ന്യൂഡല്‍ഹി: മരണപ്പെട്ട പിതാവ് സൂക്ഷിച്ചിരുന്ന 50,000 രൂപയുടെ അസാധു നോട്ടുകള്‍ മാറ്റി നല്‍കാനാവില്ലെന്ന് റിസര്‍വ് ബാങ്ക്. മധ്യപ്രദേശിലെ ഭോപാല്‍ സ്വദേശി മസ്താന്‍ സിങ് മാരന്‍ ആണ് നോട്ട് മാറ്റി നല്‍കണമെന്നാവശ്യപ്പെട്ട് ആര്‍.ബി.ഐയുടെ ഡല്‍ഹി ശാഖയെ സമീപിച്ചത്. മറവി രോഗത്തെതുടര്‍ന്ന് മാസങ്ങളായി ചികിത്സയിലായിരുന്ന പിതാവ് ശിവചരണ്‍ മാരന്‍ 2016 ഡിസംബര്‍ 26നാണ് മരണപ്പെട്ടതെന്ന് ഇയാള്‍ പറഞ്ഞു.
പിതാവിന്റെ മരണം നടന്ന് ഏറെ ദിവസത്തിനു ശേഷം വീട് വൃത്തിയാക്കുന്നതിനിടെയാണ് അലമാരയില്‍ സൂക്ഷിച്ച 50,000 രൂപയുടെ 500 രൂപ നോട്ടുകള്‍ കണ്ടെത്തിയത്. അപ്പോഴേക്കും നോട്ട് മാറ്റി വാങ്ങുന്നതിനും ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനും ആര്‍.ബി.ഐ അനുവദിച്ച സമയം തീര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് പിതാവിന്റെ മരണ സര്‍ട്ടിഫിക്കറ്റ്, ചികിത്സയുടെ രേഖകള്‍ എന്നിവ സഹിതം മസ്താന്‍ സിങ് ആര്‍.ബി.ഐയെ സമീപിച്ചത്. എന്നാല്‍ വിദേശ ഇന്ത്യക്കാര്‍ക്ക് മാത്രമേ നോട്ട് മാറ്റിനല്‍കാന്‍ വ്യവസ്ഥയുള്ളൂവെന്നായിരുന്നു ആര്‍.ബി.ഐ അധികൃതരുടെ വിശദീകരണം.