മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ അതിവേഗ ഇന്റര്‍നെറ്റും സൗജന്യ ഓഫറുകളും കുറഞ്ഞ താരിഫുമായി മാര്‍ക്കറ്റില്‍ തരംഗം സൃഷ്ടിക്കുമ്പോള്‍ ഒരു കൈ നോക്കാന്‍ അനില്‍ അംബാനിയുടെ റിയലന്‍സ് കമ്മ്യൂണിക്കേഷന്‍സും (ആര്‍കോം) രംഗത്ത്. മൊബൈല്‍ നെറ്റ്‌വര്‍ക്കായ എയര്‍സെല്ലിനെയും ഇന്റര്‍നെറ്റ് ഡേറ്റാ സേവന രംഗത്തെ പ്രമുഖരായ എം.ടി.എസ്സിനെയും ഒപ്പം ചേര്‍ത്ത്, വിപണിയില്‍ ചലനമുണ്ടാക്കാനാണ് ആര്‍കോമിന്റെ പദ്ധതി.
എയര്‍സെല്ലിന്റെ ഓഹരികളില്‍ പകുതിയും റഷ്യന്‍ കമ്പനിയായ എം.ടി.എസ്സിന്റെ ഇന്ത്യന്‍ ഓഹരികളില്‍ 90 ശതമാനവും സ്വന്തമാക്കിയ റിലയന്‍സ് ഡിസംബര്‍ തുടക്കത്തോടെ വിപണിയില്‍ പുതിയ ഓഫറുകളും സേവനങ്ങളുമായി രംഗപ്രവേശം ചെയ്യും.
മുകേഷ് അംബാനിയുടെ ജിയോയില്‍ തത്വത്തില്‍ ലയിച്ചുവെന്ന് സെപ്തംബര്‍ അവസാന വാരം പ്രഖ്യാപിച്ചെങ്കിലും, ടെലികമ്മ്യൂണിക്കേഷന്‍സ് മേഖലയില്‍ തനിക്കുള്ള മേല്‍ക്കൈ ജ്യേഷ്ഠനു മുന്നില്‍ അടിയറവ് വെക്കേണ്ടതില്ലെന്നാണ് അനില്‍ അംബാനിയുടെ തീരുമാനമെന്നറിയുന്നു. ആര്‍കോം-ജിയോ ലയനം പൂര്‍ണമാവുന്ന ഘട്ടത്തില്‍ വിലപേശലിന് ഇതുപോഗിക്കാം എന്നും അനില്‍ കണക്കുകൂട്ടുന്നു.എയര്‍സെല്ലിനെ ഏറ്റെടുക്കുക
എയര്‍സെല്ലിനെ ഏറ്റെടുക്കുക എന്നത് ദീര്‍ഘകാലമായി റിലയന്‍സിന്റെ പദ്ധതിയിലുണ്ടായിരുന്നു. ഒരു വര്‍ഷത്തെ കൂടിയാലോചനകള്‍ക്കു ശേഷം സെപ്തംബറിലാണ് എയര്‍സെല്‍ ഉടമാ കമ്പനിയായ മാക്‌സിസ് കമ്മ്യൂണിക്കേഷന്‍സിന്റെ 50 ശതമാനം ഓഹരികള്‍ റിലയന്‍സ് വാങ്ങിയത്. ഇരുകമ്പനികളും ഒന്നിച്ചുനിന്ന് പുതിയ കമ്പനി രൂപീകരിക്കാനാണ് ധാരണ. ഈ കമ്പനിയില്‍ ആര്‍കോം 20,000 കോടി രൂപ നിക്ഷേപിക്കും. ഇരുകമ്പനികളും ഒന്നിച്ചുനില്‍ക്കുമ്പോള്‍ 18 കോടി ഉപഭോക്താക്കളാണുണ്ടാവുക. നിലവില്‍ മാര്‍ക്കറ്റിലെ നാലാം സ്ഥാനക്കാരാവും ഇത്.
കഴിഞ്ഞ ജനുവരിയില്‍, ഡേറ്റാ രംഗത്ത് ശ്രദ്ധ നേടിയ എം.ടി.എസ്സിന്റെ ഇന്ത്യന്‍ ഓഹരികളില്‍ 90 ശതമാനം ആര്‍കോം സ്വന്തമാക്കിയിരുന്നു. 90 ലക്ഷത്തോളം ഉപഭോക്താക്കളെയാണ് ഇതുവഴി റിലയന്‍സിന് ലഭിക്കുന്നത്. എം.ടി.എസ്സിന്റെ കൈവശമുള്ള 800/850 മെഗാഹെര്‍ട്‌സ് സ്വന്തമാക്കാനായത് റിലയന്‍സിന് നേട്ടമാണ്.
റിലയന്‍സും എം.ടി.എസ്സും എയര്‍സെല്ലും ചേര്‍ന്നുള്ള പ്രവര്‍ത്തനം 4ജിയിലാണ് തുടക്കത്തില്‍ ശ്ര്ദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിന്റെ ഭാഗമായി നിലവില്‍ സി.ഡി.എം.എയില്‍ പ്രവര്‍ത്തിക്കുന്ന എം.ടി.എസ്സിനെ പൂര്‍ണമായി ജി.എസ്.എമ്മിലേക്ക് മാറ്റും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും നവംബര്‍ അവസാനത്തോടെ പൂര്‍ണമാവുമെന്നും റിലയന്‍സുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. റിലയന്‍സിന്റെ ഡേറ്റാ കാര്‍ഡ് ഉപയോഗിക്കുന്നവരോട് 4ജിയിലേക്ക് മാറാന്‍ ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, എം.ടി.എസിന്റെ ഡോങ്കിളുകളും 4ജിയിലേക്ക് മാറേണ്ടി വരും. പൂര്‍ണമായോ സൗജന്യ നിരക്കിലോ ഡോങ്കിളുകളുടെ 4ജി അപ്‌ഗ്രേഡ് നടക്കുമെന്നാണ് അറിയുന്നത്. ജിയോ പ്രഭാവത്തിന്റെ സാഹചര്യത്തില്‍ വന്‍തുക മുടക്കി ഡോങ്കിളും സിം കാര്‍ഡും വാങ്ങാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കുന്നത് തിരിച്ചടിയാവുമെന്നാണ് ആര്‍കോം കരുതുന്നത്.