X

ചോക്കലേറ്റ് ബ്രൗണ്‍ നിറത്തില്‍ പുതിയ പത്തുരൂപാ നോട്ട്

മുംബൈ: മഹാത്മഗാന്ധി സീരീസില്‍പ്പെട്ട പത്തുരൂപയുടെ പുതിയ നോട്ട് റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കുന്നു.

പത്തുരൂപയുടെ 100 കോടി നോട്ടുകളുടെ അച്ചടി ഇതിനകംതന്നെ പൂര്‍ത്തിയാക്കിയതായി ആര്‍ബിഐ ഉന്നത വൃത്തങ്ങള്‍ അറിയിച്ചതായി റിപ്പോര്‍ട്ട്.

ചോക്കലേറ്റ് ബ്രൗണ്‍ കളറിലുള്ള നോട്ടാണ് പുറത്തിറങ്ങുന്നത്. കൊണാര്‍ക് സൂര്യക്ഷേത്രത്തിന്റെ ചിത്രം പതിച്ചാണ് നോട്ടിന്റെ പുതിയ ഡിസൈന്‍. അതേസമയം കൊണാര്‍ക് സൂര്യക്ഷേത്രത്തിന്റെ ചിത്രം നേരത്തെ ഇരുപത് രൂപാ നോട്ടില്‍ ഉപയോഗിച്ചിരുന്നതാണ്.

പുതിയ ഡിസൈന്‍ കഴിഞ്ഞയാഴ്ചയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. അതേസമയം നോട്ടിന്റെ രൂപം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഇതിനുമുമ്പ് 2005ലാണ് പത്ത് രൂപ നോട്ടിന്റെ ഡിസൈന്‍ മാറ്റിയത്. നോട്ട് നിരോധനത്തിന് ശേഷം കഴിഞ്ഞ ആഗസ്തില്‍ മഹാത്മാഗാന്ധി സീരിസിലുള്ള പുതിയ 200ന്റെയും 50ന്റെയും നോട്ടുകള്‍ പുറത്തിറക്കിയിരുന്നു.

2016 നവംബര്‍ 8ന് 1000 ത്തിന്റെയും 500ന്റെയും നോട്ടുകള്‍ നരേന്ദ്രമമോദി സര്‍ക്കാര്‍ പിന്‍വലിച്ചതോടെയാണ് ആര്‍ബിഐ പുതിയ നോട്ടുകള്‍ പുറത്തിറക്കാന്‍ തുടങ്ങിയത്. നിലവില്‍ 2000 ത്തിന്റെ നോട്ടാണ് രാജ്യത്തെ ഏറ്റവും മൂല്യമേറിയ കറന്‍സി. എന്നാല്‍ 2000ത്തിന്റെ നോട്ടുകള്‍ ഉടന്‍ പിന്‍വലിക്കാന്‍ സാധ്യതയുള്ളതായി ആര്‍ബിഐ സൂചന നല്‍കിയിരുന്നു.
നിലവില്‍ വിപണിയില്‍ കറന്‍സി ഇടപാടുകള്‍ കുറക്കാനും നോട്ടുഅനുപാതം തുല്യതയിലെത്തിക്കാനും ലക്ഷ്യമിട്ടാണ് ആര്‍ബിഐ ചെറിയ തുകകളുടെ നോട്ടുകള്‍ ഇറക്കുന്നത്.

chandrika: