ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ 200 രൂപയുടെ നോട്ടുകള്‍ വെള്ളിയാഴ്ച പുറത്തിറങ്ങും. മഹാത്മാഗാന്ധി സീരീസില്‍പ്പെട്ട നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പോടു കൂടിയാണ് പുറത്തിറങ്ങുന്നത്. നേരത്തെ അടുത്തമാസം ആദ്യവാരം നോട്ട് പുറത്തിറക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ആര്‍.ബി.ഐയുടെ തിരഞ്ഞെടുക്കപ്പെട്ട ഓഫീസുകളില്‍നിന്നും ചില ബാങ്കുകള്‍ വഴിയുമായിരിക്കും നോട്ടുകള്‍ പുറത്തിറക്കുക. സുരക്ഷാമാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് പുതിയനോട്ട് പുറത്തിറക്കുന്നത്. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന സാഞ്ചി സ്തൂപത്തിന്റെ ചിത്രമാണ് 200 രൂപാ നോട്ടിന്റെ മുഖ്യ ഘടകം. ലോകത്തിലെ ഏറ്റവും പ്രാചീനമായ ബുദ്ധമത സ്മാരകങ്ങളാണ് മധ്യപ്രദേശിലെ സാഞ്ചിയിലുള്ളത്. പുറകുവശത്തായാണ് ചിത്രം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കടുംനിറത്തിലുള്ള മഞ്ഞയാണ് നോട്ടിന് അടിസ്ഥാന നിറം. സ്വച്ഛ് ഭാരത് പദ്ധതിയുടെ ലോഗോയും മുദ്രാവാക്യവും നോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രത്യേകതകള്‍:
മുന്‍ഭാഗം
ദേവനാഗരിയിലും അക്കത്തിലും 200 എന്ന് എഴുതിയിരിക്കുന്നു.
നടുവിലായി മഹാത്മഗാന്ധിയുടെ പോര്‍ട്രെയിറ്റ്.
ആര്‍.ബി.ഐ എന്ന് ഇംഗ്ലീഷിലും ഭാരത് എന്ന് ഹിന്ദിയിലും ചെറിയ അക്ഷരങ്ങളിലായി എഴുതിയിരിക്കുന്നു.
നോട്ട് തിരിക്കുമ്പോള്‍ നീലയും പച്ചയും നിറം മാറിവരുന്ന സെക്യൂരിറ്റി ത്രെഡ്.
ആര്‍ബിഐ ഗവര്‍ണറുടെ ഒപ്പ്.
മുന്‍വശത്ത് അശോക ചക്രത്തിന്റെ എംബ്ലം.
അന്ധര്‍ക്ക് കണ്ടുപിടിക്കാനായി അടയാളം
പിന്‍ഭാഗം
ഇടതുഭാഗത്തായി നോട്ട് അച്ചടിച്ച വര്‍ഷം
സ്വച്ഛ് ഭാരത് ലോഗോയോടൊപ്പം മുദ്രാവാക്യവും
വിവിധ ഭാഷകളിലായി 200 രൂപ എന്ന് എഴുതിയിരിക്കുന്നു
ദേവനാഗിരി ലിപിയില്‍ 200 എന്ന് എഴുതിയിരിക്കുന്നു.