യുജിന്‍: ഒളിംപിക്‌സില്‍ ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ ജാതകം തിരുത്തിയ താരമാണ് നീരജ് ചോപ്ര. ജാവലിന്‍ ത്രോയില്‍ തകര്‍പ്പന്‍ പ്രകടനവുമായി കോവിഡ് കാലത്ത് രാജ്യത്തിന്റെ യശസ് വാനോളമുയര്‍ത്തിയ താരം നാളെ ലോക ചാമ്പ്യന്‍ഷിപ്പ് വേദിയില്‍ ഇറങ്ങുന്നു. വെള്ളിയാഴ്ച് പുലര്‍ച്ചെയാണ് യോഗ്യതാ റൗണ്ട്. ഞായറാഴ്ച്ച ഫൈനലും. ഇന്ത്യ കാത്തിരിക്കുന്നത് സ്വര്‍ണ്ണത്തിന് തന്നെയാണ്.
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് മുന്നേറുമ്പോള്‍ ഇത് വരെ ഇന്ത്യന്‍ നേട്ടം രണ്ട് ഫൈനലുകള്‍ മാത്രമാണ്. പുരുഷ ലോംഗ് ജമ്പില്‍ മുരളീ ശ്രീങ്കര്‍ ഫൈനലിലെത്തി ഏഴാമനായപ്പോള്‍ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ അവിനാഷ് സാബ്‌ലേ പതിനൊന്നാമനായി. മറ്റ് ഇന്ത്യന്‍ താരങ്ങളെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ 2003 ലെ ലോക ചാമ്പ്യന്‍ഷിപ്പിന് ശേഷം ഇന്ത്യ ഒരു മെഡല്‍ മോഹിക്കുന്നത് നീരജില്‍ നിന്നാണ്. ടോക്കിയോ ഒളിംപിക്‌സിന് മുമ്പ് അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് ഒരു വ്യക്തിഗത സ്വര്‍ണമുണ്ടായിരുന്നില്ല. അത്‌ലറ്റിക്‌സില്‍ മാത്രമല്ല ഒളിംപിക്‌സ് വേദിയില്‍ വ്യക്തിഗത സ്വര്‍ണങ്ങള്‍ കുറവായിരുന്നു. 2008 ലെ ബെയ്ജിംഗ് ഒളിംപിക്‌സില്‍ അഭിനവ് ബിന്ദ്ര എന്ന ഷൂട്ടറുടെ സ്വര്‍ണ നേട്ടത്തിന് ശേഷം 2012 ല്‍ ലണ്ടനിലും 2016 ല്‍ റിയോയിലും ഇന്ത്യക്ക് സ്വര്‍ണമുണ്ടായിരുന്നില്ല. പക്ഷേ ടോക്കിയോവില്‍ നീരജ് വിസ്മയമായി. ടോക്കിയോക്ക് ശേഷം ഈ സീസണില്‍ അദ്ദേഹം രണ്ട് രാജ്യാന്തര മീറ്റുകളില്‍ പങ്കെടുത്തു. രണ്ടിലും മികച്ച പ്രകടനം.
ഫിന്‍ലന്‍ഡിലെ കുര്‍തോണ്‍ ഗെയിംസില്‍ 86.69 മീറ്ററാണ് അദ്ദേഹം പിന്നിട്ടത്. ഇന്നലെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ നീരജ് പറഞ്ഞ വാക്കുകള്‍ ഇപ്രകാരം: അത്‌ലറ്റിക്‌സില്‍ കാര്യങ്ങള്‍ വളരെ എളുപ്പമാണ്. നിങ്ങള്‍ എറിയുകയാണെങ്കില്‍ ഏറ്റവും മികച്ച ദൂരം പിന്നിടണം, ചാടുകയാണെങ്കില്‍ ഏറ്റവും ഉയരത്തില്‍ ചാടണം, ഓടുകയാണെങ്കില്‍ ഏറ്റവും വേഗതയില്‍ ഓടണം…. ഈ നിലപാടാണ് അദ്ദേഹം പറയുന്നത്. യോഗ്യതാ മല്‍സരങ്ങളും ഫൈനലുമെല്ലാം എല്ലാവര്‍ക്കും തല്‍സമയം കാണാം-സോണി ടെന്‍ രണ്ടിലും സോണി സിക്‌സിലും വെളളി, ഞായര്‍ പുലര്‍ച്ചെ മുതല്‍.