X
    Categories: CultureViews

ലാലിഗ: റയല്‍ മാഡ്രിഡിന് സ്വന്തം ഗ്രൗണ്ടില്‍ തോല്‍വി

സ്പാനിഷ് ലാലിഗ ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് സീസണിലെ ആദ്യ തോല്‍വി. വിലക്ക് കഴിഞ്ഞ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ തിരിച്ചെത്തിയെങ്കിലും സ്വന്തം ഗ്രൗണ്ടായ സാന്റിയാഗോ ബര്‍ണേബുവില്‍ റയല്‍ ഏകപക്ഷീയമായ ഒരു ഗോളിന് റയല്‍ ബെറ്റിസിനോട് തോല്‍ക്കുകയായിരുന്നു. 94-ാം മിനുട്ടില്‍ പരാഗ്വേ താരം ആന്റോണിയോ സനാബ്രിയ ആണ് ഹെഡ്ഡറിലൂടെ നിര്‍ണായക ഗോള്‍ നേടിയത്. 2016 ഏപ്രിലിനു ശേഷം ഇതാദ്യമായാണ് റയല്‍ ഒരു മത്സരത്തില്‍ ഗോള്‍ നേടാതിരിക്കുന്നത്.

ബാര്‍സലോണക്കെതിരായ സ്പാനിഷ് സൂപ്പര്‍ കപ്പിനിടെ ചുവപ്പു കാര്‍ഡ് കാണിച്ച റഫറിയെ തള്ളിയതിനാണ് റൊണാള്‍ഡോയെ അഞ്ച് മത്സരങ്ങളില്‍ നിന്ന് വിലക്കിയത്. സൂപ്പര്‍ കപ്പ് രണ്ടാം പാദവും ലാലിഗയിലെ ആദ്യ നാല് മത്സരങ്ങളും പുറത്തിരുന്ന ക്രിസ്റ്റ്യാനോ ഇന്നലെ ആദ്യ ഇലവനില്‍ തിരിച്ചെത്തിയെങ്കിലും കളിയെ സ്വാധീനിക്കാന്‍ കഴിഞ്ഞില്ല. ഗോളിനായി നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും ദൗര്‍ഭാഗ്യവും ബെറ്റിസ് പ്രതിരോധത്തിന്റെ മികവും ക്രിസ്റ്റിയാനോയെ ഗോളില്‍ നിന്ന് അകറ്റി നിര്‍ത്തി. 58-ാം മിനുട്ടില്‍ എതിരാളിയെ ഫൗള്‍ ചെയ്തതിന് കാര്‍ഡ് ലഭിക്കാതെ ക്രിസ്റ്റ്യാനോ രക്ഷപ്പെടുകയും ചെയ്തു.

ഇരുഭാഗത്തും അവസരങ്ങള്‍ പിറന്നെങ്കിലും അന്തിമ വിസിലിനു തൊട്ടുമുമ്പാണ് സനാബ്രിയയുടെ ഗോള്‍ വന്നത്. അന്റോണിയോ ബറാഗാന്‍ ബോക്‌സിലേക്ക് നല്‍കിയ ഹൈബോളില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന സനാബ്രിയ ഹെഡ്ഡറുതിര്‍ത്ത് ഗോള്‍ നേടുകയായിരുന്നു.

73 മത്സരങ്ങളില്‍ തുടര്‍ച്ചയായി ഗോളടിച്ച റയല്‍ മാഡ്രിഡിന്റെ റെക്കോര്‍ഡിന് സ്വന്തം ഗ്രൗണ്ടില്‍ തന്നെ അറുതിയായപ്പോള്‍ ലാലിഗയില്‍ അവര്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റാണ് സൈനദിന്‍ സിദാന്റെ സംഘത്തിനുള്ളത്. 15 പോയിന്റുമായി ബാര്‍സലോണയാണ് ലീഗില്‍ ഒന്നാം സ്ഥാനത്തുള്ളത്. സെവിയ്യ (13), അത്‌ലറ്റികോ മാഡ്രിഡ് (11), വലന്‍സിയ (9) ടീമുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ചന്ദ്രിക വെബ് ഡെസ്‌ക്‌: