അലഹബാദ്: മോദി വസ്ത്രം മാറുന്നതുപോലെയാണ് റിസര്‍വ് ബാങ്ക് നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ മാറ്റുന്നതെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി.
അസാധു നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച്ച ആര്‍.ബി.ഐ പുറപ്പെടുവിപ്പിച്ച പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.
നോട്ട് നിരോധനത്തിനെ തുടര്‍ന്ന് ദിവസം തോറും ആര്‍ബിഐ വ്യത്യസ്തമായ നിര്‍ദ്ദേശങ്ങളാണ് പുറപ്പെടുവിക്കുന്നത്.
അസാധുവാക്കിയ നോട്ടുകള്‍ ഡിസംബര്‍ 30 വരെ നിക്ഷേപിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായിരുന്നു പുതിയ ഉത്തരവ്. 500, 1000 രൂപാ നോട്ടുകളുടേതായി ഇനി 5000 രൂപ മാത്രമേ നിക്ഷേപിക്കാനാകൂ എന്നതായിരുന്നു സര്‍ക്കുലറില്‍ പുതിയ നയം. ഇതില്‍ കൂടുതല്‍ നിക്ഷേപിക്കാനെത്തുന്നവരുടെ പണം രണ്ട് ബാങ്ക് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂ. കൂടാതെ പണം നിക്ഷേപിക്കാന്‍ ഇത്രകാലം വൈകിയതിന് അധികൃതരോട് വിശദീകരണം നല്‍കേണ്ടി വരുമെന്നും സര്‍ക്കുലറില്‍ പറഞ്ഞിരുന്നു.
ഈ സാഹചര്യത്തിലാണ് രാഹുല്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ഓരോ ദിവസവും ഓരോ പുതിയ നയങ്ങള്‍ പ്രഖ്യാപിച്ചാല്‍ നമ്മള്‍ ആരെയാണ് വിശ്വസിക്കേണ്ടതെന്നും രാഹുല്‍ ചോദിച്ചു.