X

പുതിയ 200 രൂപ നോട്ട് ആര്‍ബിഐ ഉടന്‍ പുറത്തിറക്കും

ന്യൂഡല്‍ഹി: ആര്‍.ബി.ഐ ഉടന്‍ 200 രൂപ നോട്ട് പുറത്തിറക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ധനകാര്യ മന്ത്രലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നോട്ട് നിരോധനം മൂലം കറന്‍സി ലഭ്യതയിലുണ്ടായ കുറവ് പരിഹരിക്കാന്‍ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍. 200 രൂപ അച്ചടിക്കാന്‍ അനുമതി തേടി ആര്‍ബിഐ നല്‍കിയ അപേക്ഷ ധനമന്ത്രാലയം അംഗീകരിച്ചു. നോട്ടിന്റെ മാതൃക പ്രധാനമന്ത്രിയുടെ ഓഫീസും അംഗീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ആര്‍ബിഐക്ക് 200 രൂപ നോട്ട് അച്ചടിക്കാന്‍ അനുമതി നല്‍കിയിരുന്നു. നിരവധി സുരക്ഷാ പരിശോധനകള്‍ക്കു ശേഷമാണ് നോട്ട് അച്ചടി തുടങ്ങുക. മൈസൂരിലെ സര്‍ക്കാര്‍ പ്രസ്സായിരിക്കും നോട്ട് അച്ചടിക്കുക. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന 200 രൂപ നോട്ടിന്റെ ചിത്രവുമായി ബന്ധമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കഴിഞ്ഞ നവംബറില്‍ നോട്ട് നിരോധനത്തിന് ശേഷം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന നാലാമത്തെ നോട്ടാണിത്. നേരത്തെ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും പുതിയ നോട്ടുകള്‍ സര്‍ക്കാര്‍ ഇറക്കിയിരുന്നു. 1994 ല്‍ നിരോധിച്ച ഒരു രൂപ നോട്ട് വീണ്ടും ഇറക്കാനും കേന്ദ്രം തീരുമാനിച്ചിരുന്നു.

500,1000 രൂപയുടെ നോട്ടുകള്‍ റദ്ദാക്കിയതിനുശേഷം പുതിയ നോട്ടുകള്‍ പുറത്തിറക്കിയെങ്കിലും ചില്ലറക്ഷാമം രൂക്ഷമായത് രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതു പരിഹരിക്കാനാണ് പുതിയ 200 രൂപ നോട്ട് ഇറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. 200 രൂപയുടെ നോട്ട് പുറത്തിറങ്ങിയാല്‍ ഇടപാടുകള്‍ കൂടുതല്‍ സുഗമമായി നടക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

chandrika: