മാഡ്രിഡ്: ലോകഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഗോള്‍വേട്ട തുടര്‍ന്നപ്പോള്‍ സ്പാനിഷ് ലീഗില്‍ ജിറോണക്കെതിരെ റയല്‍മാഡ്രിഡിന് മിന്നും ജയം. ഒമ്പതു ഗോളുകള്‍ പിറന്ന മത്സരത്തില്‍ മൂന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് റയലിന്റെ വിജയം. മത്സരത്തില്‍ നാലു ഗോള്‍ നേടിയ ക്രിസ്റ്റിയാനോ ഹാട്രിക് നേട്ടത്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി.
കളിയുടെ 11 ാം മിനുട്ടില്‍ ഗോള്‍ വേട്ട തുടങ്ങിയ റൊണാള്‍ഡോ 47, 64, 90 മിനുട്ടുകളിലായാണ് ഗോളുകള്‍ അടിച്ചത്. ബെയിലും ലൂകാസ് വാസ്‌കസും റയലിനായി ഓരോ ഗോളുകള്‍ നേടി. ലൂകാസ് അടിച്ച ഗോളിന് വഴി ഒരുക്കിയതും റൊണാള്‍ഡോ ആയിരുന്നു.
സീസണ്‍ തുടക്കത്തില്‍ ഗോള്‍ നേടുന്നതില്‍ വിഷമിച്ച പോര്‍ച്ചുഗീസ് താരം ജനുവരിക്ക് ശേഷം സീസണിന്റെ രണ്ടാം ഘട്ടത്തില്‍ മികച്ച ഫോമിലാണ്. കഴിഞ്ഞ പതിനൊന്ന് മത്സരങ്ങളില്‍ നിന്നായി 21 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചുകൂട്ടിയത്.
ജിറോണക്കെതിരായ മത്സരത്തോടെ ലീഗ് ഗോള്‍ഡന്‍ ബൂട്ടില്‍ മെസ്സിയുമായുള്ള അന്തരം മൂന്നാക്കി ചുരുക്കാനും താരത്തിനായി. 28 മത്സരങ്ങളില്‍ നിന്ന് മെസ്സി 25 ഗോള്‍ നേടിയപ്പോള്‍ 23 മത്സരങ്ങളില്‍ നിന്ന് 22 ഗോളാണ് പോര്‍ച്ചുഗീസ് താരത്തിന്റെ നേട്ടം. അതേസമയം നടപ്പു സീസണില്‍ യൂറോപ്പിലെ ടോപ് സ്‌കോറര്‍ പോരാട്ടത്തില്‍ ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂളിന്റെ മുഹമ്മദ് സലാഹിനെ പിന്തള്ളി (36 ഗോള്‍) ഒന്നാം സ്ഥാനത്താണിപ്പോള്‍ ക്രിസ്റ്റിയാനോ (37 ഗോള്‍).