ന്യൂഡല്‍ഹി: പ്രമുഖ യുപിഐ കമ്ബനിയായ പേടിഎമ്മിന്റെ വിവിധ സേവനങ്ങള്‍ക്ക് വിലക്കേർപ്പെടുത്തി ആർബിഐ. മാനദണ്ഡം പാലിക്കാതെ പ്രവർത്തിച്ചതിനാണ് കടുത്ത നടപടി. ഫെബ്രുവരി 29 മുതല്‍ നിരോധനം നിലവില്‍ വരും. ഫെബ്രുവരി 29-ാം തീയ്യതിയോ അതിനുമുമ്പോ തുടങ്ങിയ എല്ലാ ട്രാൻസാക്ഷനുകളും മാർച്ച് 15-നകം അവസാനിപ്പിക്കണം. ആർബിഐയുടെ ചട്ടങ്ങളില്‍ പേടിഎം പേയ്മെന്റസ് ബാങ്ക് തുടർച്ചയായി വീഴ്ചകള്‍ വരുത്തുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
ആധാർ ബന്ധിത ഇടപാടുകള്‍, നിക്ഷേപം സ്വീകരിക്കല്‍, ബില്‍ പേയ്‌മെന്റുകള്‍ എന്നിവ അനുവദിക്കില്ല. വാലറ്റുകള്‍ ടോപ്പ് അപ്പ് ചെയ്യാനും സാധിക്കില്ല.പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നതിനും വിലക്കുണ്ട്. അതേസമയം ഉപഭോക്താക്കള്‍ക്ക് വാലറ്റില്‍ ബാലൻസുള്ള പണം വിനിയോഗിക്കാം.ഉപഭോക്താക്കള്‍ക്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനാവില്ലെങ്കിലും അക്കൗണ്ടില്‍ നിലവിലുള്ള തുക പിൻവലിക്കാൻ കഴിയും. പേടിഎം സേവിങ്സ് അക്കൗണ്ട്, ഫാസ്ടാഗ്സ്, കറന്റ് അക്കൗണ്ട്സ്, വാലറ്റ് എന്നിവയില്‍ നിന്ന് പണം പിൻവലിക്കാനോ ഉപയോഗിക്കാനോ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. എന്നാല്‍, ബാങ്കിന്റെ യുപിഐ സൗകര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാനാവില്ല.
പേടിഎം ബാങ്കിങ് പ്രവർത്തനങ്ങള്‍ക്കാണ് റിസർവ് ബാങ്കിന്റെ നിയന്ത്രണം വന്നിട്ടുള്ളത്. ഒരു എക്സ്റ്റേണല്‍ അക്കൗണ്ടിലേക്കാണ് കണക്റ്റ് ചെയ്തിട്ടുള്ളതെങ്കില്‍ പ്രശ്‌നമാകില്ല. ഇങ്ങനെ നിങ്ങള്‍ക്ക് Paytm വഴി UPI പേയ്മെന്റ് നടത്താവുന്നതാണെന്നാണ് വിവരം.