X

മുന്നറിയിപ്പ് കേള്‍ക്കാന്‍ തയ്യാറുണ്ടോ-എഡിറ്റോറിയല്‍

അനസ്യൂതമായ പ്രകൃതി ദുരന്തങ്ങളുടെ കരാളഹസ്തത്തിലാണ് കേരളമിപ്പോള്‍. ദക്ഷിണേന്ത്യയിലും രാജ്യത്താകമാനവും ലോകത്തും കാലാവസ്ഥാവ്യതിയാനം വരുത്തിവെക്കുന്ന വലിയ ദുരന്തങ്ങള്‍ എത്തിത്തുടങ്ങുന്നതിന്റെ മുന്നോടിയാണ് കേരളത്തില്‍ അടുത്തിടെയുണ്ടായ വെള്ളപ്പൊക്കങ്ങളെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 2018 മുതല്‍ തുടര്‍ച്ചയായ നാലാമത് ദുരന്തത്തെയാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നാം അനുഭവിച്ചത്. ഝാര്‍ഖണ്ഡിലും ന്യൂയോര്‍ക്ക്, ചെന്നൈ, മുംബൈ പോലുള്ള മഹാനഗരങ്ങളിലും വലിയ ദുരന്തങ്ങള്‍ അരങ്ങേറി. കഴിഞ്ഞദിവസം കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും നാല്‍പതിലധികം ജീവനുകളെടുക്കുകയും 200 കോടിയിലധികം രൂപയുടെ കൃഷിനാശം വിതക്കുകയുംചെയ്തു. അധികാരത്തിലിരിക്കുന്നവരുടെ അനങ്ങാപ്പാറ നയമാണ് തുടരെത്തുടരെയുള്ള ഈ കെടുതികള്‍ക്ക് ഒരു കാരണമെന്ന് ആരുമിപ്പോള്‍ സമ്മതിച്ചുപോകും.

ദുരന്തങ്ങള്‍ക്കുമുമ്പ് മതിയായ മുന്‍കരുതലുകളെടുക്കാതെ അവ വന്നണഞ്ഞിട്ടുമാത്രം ഓടിയെത്തുന്ന വകുപ്പുകളും ഭരണകൂടവുമാണ് കേരളത്തിന്റെ ഇന്നത്തെ ശാപം. നെതര്‍ലാന്‍ഡ്‌സ് പോലുള്ള രാജ്യങ്ങള്‍ പ്രളയത്തിനെതിരെ ബദല്‍നടപടികളെടുക്കുകയും അവ വിജയിക്കുകയും ചെയ്യുമ്പോള്‍ കേരളം അതിനെ അക്ഷരംപ്രതി പകര്‍ത്തുമെന്ന് ഉറപ്പുലഭിച്ചിട്ടും നാലാം വര്‍ഷവും യാതൊന്നും നടക്കുന്നില്ലെന്നതാണ് അനുഭവം. നദികളിലും അണക്കെട്ടുകളിലും മണ്ണും മണലും അടിയുകയും നീര്‍വാര്‍ച്ച തടസ്സപ്പെടുകയും ചെയ്യുമ്പോള്‍ അവയെ സുഗമമായി ഒഴുക്കുകയും മലയോരത്തെയും നദീതീരങ്ങളിലെയും ജനതയെ സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. പശ്ചിമഘട്ടത്തില്‍ മാത്രമായി കേരളത്തിലെ ആറിലൊന്നുപേര്‍ വസിക്കുന്നു. അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പ്രാഥമികവും ഭരണഘടനാപരവുമായ ബാധ്യത കക്ഷി വ്യത്യാസമില്ലാതെ സര്‍ക്കാരുകള്‍ക്കുള്ളതാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ക്ഷന്തവ്യമല്ലാത്ത അപരാധമാണ് കാട്ടുന്നതെന്ന് കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രതിഭാസങ്ങള്‍ മനസ്സിലാക്കുമ്പോഴും പറയാതിരിക്കാനാവുന്നില്ല. ഉദാഹരണത്തിന് കേന്ദ്ര കാലാവസ്ഥാവകുപ്പും കേരളത്തിലെ റവന്യൂ-ദുരന്ത നിവാരണ വകുപ്പുകളും കോഴിക്കോട് മുതല്‍ വയനാട്, മലപ്പുറം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെല്ലാമായി നൂറുകണക്കിന് ഉരുള്‍പൊട്ടലുകളാണ് നാലു വര്‍ഷത്തിനകം നടന്നത്. ഇതിലായി ആയിരത്തിലധികം മനുഷ്യജീവനുകള്‍ പൊലിയുകയും ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുനഷ്ടം സംഭവിക്കുകയും ചെയ്തു. എന്നിട്ടും നമ്മുടെ പശ്ചിമഘട്ട മലനിരകളിലും കിഴക്കന്‍ മലകളിലും മനുഷ്യഇടപെടല്‍ നിര്‍ബാധം തുടരുന്നത് വലിയ ചോദ്യചിഹ്നമാണ് ഉയര്‍ത്തുന്നത്. പ്ലാന്റേഷന്‍ കൃഷിയിലൂടെയും കാടുവെട്ടിത്തെളിച്ച് ഭൂമി സ്വന്തമാക്കുന്നതിലൂടെയും നാം മണ്ണിനെയും പ്രകൃതിയെയും മെരുക്കിയെടുത്തുവെന്നാണ് മുന്‍കാലങ്ങളില്‍ മേനി നടിച്ചതെങ്കില്‍ മണ്ണിനെ ചെറുപോറലേല്‍പിക്കുന്നതുപോലും പിന്നീട് വലിയ ദുരന്തങ്ങളില്‍ കലാശിച്ചേക്കുമെന്ന ആധി പടരുകയാണിന്ന്. നാലു ദിവസങ്ങളിലായി ‘ചന്ദ്രിക’ പ്രസിദ്ധീകരിച്ച കാലാവസ്ഥാവ്യതിയാനത്തെയും മനുഷ്യ ഇടപെടലിനെയും കുറിച്ചുള്ള പരമ്പര ഇതിലേക്കാണ് നമ്മുടെ മന:സാക്ഷിയെ ക്ഷണിച്ചുകൊണ്ടുപോയത്. ഇതില്‍ ജനങ്ങള്‍ക്കുള്ള പരിമിതികള്‍ സമ്മതിക്കാമെങ്കിലും കാലാവസ്ഥാവകുപ്പുകള്‍ പോലെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇപ്പോഴും കൈമലര്‍ത്തുന്നതില്‍ വലിയ വൈരുധ്യം നിലനില്‍ക്കുന്നത്.

