ന്യൂഡല്‍ഹി: പാര്‍ട്ടിയുടെ ഇടക്കാല പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ താല്‍പര്യം പ്രകടിപ്പിച്ച് സോണിയാ ഗാന്ധി. ഇത് സംബന്ധിച്ച് സോണിയാ ഗാന്ധി പാര്‍ട്ടി നേതാക്കള്‍ക്ക് കത്ത് നല്‍കി. ഒരു വര്‍ഷത്തേക്കാണ് സോണിയാ ഗാന്ധിയെ ഇടക്കാല പ്രസിഡന്റായി തെരഞ്ഞെടുത്തത്. കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് സോണിയ സ്ഥാനമൊഴിയാന്‍ താല്‍പര്യമറിയിച്ച് കത്ത് നല്‍കിയത്. നാളെ ചേരുന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സ്ഥാനമൊഴിയാന്‍ സോണിയ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും ഇങ്ങനെയൊരു കത്തെഴുതിയിട്ടില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞു.
അതിനിടെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ അടിമുടി മാറ്റം വേണമെന്നാവശ്യപ്പെട്ട് 23 കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ സോണിയാ ഗാന്ധിക്ക് കത്ത് നല്‍കിയിരുന്നു. കോണ്‍ഗ്രസിന് പുതിയ പ്രസിഡന്റ് വേണമെന്ന് പല മുതിര്‍ന്ന നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു. സ്ഥിരമായി ഇടക്കാല പ്രസിഡന്റ് തുടരുന്നത് ബിജെപിയെ ശക്തിപ്പെടുത്തുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞിരുന്നു.
.