അബുദാബി: ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് കേന്ദ്രങ്ങൾ പുനഃസ്ഥാപിക്കാനുള്ള ദേശീയ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനം സ്വാഗതാർഹവും നൂറുകണക്കിന് പ്രവാസി വിദ്യാർത്ഥിക്ക് ആശ്വാസകരവുമാണെന്നു അബുദാബി കെഎംസിസി അഭിപ്രായപ്പെട്ടു.
നേരത്തെ യു എ ഇ ലെ ദുബായ്, അബുദാബി അടക്കം ഗൾഫ് രാജ്യങ്ങളിലെ നീറ്റ് പരീക്ഷ കേന്ദ്രങ്ങൾ നിർത്തലാക്കിയത് നിരവധി രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ആശങ്കയിൽ ആക്കിയിരുന്നു.
അബുദാബി കെ എം സി സി വിവിധ സംഘടനകളെ ഉൾപ്പെടുത്തി ‘ദി കേരള ഫെസ്റ്റിൽ’ സംഘടിപ്പിച്ച ‘ഡയസ്പോറ’ സമ്മിറ്റിൽ ഈ വിഷയം വിശദമായി ചർച്ച ചെയ്യുകയും രക്ഷിതാക്കൾ അടക്കം നിരവധിപേർ അവരുടെ ആശങ്കകൾ പങ്കുവെക്കുകയും ചെയ്തിരുന്നു.
പ്രവാസി വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമാകുന്നതും അവരുടെ ആശങ്കയകറ്റുന്ന നടപടിയാണ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്നും തുടർന്നും ഇത്തരം പ്രവാസി വിഷയങ്ങളിൽ അബുദാബി കെഎംസിസിയുടെ സജീവ ഇടപെടൽ ഉണ്ടാകുമെന്നും അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂർ അലി കല്ലുങ്ങലും ജനറൽ സെക്രട്ടറി സി എച്ച് യൂസുഫും അഭിപ്രായപ്പെട്ടു .