X
    Categories: MoreViews

നോട്ട് അസാധു: കേന്ദ്രസര്‍ക്കാര്‍ ഇടപെടലിനെതിരെ ആര്‍ബിഐ ഉദ്യോഗസ്ഥര്‍

ഉര്‍ജിത്‌

മുബൈ: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് അസാധു നടപടി റിസര്‍വ്ബാങ്കിന് വളരെയധികം അപമാനമുണ്ടാക്കിയെന്ന പരാതിയുമായി റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ രംഗത്ത്. റിസര്‍വ് ബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ജീവനക്കാരും ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന് നല്‍കിയ കത്തിലാണ് കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് അസാധു നടപടിക്കെതിരേയും ധനകാര്യ മന്ത്രാലയത്തിനെതിരേയും കടുത്ത വിമര്‍ശനം ഉന്നയിച്ചത്.

നോട്ട് റദ്ദാക്കലിനെ തുടര്‍ന്നുള്ള സംഭവങ്ങളിലൂടെ റിസര്‍വ് ബാങ്കിന്റെ പ്രതിച്ഛായ പരിഹരിക്കാനാകാത്ത വിധം മോശമായെന്ന് യുണൈറ്റഡ് ഫോറം ഓഫ് റിസര്‍വ് ബാങ്ക് ഓഫീസേഴ്‌സ് എംപ്ലോയിസ് ആര്‍ ബി ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

500, 1000 രൂപാ നോട്ടുകള്‍ നിരോധിച്ച തീരുമാനം പ്രഖ്യാപിക്കുന്നതിന് മുന്‍പ് വേണ്ടത്ര മുന്നൊരുക്കം ഉണ്ടായില്ല. നോട്ട് നിരോധിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും വന്‍ കെടുകാര്യസ്ഥതയാണ് ഉണ്ടായതെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

അതേസമയം, നോട്ട് റദ്ദാക്കലിനെത്തുടര്‍ന്നുള്ള ആര്‍ബിഐ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി ധനകാര്യ മന്ത്രാലയം ഉദ്യോഗസ്ഥനെ നിയമിച്ച നടപടിയെയും ആര്‍ബിഐ ജീവനക്കാര്‍ വിമര്‍ശിച്ചു. ആര്‍ബിഐയുടെ സ്വയംഭരണാവകാശത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് ഇതെന്നും ജീവനക്കാര്‍ കുറ്റപ്പെടുത്തി. വിഷയത്തില്‍ ഗവര്‍ണര്‍ ഉടന്‍ ഇടപെടണമെന്നും ആര്‍ബിഐ ജീവനക്കാര്‍ ഊര്‍ജിത് പട്ടേലിനോട് കത്തിലൂടെ ആവശ്യപ്പെട്ടു.

നവംബര്‍ 8ലെ നോട്ട് പിന്‍വലിക്കല്‍ നടപടിയെ തുടര്‍ന്ന് ഒരു രാജ്യവും അനുഭവിക്കാത്ത ജോലിഭാരമാണ് ആര്‍ബിഐക്ക് ഏറ്റെടുക്കേണ്ടിവന്നത്. നോട്ടു മാറ്റവുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ പണമെത്തിക്കാനും മറ്റുമായി വലിയ ദുരിതം അനുഭവിച്ചതായും കത്തില്‍ പറയുന്നു.

കത്തിനെക്കുറിച്ചു പുറത്തു വന്ന വിവരങ്ങള്‍ ജീവനക്കാരുടെ സംഘടനകളായ ഓള്‍ ഇന്ത്യ റിസര്‍വ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ പ്രതിനിധി സമീര്‍ ഘോഷും, ഓള്‍ ഇന്ത്യ റിസര്‍വ് ബാങ്ക് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ പ്രതിനിധി സൂര്യകാന്ത് മഹാദിക്കും സ്ഥിരീകരിച്ചു.

chandrika: