X

വ്യാജഏറ്റുമുട്ടല്‍ കേസില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ സുപ്രീംകോടതി നീക്കി

ന്യൂഡല്‍ഹി: ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ പ്രതികളായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് നീക്കി. ഗുജറാത്ത് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരായ എന്‍.കെ അമിന്‍, തരുണ്‍ ബരോട്ട് എന്നിവരെയാണ് സുപ്രീംകോടതി ഇടപെട്ട് ജോലിയില്‍ നിന്ന് ഒഴിവാക്കിയത്.

ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. പൊലീസ് സര്‍വീസില്‍ നിന്ന് വിരമിച്ച ഇവരെ കരാര്‍ അടിസ്ഥാനത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ വീണ്ടും ഉന്നത സ്ഥാനങ്ങളില്‍ നിയമിക്കുകയായിരുന്നു. എന്‍.കെ അമിനെ മാഹിസാഗര്‍ ജില്ലാ പൊലീസ് സൂപ്രണ്ടായും തരുണ്‍ ബരോട്ടിനെ വഡോധര റെയില്‍വെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസായുമാണ് നിയമിച്ചത്. ഇതിനെതിരെ വിമരിച്ച ഐ.പി.എസ് ഉദ്യോഗസ്ഥന്‍ രാഹുല്‍ ശര്‍മയാണ് കോടതിയെ സമീപിച്ചത്. ശര്‍മയുടെ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളിയതോടെ അദ്ദേഹം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

അമിന്‍ രണ്ട് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വിചാരണ നേരിടുന്ന ഉദ്യോഗസ്ഥനാണെന്നും എട്ട് വര്‍ഷത്തോളമുള്ള ജുഡീഷ്യല്‍ കസ്റ്റഡി പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തെ പൊലീസ് സൂപ്രണ്ട് ആയി നിയമിച്ചതെന്നും ശര്‍മ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഇതേതുടര്‍ന്ന് നിയമനത്തിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ഗുജറാത്ത് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. സൊഹ്‌റാബുദ്ദീന്‍, ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വിചാരണ നേരിട്ട ഉദ്യോഗസ്ഥരാണ് അമിനും ബരോട്ടും. രണ്ട് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കുറ്റാരോപിതനായ അമിന്‍ എട്ടു വര്‍ഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റിലായിരുന്നു. സാദിഖ് ജമാല്‍, ഇശ്‌റത് ജഹാന്‍ കൊലകേസുകളിലെ പ്രതിയായ തരുണ്‍ ബരോട്ട് കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍ കേസുകളില്‍ മൂന്നു വര്‍ഷം ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ശര്‍മ കോടതിയെ സമീപിച്ചത്. 2004 ജൂണ്‍ 15നാണ് ഇശ്‌റത് ജഹാന്‍, മലയാളിയായ ജാവേദ് ശൈഖ് എന്ന പ്രാണേഷ് കുമാര്‍ എന്നിവരും സീഷാന്‍ ജോഹര്‍, അംജദ് അലി റാണ എന്നീ പാകിസ്താന്‍കാരും അഹമ്മദാബാദിനടുത്ത കോതാര്‍പുറിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ആ സമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ടു എന്ന് പറഞ്ഞാണ് പൊലീസ് ഇവരെ വെടിവെച്ചു കൊന്നത്. മുംബൈയില്‍ നിന്നും തീവ്രവാദി സംഘം ഗാന്ധിനഗറിലേക്ക് വരുന്നുണ്ടെന്ന കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം നടത്തിയതാണ് ഏറ്റുമുട്ടല്‍ എന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാല്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി അത്തരം ഒരു വിവരം നല്‍കിയിട്ടില്ലെന്നും വ്യാജ ഏറ്റുമുട്ടലിലൂടെയാണ് ഇശ്‌റത് ജഹാന്‍ അടക്കമുള്ളവരെ പൊലീസ് കൊലപ്പെടുത്തിയതെന്നും പിന്നീട് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

chandrika: