സ്വര്‍ണം തന്നെ അമേരിക്കയില്‍ നിന്നും നീരജ് ചോപ്ര കൊണ്ടുവരുമെന്ന് എല്ലാവരും കരുതിയത് ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ താരം സ്വര്‍ണം സ്വന്തമാക്കിയത് കൊണ്ടായിരുന്നു. ഒളിംപിക് ചാമ്പ്യന്‍ മല്‍സരിക്കുമ്പോള്‍, അദ്ദേഹം സീസണില്‍ മൂന്ന് മികച്ച ത്രോകള്‍ നടത്തിയ സാഹചര്യത്തില്‍ പ്രതീക്ഷകള്‍ സ്വാഭാവികമായും വാനോളമുയരുമെന്നത് സത്യം. കാണികളുടെ ആ പ്രതീക്ഷകള്‍ സാധാരണ ഗതിയില്‍ നമ്മുടെ താരങ്ങളെ തളര്‍ത്താറാണ് പതിവ്. അവിടെയാണ് ഇന്നലെ നീരജ് സ്വന്തമാക്കിയ വെള്ളിയുടെ വലിയ വില.
സമ്മര്‍ദ്ദമല്ല നീരജ്-ക്രമാനുഗതമായ ആത്മവിശ്വാസ സ്‌ക്കെയിലാണ് . ആ കരിയര്‍ നോക്കുക. 2015 ല്‍ കേരളം ആതിഥേയത്വം വഹിച്ച ദേശീയ ഗെയിംസില്‍ അദ്ദേഹമുണ്ടായിരുന്നു-ഫിനിഷ് ചെയ്തത് അഞ്ചാമനായി. പിന്നെ ദേശീയ ക്യാമ്പിലെത്തി. 2016 ലെ സാഫ് ഗെയിംസില്‍ സ്വര്‍ണം. 2016 ലെ പോളണ്ട് ലോക അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണത്തിലുടെയാണ് ഇന്ത്യയും ലോകവും നീരജിനെ അറിയുന്നത്. 86.48 മീറ്ററായിരുന്നു ആ ദൂരം. ജൂനിയര്‍ തലത്തില്‍ നിന്ന് പതുക്കെ സീനിയര്‍ തലത്തിലേക്ക്. വലിയ വേദിയില്‍ വേഗത്തില്‍ പ്രത്യക്ഷപ്പെടാതെ വിദേശ പരിശീലനത്തിന് പ്രാമുഖ്യം നല്‍കി. റിയോ ഒളിംപിക്‌സ് യോഗ്യതക്ക് മുമ്പ് പരുക്കില്‍ പിന്മാറി. 2017 ല്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം. 2018 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം (86.47 മീറ്റര്‍). ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം. കോവിഡില്‍ ടോക്കിയോ ഒളിംപിക്‌സ് ദീര്‍ഘിച്ചെങ്കിലും നീരജ് ചരിത്രമെഴുതി- ആദ്യമായി അത്‌ലറ്റിക്‌സില്‍ ഒളിംപിക് സ്വര്‍ണം സ്വന്തമാക്കുന്ന ഇന്ത്യക്കാരന്‍.
ഇപ്പോഴിതാ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി. ഈ സ്ഥിരതയിലുടെ സഞ്ചരിക്കുമ്പോഴാണ് നീരജിന്റെ നേട്ടം ഇന്ത്യന്‍ കായിക ലോകത്തിനുണ്ടക്കുന്ന മാറ്റം പ്രസക്തമാവുന്നത്. മേല്‍പ്പറഞ്ഞ രാജ്യാന്തര മീറ്റുകളിലെല്ലാം മെഡല്‍ നിലനിര്‍ത്തിയ ഇന്ത്യന്‍ താരങ്ങള്‍ കുറവാണ് എന്നത് ചരിത്ര സത്യം. രണ്ട് ഒളിംപിക് മെഡലുകള്‍ സ്വന്തമാക്കിയ പി.വി സിന്ധുവിനെ മറക്കുന്നില്ല. 2008 ലെ ബെയ്ജിംഗ് ഒളിംപിക്‌സില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ സ്വര്‍ണം സ്വന്തമാക്കി ചരിത്രമെഴുതിയ അഭിനവ് ബിന്ദ്ര റിയോ ഒളിംപിക്‌സിലെത്തുമ്പോഴേക്കും വലിയ സമ്മര്‍ദ്ദത്തില്‍ പതറി. പ്രതീക്ഷകളുടെ സമ്മര്‍ദ്ദം നമ്മള്‍ തന്നെ നല്‍കുമ്പോള്‍ താരങ്ങള്‍ മാനസികമായി തകരുകയാണെങ്കില്‍ നീരജില്‍ അത് പ്രകടമല്ല. അവിടെയാണ് അദ്ദേഹത്തിന്റെ സ്ഥിരതയും കരുത്തും. ഇന്നലെ നേടിയ വെളളി ഇന്ത്യന്‍ സ്‌പോര്‍ട്‌സിന്റെ മാറ്റമാണ്. ഒരു നിരാശ പോലും പ്രകടിപ്പിക്കാതെ ആ മെഡല്‍ നീരജ് രാജ്യത്തിന് സമര്‍പ്പിച്ചു. ലോക വേദിയില്‍ നമ്മുടെ ദേശീയ പതാക ഉയര്‍ന്നു. ദേശീയ ഗാനത്തിന്റെ അയൊലികള്‍ കേട്ടു.
ഒരു ക്വാളിറ്റി ചാമ്പ്യന്‍ വേണ്ടതെല്ലാം നീരജിലുണ്ട്. അതില്‍ പ്രധാനം സ്ഥിരത തന്നെ. വെറുതെ അദ്ദേഹം സംസാരിക്കുന്നില്ല. വിവാദങ്ങളില്‍ തല വെക്കുന്നില്ല. ശ്രദ്ധ സ്വന്തം ആരോഗ്യത്തിലും മല്‍സരങ്ങളിലും പ്രതിയോഗികളെ പഠിക്കുന്നതിലുമാണ്. സഭാ കമ്പമെന്നത് നീരജിനില്ല. അദ്ദേഹത്തിന്റെ തന്ത്രം വ്യക്തം. ഏത് മല്‍സരങ്ങളാണെങ്കിലും ആദ്യ ത്രോകളില്‍ തന്നെ മികച്ച ദൂരം കണ്ടെത്തുക. എന്നിട്ട് പ്രതിയോഗികളില്‍ സമ്മര്‍ദ്ദം അടിച്ചേല്‍പ്പിക്കുക. അതില്‍ പാവോ നൂര്‍മി ഗെയിംസ് ഉള്‍പ്പടെ അദ്ദേഹം പങ്കെടുത്ത ഒട്ടുമിക്ക ചാമ്പ്യന്‍ഷിപ്പുകളിലും വിജയിക്കാനായി. ഇന്നലെ പക്ഷേ പ്രധാന പ്രതിയോഗി ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് ആദ്യ ത്രോയില്‍ തന്നെ 90 മറികടന്നു. പന്ത്രണ്ട് പേര്‍ പങ്കെടുത്ത ഫൈനലില്‍ ആദ്യ ത്രോ തന്നെ പായിച്ച നീരജിനാവട്ടെ ഫൗളില്‍ കുരുങ്ങുകയും ചെയ്തു. അത് അദ്ദേഹത്തെ ബാധിച്ചില്ല എന്നതിന് തെളിവായിരുന്നു നാലാമത്തെ ത്രോ. അപ്പോഴും ആന്‍ഡേഴ്‌സണ്‍ 90 പ്ലസ് തുടര്‍ന്നപ്പോള്‍ അവസാന രണ്ട് ത്രോകളിലും 90 ലെത്താനുള്ള ശ്രമത്തില്‍ ഫൗളായി. അവിടെയും ആ മുഖത്ത് നിരാശ കണ്ടില്ല. ഒടുവില്‍ വെളളിയായപ്പോഴും വളരെ ഹാപ്പി. ആ സന്തോഷമാണ് ഇനി നമ്മളും ആസ്വദിക്കേണ്ടതും പിന്തുടരേണ്ടതും. നീരജിന് 90 മീറ്റര്‍ മറികടക്കണം. അതാണ് അദ്ദേഹത്തിന്റെ പുതിയ ലക്ഷ്യം. നീരജും സംഘവും പോസിറ്റീവാണ്. ശാസ്ത്രിയമായി തന്നെ കാര്യങ്ങളെ കണ്ട് മുന്നേറുന്നു. ഈ സത്യം മനസിലാക്കുമ്പോഴാണ് ലോക വേദിയിലെ വെളളി നമ്മുടെ കരുത്താവുന്നത്. അതിന് നമ്മള്‍ നീരജിനോട് നന്ദി പറയണം. മുരളി ശ്രീശങ്കറും എല്‍ദോസ് പോളും അബ്ദുള്ള അബുബക്കറും അന്നു റാണിയും രോഹിത് യാദവുമെല്ലാം പുതിയ കായിക ഇന്ത്യയുടെ പ്രതിനിധികളാണ്. ഫൈനലിലെത്തുക എന്നത് നമ്മെ സംബന്ധിച്ച് മെഡലിനു തുല്യമാണ്.