X
    Categories: indiaNews

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കൂട്ടി; പലിശ ഭാരമേറും

മുംബൈ: വിലക്കയറ്റത്തെ അതിജീവിക്കാന്‍ മറ്റു രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ക്കൊപ്പം റിസര്‍വ് ബാങ്കും റിപ്പോ നിരക്ക് വര്‍ധിപ്പിച്ചു. 0.50 ശതമാനമാണ് വര്‍ധിപ്പിച്ചത്. ഇതോടെ, ബാങ്കുകള്‍ക്ക് ഹ്രസ്വകലായളവില്‍ നല്‍കുന്ന വായ്പയായ റിപ്പോ 5.90 ശതമാനമായി.

വിപണിയിലെ പണലഭ്യത നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി (എംഎസ്എഫ്) 5.65 ശതമാനത്തില്‍ നിന്ന് 6.15 ശതമാനമായും സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്ഡിഎഫ്) നിരക്ക് 5.15 ശതമാനത്തില്‍ നിന്ന് 5.65 ശതമാനമായും പരിഷ്‌കരിച്ചു. 2022-23 സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്ന വളര്‍ച്ച 7.2 ശതമാനത്തില്‍ നിന്ന് ഏഴു ശതമാനമായി കുറച്ചതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

നടപ്പുവര്‍ഷം രണ്ടാം പാദത്തില്‍ 6.3 ശതമാനമാണ് വളര്‍ച്ച. മൂന്നാം പാദത്തില്‍ 4.6 ശതമാനവും നാലാം പാദത്തില്‍ 4.6 ശതാനവുമാണ് പ്രതീക്ഷിക്കുന്ന വളര്‍ച്ച. അടുത്ത സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ ജിഡിപി 7.2 ശതമാനമായി ഉയരുമെന്നും ആര്‍ബിഐ അനുമാനിക്കുന്നു.

നടപ്പു വര്‍ഷത്തെ പണപ്പെരുപ്പ അനുമാനം 6.7 ശതമാനമായി നിലനിര്‍ത്തിയിട്ടുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തോടെ പണപ്പെരുപ്പം അഞ്ച് ശതമാനമായി കുറയാന്‍ സാധ്യതയുണ്ടെന്നും ശക്തികാന്ത ദാസ് പറഞ്ഞു. ആറംഗ മോണിറ്ററി പോളിസി സമിതിയില്‍ അഞ്ചുപേരും നിരക്ക് വര്‍ധനവിനെ അനുകൂലിച്ചു. പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ തുടര്‍ച്ചയായി നാലാം തവണയാണ് നിരക്ക് ഉയര്‍ത്തുന്നത്.

മേയില്‍ ചേര്‍ന്ന അസാധാരണ എംപിസി യോഗത്തി ല്‍ 0.40 ശതമാനം വര്‍ധനവാണ് പ്രഖ്യപിച്ചത്. ജൂണിലും ഓഗസ്റ്റിലും 0.50 ശതമാനം വീതവും നിരക്ക് കൂട്ടി. ഇത്തവണത്തെ വര്‍ധനകൂടിയായപ്പോള്‍ അഞ്ചുമാസത്തിനിടെ 1.90 ശതമാനം നിരക്ക് പ്രാബല്യത്തിലായി.

Test User: