X

സാമ്പത്തിക നില തകര്‍ച്ചയിലെന്ന് ആര്‍.ബി.ഐ സര്‍വേ

 

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാറിന്റെ നാലാം വാര്‍ഷികത്തില്‍ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ കുറിച്ചുള്ള ചര്‍ച്ചകളും ചൂടുപിടിക്കുകയാണ്. ആശയ നിലപാടിനനുസരിച്ച് മോദി സര്‍ക്കാറിന്റെ സാമ്പത്തിക നേട്ടങ്ങളും, കോട്ടങ്ങളും ചര്‍ച്ച ചെയ്യുന്നതിനിടെ ആര്‍.ബി.ഐയുടെ ഉപഭോക്തൃ വിശ്വാസ്യത സര്‍വേ ഫലം പുറത്ത്.
ന്യൂഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നീ ആറു നഗരങ്ങളിലായാണ് സര്‍വേ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 48 ശതമാനം പേരും 2018ല്‍ രാജ്യത്തെ പൊതു സാമ്പത്തിക സ്ഥിതി മുന്‍ വര്‍ഷത്തേക്കാള്‍ തകര്‍ന്നതായാണ് അഭിപ്രായപ്പെട്ടത്. 31.9 ശതമാനം പേര്‍ സാമ്പത്തിക നില മെച്ചപ്പെട്ടതായും രേഖപ്പെടുത്തി. (നെറ്റ് റെസ്‌പോ ണ്‍സ് -16.1 ശതമാനം) നാലു വര്‍ഷം മുമ്പ് 2014 ജൂണില്‍ നെറ്റ് റെസ്‌പോണ്‍സ് -14.4 ശതമാനമായിരുന്നു.
സര്‍വേയില്‍ പങ്കെടുത്തവരില്‍ 49.5 ശതമാനവും സാമ്പത്തിക രംഗം മെച്ചപ്പെടുമെന്ന പ്രതീക്ഷ പങ്കുവെച്ചപ്പോള്‍ 27.8 ശതമാനം ഇനിയും തകര്‍ച്ചയെ അഭിമുഖീകരിക്കുമെന്നാണ് പ്രതികരിച്ചത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് സാമ്പത്തിക രംഗം മെച്ചപ്പെടുമെന്ന പ്രതീക്ഷ പങ്കുവെച്ചവര്‍ 56.7 ശതമാനമായിരുന്നു.
അതേ സമയം വരുമാനം ഉയരുമെന്ന പ്രതീക്ഷയും കുറഞ്ഞു വരുന്നതായാണ് സര്‍വേ പറയുന്നത്. 2014ല്‍ 639 ശതമാനം പേര്‍ വരുമാനം ഉയരുമെന്ന പ്രതീക്ഷ പങ്കുവെച്ചിരുന്നുവെങ്കില്‍ ഇപ്പോഴത് 50.8 ശതമാനമായി കുറഞ്ഞിട്ടുണ്ട്. പണപ്പെരുപ്പം ഇനിയും ഉയരുമെന്നാണ് സര്‍വേയില്‍ പങ്കെടുത്തവരില്‍ ഏറിയ പങ്കും ആശങ്കപ്പെടുന്നത്. സാമ്പത്തിക അസ്ഥിരത, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയവയില്‍ ജനങ്ങള്‍ അസ്വസ്ഥരാണെന്നും നരേന്ദ്ര മോദി സര്‍ക്കാറിന്റെ നയങ്ങളാണ് മിക്ക പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ജനങ്ങള്‍ വിശ്വസിക്കുന്നുവെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു. റിസര്‍വ് ബാങ്കിന്റെ ഔദ്യോഗിക
വെബ്‌സൈറ്റില്‍ ജൂണ്‍ ആറിനാണ് സര്‍വേ ഫലം പ്രസിദ്ധീകരിച്ചത്. വിലക്കയറ്റം തടയാന്‍ കേന്ദ്രസര്‍ക്കാറിന് കഴിയുന്നില്ലെന്നും ഭാവിയിലും അവശ്യസാധനങ്ങളുടെ വില കൂടാന്‍ തന്നെയാണ് ഇടയെന്നും ഭൂരിഭാഗം പേരും കരുതുന്നു. രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് വിലക്കയറ്റത്തിനെതിരെ വന്‍ പ്രചരണം നടത്തിയാണ് 2014ല്‍ മോദി നിഷ്പക്ഷ വോട്ടുകള്‍ നേടിയത്.
എന്നാല്‍, അതിനു ശേഷമുള്ള വര്‍ഷങ്ങളില്‍ ആര്‍.ബി.ഐ സര്‍വേകളില്‍ 70 ശതമാനത്തിലേറെ പേര്‍ വിലക്കയറ്റത്തില്‍ പരാതി പറയുന്നവരാണ്. പുതിയ സര്‍വേയില്‍ 80 ശതമാനത്തിലേറെയാളുകള്‍ മോദി ഭരണത്തില്‍ വില കുതിച്ചുകയറി എന്നും അഭിപ്രായപ്പെടുന്നു. സര്‍വേ കണ്ടെത്തലുകള്‍ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന എന്‍.ഡി.എക്ക് കാര്യങ്ങള്‍ അത്ര എളുപ്പമായിരിക്കില്ലെന്ന സൂചനയാണ് നല്‍കുന്നത്.

chandrika: