X

പശ്ചിമ ബംഗാളിലെ 5 ജില്ലകളിൽ നാളെ റീ-പോളിംഗ്

പശ്ചിമ ബംഗാളിലെ 5 ജില്ലകളിൽ നാളെ റീ-പോളിംഗ്. പുരുലിയ, ബിർഭും, ജൽപായ്ഗുഡി, നഡിയ, സൗത്ത് 24 പർഗാന എന്നീ അഞ്ച് ജില്ലകളിലെ 697 ബൂത്തുകളിലായാണ് റീ പോളിംഗ്. വ്യാപകമായി സംഘർഷം ഉണ്ടായ ബൂത്തുകളിലാണ് റീപോളിംഗ് നടത്തുക.

പിസിസി അധ്യക്ഷൻ ആധിർ രഞ്ജൻ ചൗധരി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ചിരുന്നു. അക്രമ സംഭവങ്ങളിൽ ആശങ്ക അറിയിച്ചാണ് കത്ത്. റീപോളിങ്ങിനിടെ അക്രമ സംഭവങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ എടുക്കണം എന്നും കത്തിൽ ആവശ്യപ്പെട്ടു.

ജൂലൈ 8ന് നടന്ന തെരഞ്ഞെടുപ്പിനിടെയുണ്ടായ ആക്രമണത്തിൽ 10 പേരാണ് കൊല്ലപ്പെട്ടത്. പലയിടങ്ങളിലും ബാലറ്റ് പെട്ടികൾ തകർപ്പെടുകയും, മോഷ്ടിക്കപ്പെടുകയും ചെയ്തിരുന്നു. പ്രിസൈഡിംഗ് ഓഫിസർമാർക്കും മർദനമേറ്റു.

ഇന്ന് വൈകീട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ പോളിംഗ് തടസപ്പെട്ടയിടങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് പരിശോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റീപോളിംഗ് നടത്താനുള്ള തീരുമാനം.

webdesk13: