X

ചിതലരിക്കാത്ത പുസ്തകങ്ങള്‍

പി. ഇസ്മായില്‍ വയനാട്

അമേരിക്കയില്‍ നില നിന്നിരുന്ന അടിമത്ത വ്യവസ്ഥിതിയുടെ ബീഭത്സമുഖം ലോകം അറിഞ്ഞത് ‘അങ്കിള്‍ ടോംസ് ക്യാബിന്‍’ എന്ന പുസ്തകത്തില്‍ നിന്നായിരുന്നു. ഹാരിയറ്റ് ബീച്ചര്‍ സ്റ്റോവ് എന്ന എഴുത്തുകാരിയുടെ കീര്‍ത്തികേട്ട നോവലിലെ പ്രധാന കഥാപാത്രം അങ്കിള്‍ടോം എന്ന അടിമയാണ്. ജോര്‍ജ്ജ് ഷെല്‍ബി എന്ന നല്ല മനുഷ്യനാണ് ടോമിന്റെ യജമാനന്‍. യജമാനത്തിയായ മിസിസ് ഷെല്‍ബിയും വളരെ നല്ല സ്ത്രീയായിരുന്നു. കടം കയറി മൂടിയപ്പോള്‍ ടോം ഉള്‍പ്പെടെയുള്ള അടിമകളെ ഷെല്‍ബിക്ക് വില്‍ക്കേണ്ടിവന്നു. പിന്നീട് പണമുണ്ടാകുമ്പോള്‍ തിരികെ വാങ്ങാമെന്ന വാഗ്ദാനത്തോടെയാണ് ടോമിനെ ഷെല്‍ബി ഒരു അടിമക്കച്ചവടക്കാരന് വില്‍ക്കുന്നത്. ടോമിനെ വാങ്ങിയ അടിമ വ്യാപാരി അയാളെ സെന്റര്‍ ക്ലെയര്‍ എന്ന ധനികന് മറിച്ചു വിറ്റു. ആ ധനികന്റെ കൊച്ചുമകളായ ഈവായ്ക്ക് ടോമിനോട് വലിയ ഇഷ്ടമായിരുന്നു. എന്നാല്‍ ആ സൗഹൃദം അധികം നീണ്ടുനിന്നില്ല. അവള്‍ രോഗം ബാധിച്ച് മരിച്ചു. ഇതിനിടയില്‍ ടോമിന് സ്വാതന്ത്ര്യം നല്‍കണമെന്ന് ഈവ തന്റെ പിതാവിനോട് അപേക്ഷിക്കുകയും അദ്ദേഹം അത് ഉറപ്പുനല്‍കുകയും ചെയ്തു. ടോമിന് സ്വാതന്ത്ര്യം നല്‍കും മുമ്പ് സെന്റര്‍ ക്ലെയര്‍ അപകടത്തില്‍ മരിച്ചു. അയാളുടെ ഭാര്യ ടോമിനെ വിറ്റുകാശാക്കി. സൈമണ്‍ ലെഗ്രി എന്ന കഠിന ഹൃദയനായ പുതിയ യജമാനനില്‍ നിന്നും കടുത്ത ശാരീരിക പീഢനങ്ങളായിരുന്നു ഓരോ ദിവസവും ടോം ഏറ്റുവാങ്ങേണ്ടി വന്നത്. ക്രൂരമര്‍ദ്ദനത്തിനിരയായി ടോം മരണാസന്നനായി കിടക്കുമ്പോള്‍ അയാളുടെ ആദ്യ യജമാനനായ ഷെല്‍ബിയുടെ മകന്‍ ജോര്‍ജ്ജ് ടോമിനെ തിരികെ വാങ്ങാനെത്തിയപ്പോഴേക്കും ഏറെ വൈകിയിരുന്നു. അയാള്‍ ജോര്‍ജ്ജിനോട് ഏതാനും ചില കാര്യങ്ങള്‍ പറയുന്നതിനിടയില്‍ എന്നെന്നേക്കുമായി കണ്ണടച്ചു.
അമേരിക്കയില്‍ മനുഷ്യന്‍ മനുഷ്യനെ വില്‍ക്കുന്ന അടിമത്ത വ്യവസ്ഥിതിക്കെതിരായി ജനങ്ങളെ പടയൊരുക്കുന്നതിനും ആഭ്യന്തര യുദ്ധത്തിനും അങ്കിള്‍ ടോംസ് ക്യാബിന്‍ എന്ന പുസ്തകം ഹേതുവായി തീര്‍ന്നു. പ്രസിദ്ധീകരണ വര്‍ഷത്തില്‍ മാത്രം മൂന്നു ലക്ഷം കോപ്പികളാണ് വിറ്റഴിച്ചത്. അടിമത്ത വ്യവസ്ഥിതിയുടെ വേരറുക്കുന്ന രീതിയിലുള്ള പുതിയ നിയമ നിര്‍മ്മാണങ്ങള്‍ക്ക് ഈ പുസ്തകത്തിന്റെ വരവോടെ ഭരണകൂടം നിര്‍ബന്ധിതരായിതീര്‍ന്നു. അക്കാലയളവില്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന അബ്രഹാം ലിങ്കനെ ഹാരിയറ്റ് ബീച്ചര്‍ സ്റ്റോവ് സന്ദര്‍ശിച്ച സമയം ഈ ചെറിയ മഹതിയാണ് ഇത്രയും വലിയ യുദ്ധത്തിന് വഴിതെളിച്ചതെന്ന ലിങ്കന്റെ വാക്കുകള്‍ സാമൂഹ്യജീവിതം മാറ്റിമറിക്കാന്‍ തൂലിക ചലിപ്പിക്കുന്ന എക്കാലത്തെയും എഴുത്തുകാര്‍ക്കും നല്ല വായനക്കാര്‍ക്കുമുള്ള സാക്ഷ്യപത്രം കൂടിയാണ്.
പുസ്തക വായന ഒരാളുടെ ചിന്തയെ സ്വാധീനിക്കുമെന്നതിന്റെ ഒന്നാന്തരം തെളിവാണ് റൂസ്സോയുടെ ജീവിതം. അമ്മയുടെ കരപരിലാളന സുഖമേല്‍ക്കാനോ വാല്‍സല്യാമൃതം നുകരാനോ ഭാഗ്യമില്ലാതെപോയ ഒരാളായിരുന്നു റൂസ്സോ. പത്ത് വയസുവരെ അച്ഛന്റെ വസതിയിലാണ് അദ്ദേഹം വളര്‍ന്നത്. പ്രാഥമിക വിദ്യാഭ്യാസം മാത്രം കൈമുതലായുള്ള റൂസ്സോവിന് ജീവിതായോധനത്തിനായി പെരുവഴിയിലിറങ്ങേണ്ടിവന്നു. പലതരം ജോലികളിലും അദ്ദേഹം വ്യാപൃതനായി. പന്ത്രണ്ടാം വയസില്‍ ഒരു വ്യാപാരിയുടെ കീഴിലായിരുന്നു തുടക്കം. ചതിയും വഞ്ചനയും കള്ളത്തരവും മാത്രമാണ് അവിടെ നിന്നും പരിശീലിച്ചതെന്ന് പിന്നീട് റൂസ്സോ തന്നെ തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. തിക്താനുഭവങ്ങള്‍മൂലം വ്യാപാരിയുടെ അരികില്‍ നിന്നും അദ്ദേഹം ജനീവയിലേക്ക് ഒളിച്ചോടി. ഇരുപത്തിഅഞ്ചാമത്തെ വയസ്സില്‍ ഫ്രഞ്ച് സാഹിത്യകൃതികള്‍ വായിക്കാന്‍ തുടങ്ങി. താളംതെറ്റിയ റൂസ്സോവിന്റെ ജീവിതത്തില്‍ വായന വഴിത്തിരിവായി തീരുകയായിരുന്നു. പുസ്തകങ്ങളില്‍ നിന്നു ലഭിച്ച അറിവുകളാണ് അദ്ദേഹത്തെ തത്ത്വചിന്തകനും എഴുത്തുകാരനുമാക്കി മാറ്റിയത്. വിദ്യാഭ്യാസ ചിന്തകരുടെ ബൈബിള്‍ എന്നു വിളിക്കുന്ന ഏമില ഉള്‍പ്പെടെയുള്ള അനേകം കൃതികളാണ് അദ്ദേഹം രചിച്ചത്.