‘കാലാവസ്ഥാവകുപ്പിന് അവരുടെ സാങ്കേതിക പരിമിതികളുണ്ടെന്ന’ മുഖ്യമന്ത്രിയുടെ പ്രസ്താവന വിരല്‍ചൂണ്ടുന്നത് ദുരന്തങ്ങള്‍ കാത്തിരിക്കാന്‍ കരുതിയിരുന്നോളൂ എന്ന ഭരണകൂടത്തിന്റെ വ്യംഗ്യമായ മുന്നറിയിപ്പാണ്. നെതര്‍ലാന്‍ഡ്‌സ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് വിജയകരമായി നടപ്പാക്കിയ റൂം ഫോര്‍ ദ റിവര്‍ പദ്ധതി ഇനിയും നാം തുടങ്ങിയിട്ടുപോലുമില്ല. ഇതിനായി മുഖ്യമന്ത്രിയും പരിവാരവും ആ രാജ്യത്ത് പോയതും വന്‍തുക ചെലവഴിച്ചതും മാത്രമാണിന്നും മിച്ചം. റീബില്‍ഡ് കേരളയുടെ കാര്യത്തിലും വഞ്ചി തിരുന്നക്കര തന്നെ. പിരിച്ചെടുത്തതും സംഭാവനയായി ലഭിച്ചതുമായ കോടിക്കണക്കിന് രൂപയുടെ പത്തു ശതമാനം പോലും പ്രായോഗികതലത്തില്‍ കാണാനില്ല. ഇപ്പോഴും ദുരന്തത്തിന് ഒരു കാരണമായി പറയുന്ന പാറമടകള്‍ അനുവദിക്കുന്നതിലും വന്‍കിട പദ്ധതികളുടെയും പിന്നാലെയാണ് പിണറായി സര്‍ക്കാര്‍. കെ. റെയില്‍ അതില്‍ ഒന്നാമത്തേതാണ്. 64000 കോടി വരുന്ന പദ്ധതി കേരളത്തിന്റെ അതീവ പരിസ്ഥിതി ലോല പ്രദേശത്തെയാകെത്തന്നെ കൊന്നുകുഴിച്ചുമൂടുന്നതാണ് ഇതിനായി വന്‍തോതില്‍ മണ്ണും പാറയും വെട്ടിയെടുക്കുമ്പോള്‍ സംഭവിക്കുക. നാലു മണിക്കൂര്‍കൊണ്ട് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തെത്തുന്നതിനാണ് ഈ അമൂല്യമായ വനസമ്പത്ത്‌നാം കവരാനൊരുങ്ങുന്നത്. കെ. റെയിലിനെതിരെ വലിയ പ്രതിഷേധങ്ങള്‍ മുഴങ്ങുമ്പോഴും സര്‍ക്കാര്‍ പിന്നോട്ടില്ലെന്നത് കാണിക്കുന്നത് ഇനിയും ഭരണകൂടം ഒരു പാഠവും പഠിച്ചിട്ടില്ലെന്നതാണ്. ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് പഠിച്ച ഐ.പി. സി.സിയുടെ കണക്കുകള്‍ ഇതിനകം കേരളത്തെ ഇരുത്തിച്ചിന്തിപ്പിക്കണം. കേരളതീരം വലിയ തോതില്‍ വൈകാതെ കടലെടുക്കപ്പെടുമെന്നാണ് മുന്നറിയിപ്പ്. ഭൂമിയെ തിരികെപ്പിടിക്കാന്‍ മനുഷ്യന് ഇനി വെറും പത്തു കൊല്ലമേ ഉള്ളൂവെന്നാണ് അമേരിക്കന്‍ എഴുത്തുകാരനും ഹാര്‍വാഡ് ബിസിനസ് സ്‌കൂള്‍ പ്രൊഫസറുമായ ഡേവിഡ്‌കോര്‍ട്ടന്‍ അടുത്തിടെ നല്‍കിയ മുന്നറിയിപ്പ്. അതനുസരിക്കാന്‍ നാം തയ്യാറുണ്ടോ എന്നു മാത്രമാണ് ഉയരുന്ന ചോദ്യം.

 

Test User: