മാസപ്പടി വിവാദത്തില്‍ യഥാര്‍ത്ഥ പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മാത്യു കുഴല്‍നാടന്‍ വെളിപ്പെടുത്തിയെന്നും 100 കോടി വാങ്ങിയെന്ന ആരോപണം അതീവ ഗൗരവതരമാണെന്നും കൃത്യമായ അന്വേഷണം വേണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ലാവലിനു ശേഷമുള്ള ഏറ്റവും വലിയ അഴിമതിയാണിതെന്നും രണ്ട് അഴിമതി ആരോപണങ്ങളിലും ഉയര്‍ന്നു വന്നിരിക്കുന്നത് പിണറായി വിജയന്റെ പേരാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്ക് ഭരണത്തില്‍ തുടരാന്‍ ധാര്‍മികമായ അവകാശമില്ലെന്നും ആത്മാഭിമാനം ഉണ്ടെങ്കില്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നും അല്ലെങ്കില്‍ രാജിവച്ച് പുറത്തുപോവണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. അഴിമതിയാരോപണത്തില്‍ സിബിഐ അന്വേഷണം വേണമെന്നും അന്വേഷണത്തിന് ഉത്തരവിട്ടില്ലെങ്കില്‍ നിയമപരമായി മുന്നോട്ടുപോകുമെന്നും പറഞ്ഞു. എസ്എഫ്‌ഐഒ അന്വേഷണം എട്ട് മാസം നീട്ടിയത് ബിജെപി സിപിഎം ബന്ധം കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു.
തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ രണ്ട് നേതാക്കള്‍ ഇരട്ടകളെ പോലെ സംസാരിക്കുന്നുവെന്നും അതിലൊരാള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും മറ്റൊരാള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോണ്‍ഗ്രസിന് വോട്ട് ചെയ്താല്‍ ബിജെപിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്ന് പിണറായി പറയുന്നുവെന്നും എല്‍ഡിഎഫിനെ എതിര്‍ക്കാന്‍ ബിജെപി മാത്രമേ ഉണ്ടാകൂവെന്ന് സുരേന്ദ്രനും പറയുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസിനെ തകര്‍ക്കാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നതെന്നും 2021 നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ പ്രവര്‍ത്തിക്കുന്ന ഈ കൂട്ടുകെട്ട് 2024 തെരഞ്ഞെടുപ്പോടെ ശക്തമായെന്നും തൃശൂരിലാണ് ഇത് ശക്തമായി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ജീവിതത്തിലെ വേറിട്ട അനുഭവമാണ് സമരാഗ്‌നിയെന്നും കെ സുധാകരന്‍ പറഞ്ഞു. സമരാഗ്‌നിയില്‍ കെപിസിസി പൂര്‍ണ തൃപ്താരാണെന്നും വ്യക്തമാക്കി.