പന്ത്രണ്ടാം വയസില്‍ മാക്‌സ് താല്‍മൂഡ് നല്‍കിയ യൂക്ലിഡിയന്‍ പ്ലെയിന്‍ ജ്യോമെട്രിയെ സംബന്ധിക്കുന്ന ചെറിയ പുസ്തകമാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ശാസ്ത്രീയ ചിന്തകള്‍ക്ക് ചിറകുകള്‍ നല്‍കിയത്. ചിലവേറിയ പരീക്ഷണ ശാലകളോ ഉപകരണങ്ങളോ സ്വന്തമായി ഇല്ലാതിരിന്നിട്ടും മനസ്സിന്റെ ശക്തിമാത്രം ആശ്രയിച്ച് പ്രപഞ്ച സത്യങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഐന്‍സ്റ്റീന് ധൈര്യം പകര്‍ന്നത് അക്ഷരക്കൂട്ടങ്ങളുടെ പിന്‍ബലമായിരുന്നു. പുസ്തകങ്ങളുടെ ഉറ്റതോഴനായി മാറാന്‍ കഴിഞ്ഞതിനാലാണ് ദാരിദ്ര്യത്തിന്റെ കൊടുമുടിയില്‍ ജനിച്ചുവീണിട്ടും ശൂന്യതയില്‍ നിന്നും കൊട്ടാരം പണിയാന്‍ സ്വപ്‌നങ്ങളുടെ രാജകുമാരന്‍ എ.പി.ജെ അബ്ദുല്‍കലാമിന് സാധ്യമായത്. ലിലിയന്‍ എയ്ഷലര്‍ വാട്‌സണ്‍ എഡിറ്റ് ചെയ്ത ലൈറ്റ് ഫ്രം മെനി ലാംബസ് എന്ന പുസ്തകത്തെക്കുറിച്ച് അരനൂറ്റാണ്ട് കാലത്തെ ഉത്തമ സുഹൃത്തെന്നാണ് കലാം വിശേഷിപ്പിച്ചത്.
അനീതികള്‍ക്കെതിരായി പടപൊരുതാനുള്ള സ്‌ഫോടക ശക്തിയെയാണ് പുസ്തകങ്ങള്‍ പ്രദാനം ചെയ്യുന്നത്. ചിന്തകള്‍ ഉണര്‍ത്താനും ധര്‍മ്മബോധവും സംസ്‌കാരവും പരിപാലിക്കാനും സത്യവും നീതിയും വേര്‍തിരിച്ചറിയാനും നേര്‍വായനകള്‍ ഉപകരിക്കും. ഭാഷാപരമായ കഴിവുകള്‍ക്കും വാക്കുകള്‍കൊണ്ട് വിസ്മയം തീര്‍ക്കാനും പരന്ന വായന അനിവാര്യമാണ്. അജ്ഞാതമായ സംസ്‌കാരങ്ങളെയും രാജ്യങ്ങളെയും പുസ്തക സഞ്ചാരത്തിലൂടെ എളുപ്പം പരിചയപ്പെടാന്‍ കഴിയും. പാസ്‌പോര്‍ട്ടും എസ്‌കോട്ടും കാലാവസ്ഥാ പ്രശ്‌നങ്ങളും ഗതാഗത തടസ്സങ്ങളുമില്ലാതെ കുറഞ്ഞ ചെലവില്‍ ഉലകം മുഴുവനും ചുറ്റിക്കറങ്ങാന്‍ വായന അല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. നാം വലിയ വില നല്‍കി വാങ്ങുന്ന ആഡംബര വസ്തുക്കളില്‍ പലതിന്റെയും ആയുസ് നൈമിഷികമാണ്. എന്നാല്‍ പുസ്തകത്തിന്റെ ആയുസ് തിട്ടപ്പെടുത്താനാവില്ല. വായിക്കുന്ന പലഗ്രന്ഥങ്ങളും നമുക്ക് മുമ്പേ ജനിച്ചവരായിരിക്കും. നാം മരിച്ചാലും അവ നിലനില്‍ക്കുകയും ചെയ്യും.
