങാതി മറ്റാരുമായിരുന്നില്ല. ഈ മൂന്ന് പേരുമായിരുന്നല്ലോ ഗ്രാന്‍ഡ്സ്ലാം വേദികളുടെ അലങ്കാരങ്ങള്‍. വലിയ കിരീടങ്ങള്‍ ഇവര്‍ മാറി മാറി സ്വന്തമാക്കി. പ്രായം തങ്ങളെ തളര്‍ത്തുന്നില്ലെന്ന് മൂന്ന് പേരും പറയാതെ പറഞ്ഞു. ഗ്രാന്‍ഡ്സ്ലാം ചാമ്പ്യന്‍ഷിപ്പുകള്‍ മാത്രമായിരുന്നില്ല റോജറിന് പ്രിയങ്കരം. ഒളിംപിക്‌സുകളിലും ഏ.ടി.പി ടൂര്‍ ചാമ്പ്യന്‍ഷിപ്പുകളിലും അദ്ദേഹം ആവേശത്തോടെ പങ്കെടുത്തു. 2012 ലെ ലണ്ടന്‍ ഒളിംപിക്‌സ് ടെന്നിസ് ഫൈനലില്‍ ആന്ദ്രെ മുറെ എന്ന ബ്രിട്ടിഷുകാരനെതിരായ അങ്കം ആരും മറക്കില്ല. രണ്ടാഴ്ച്ച മുമ്പാണ് 40 ല്‍ സറീന വില്ല്യംസ് റാക്കറ്റ് താഴെ വെച്ചത്. ഇപ്പോഴിതാ റോജറും വിടവാങ്ങുമ്പോള്‍ ടെന്നിസിനെ സ്‌നേഹിക്കുന്നവര്‍ക്കിത് ഇല പൊഴിയും കാലമാണ്. എങ്കിലും മൈതാനങ്ങളിലുടെ ഞങ്ങള്‍ക്ക് നല്‍കിയ ക്ലാസ് വിരുന്നിന് ഒരായിരം നന്ദി.

Test User: