ന്യൂഡല്‍ഹി: 2000 രൂപയുടെ നോട്ട് അച്ചടി നിര്‍ത്തിയെന്ന് റിസര്‍വ് ബാങ്ക് സ്ഥിരീകരിച്ചു. വിവരാവശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിന് മറുപടിയിലാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 2000 രൂപയുടെ ഒരു നോട്ട് പോലും അച്ചടിച്ചിട്ടില്ലെന്ന് മറുപടിയില്‍ പറയുന്നു.
2016-17 സാമ്പത്തിക വര്‍ഷത്തില്‍ 3,542.991 മില്യന്‍ നോട്ടുകളാണ് അച്ചടിച്ചത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 111.507 മില്യന്‍ നോട്ടുകള്‍ അച്ചടിച്ചു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 46.690 മിലന്‍ നോട്ടുകളും അച്ചടിച്ചതായി റിസര്‍വ് ബാങ്ക് നല്‍കിയ മറുപടിയില്‍ പറയുന്നു.
2000 രൂപയുടെ നോട്ടുകള്‍ വലിയ തോതില്‍ കള്ളപ്പണം കടത്താന്‍ സഹായകരമാകുന്നു എന്നതിനാലാണ് അച്ചടി നിര്‍ത്തിയതെന്നാണ് വിശദീകരണം. 2000 രൂപയുടെ നോട്ടുകള്‍ അച്ചടി നിര്‍ത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും കേന്ദ്രസര്‍ക്കാര്‍ നിഷേധിക്കുകയായിരുന്നു.
2016 നവംബര്‍ എട്ടിന് 1000, 500 രൂപ നോട്ടുകള്‍ നിരോധിച്ചതിനെ തുടര്‍ന്നാണ് കേന്ദ്രം 2000 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കിയത്. 500 രൂപയുടെ പുതിയ നോട്ടുകള്‍ പിന്നീട് പുറത്തിറക്കിയെങ്കില്‍ 1000 രൂപ നോട്ടുകള്‍ ഇതുവരെ വന്നിട്ടില്ല.