പുസ്തകം വായിക്കുന്ന ഒരാള്‍ യഥാര്‍ത്ഥത്തില്‍ പുസ്തകത്തില്‍ ജീവിക്കുകയാണ് ചെയ്യുന്നത്. ചിട്ടയോടെ വായിക്കുന്നവരും അല്ലാത്തവരും ഉണ്ടാകും. സമയം കിട്ടുമ്പോള്‍ വായിക്കുന്നവരും വായിക്കാനായി സമയം തരപ്പെടുത്തുന്നവരും അങ്ങിനെ രണ്ട് തരത്തിലുള്ള വായനക്കാരെ കണ്ടുമുട്ടാന്‍ കഴിയും. പുസ്തകത്തിലൂടെ വളരാത്തവര്‍ മൃഗതുല്യരാണെന്ന ഷേക്‌സ്പിയറിന്റെ വാക്കുകള്‍ വായനയില്‍ നിന്നും ഒഴിഞ്ഞുമാറുന്നവര്‍ക്കുള്ള താക്കീതുകൂടിയാണ്. മഹാരഥന്മാരുടെ ചിന്തകളും സ്വപ്‌നങ്ങളും ജീവിതങ്ങളും മഹല്‍വചനങ്ങളുമാണ് പുസ്തകാകൃതിപൂണ്ട് നിലകൊള്ളുന്നത്. ഒരു പുസ്തകം കൈയിലെടുക്കുമ്പോള്‍ നിരവധി മഹാന്മാരെയാണ് നാം ചേര്‍ത്തുവെക്കുന്നതെന്ന് സാരം. ഇളകിയാടുന്ന തിരമാലകളിലും പതറാതെ ജീവിത തോണിയെ തുഴയാനുള്ള ആത്മബലമാണ് ഒരിക്കലും നശിക്കാത്ത ക്ഷരങ്ങളായ അക്ഷരങ്ങള്‍ പ്രദാനം ചെയ്യുന്നത്.
പുസ്തകങ്ങള്‍ വാങ്ങുകയും ഭാരം ചുമക്കുകയും വായിക്കാന്‍ നിവര്‍ത്തുകയും ചെയ്യുന്ന സാമ്പ്രദായിക രീതിക്ക് ധ്രുതഗതിയില്‍ മാറ്റങ്ങള്‍ സംഭവിക്കുകയാണ്. കമ്പ്യൂട്ടറിന്റെയോ, ലാപ്‌ടോപ്പിന്റെയോ ടാബ്‌ലറ്റിന്റെയോ അതുമല്ലെങ്കില്‍ മൊബൈല്‍ ഫോണുകളുടെയോ സഹായത്തോടെയുള്ള ഇ-വായനകള്‍ രംഗം കൈയ്യടക്കുകയാണ്. പുസ്‌കങ്ങളുടെ വിറ്റുവരവിന്റെ അടിസ്ഥാനത്തിലോ ലൈബ്രറികള്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണം തിട്ടപ്പെടുത്തിയോ വായനാശീലം കുറയുന്നുവെന്നോ മരിക്കുന്നുവെന്നോ വിധി പറയുന്നത് അസംബന്ധമായി മാറും. പാതി വായിച്ച പുസ്തകം നെഞ്ചിന്‍കൂട്ടില്‍ ചേര്‍ത്തുപിടിച്ച് സ്വപ്‌നങ്ങളുടെ ലോകത്ത് സഞ്ചാരം നടത്തി ഉറങ്ങുന്ന സുഖമോ ഷെല്‍ഫില്‍ അടുക്കിവെക്കുമ്പോഴുളള ആന്ദമോ ഇ-ബുക്കുകളുടെ വായനയില്‍ കിട്ടണമെന്നില്ല. പ്രിന്റ് ചെയ്യുന്ന പുസ്തകങ്ങള്‍ക്ക് ചിലപ്പോള്‍ നീണ്ട കാത്തിരിപ്പുകള്‍ ആവശ്യമായി വരാറുണ്ട്. ചിലപ്പോഴെല്ലാം ഔട്ട് ഓഫ് സ്റ്റോക്ക് എന്ന ബോര്‍ഡുകളും ബുക്‌സ് സ്റ്റാളുകളിലും ലൈബ്രറികളിലും കാണാറുമുണ്ട്. കൈയെത്തും ദൂരത്ത് സദാസമയവും ലഭ്യമാവുമെന്നതും ആരും തന്നെ കടം ചോദിച്ച് വരില്ല എന്നതും ഇ-ബുക്കുകളുടെ സവിശേഷതയാണ്. വായനക്കാരന്റെ കരസ്പര്‍ശം ഏല്‍ക്കാതെ കാരാഗ്രഹവാസമനുഭവിക്കുന്ന അവസ്ഥയില്‍ നിന്നും ചിതലരിക്കാത്ത ഇ-പുസ്‌കങ്ങളാണെങ്കിലും അല്ലാത്തവയാണെങ്കിലും മോചനം സാധ്യമാവണം. അതിനായി പ്രതീക്ഷയോടെ തുറക്കുകയും പ്രയോജന ബോധത്തോടെ മടക്കുകയും ചെയ്യുന്ന മികച്ച വായനക്കാരായി മാറാനും ഓരോരുത്തര്‍ക്കും കഴിയണം.

chandrika: