ന്യൂഡല്‍ഹി: മൂന്ന് സ്വകാര്യ ബാങ്ക് മേധാവികളുടെ ബോണസ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇടപെട്ട് തടഞ്ഞു. എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, ആക്‌സിസ് ബാങ്ക് എന്നിവയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്കുള്ള വാര്‍ഷിക ബോണസ് വിതരണം ചെയ്യുന്നതാണ് ആര്‍.ബി.ഐ തടഞ്ഞതെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. മൊത്തം 6.45 കോടി രൂപയാണ് ബോണസായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ബാങ്കുകളുടെ പ്രവര്‍ത്തനത്തിലെ മെറിറ്റും കിട്ടാക്കടത്തിന്റെ തോതും നോക്കിയ ശേഷം ബോണസ് വിതരണം ചെയ്താല്‍ മതിയെന്ന നിലപാടാണ് ആര്‍.ബി.ഐ സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഐ.സി.ഐ.സി.ഐ ബാങ്ക് മേധാവി ചന്ദ കൊച്ചാറിന് 2.2 കോടി രൂപ, ആക്‌സിസ് ബാങ്ക് മേധാവി ശിഖ ശര്‍മ്മക്ക് 1.35 കോടി രൂപ, എച്ച്.ഡി.എഫ്.സി മേധാവി ആദിത്യ പുരിക്ക് 2.9 കോടി രൂപ എന്നിങ്ങനെയാണ് ബോണസുള്ളത്. ഇതില്‍ ചന്ദ കൊച്ചാറും ശിഖ ശര്‍മ്മയും നിലവില്‍ ബാങ്ക് വായ്പാ ക്രമക്കേടുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ നേരിടുന്നവരാണ്.