ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തിലും കൈവെച്ച് കേന്ദ്രസര്‍ക്കാര്‍. ഇതാദ്യമായി 1.76 ലക്ഷം കോടി രൂപ സർക്കാറിന് ലാഭവിഹിതത്തി ന്റെയും മറ്റും കണക്കിൽ കൈമാറാൻ റിസർവ് ബാങ്ക് കേന്ദ്ര ബോർഡ് തീരുമാനിച്ചു. ഇത്രയും ഭീമമായ തുക റിസർവ് ബാങ്ക് ഒരിക്കലും സർക്കാറിന് കൈമാറിയിട്ടില്ല. സാധാരണഗതിയിൽ കൈമാറിക്കൊണ്ടിരുന്നത് ഏറിയാൽ 20,000 കോടി രൂപയാണ്. കഴിഞ്ഞ വർഷം 60,000 കോടി രൂപയാണ് നൽകിയത്. ഇക്കുറി 1.23 ലക്ഷം കോടി ലാഭ വിഹിതമെന്ന പേരിലും 53 ലക്ഷം കോടി അധിക മൂലധനത്തിൽനിന്നുമാണ് നൽകുന്നത്.
ബിമൽ ജലാൻ സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് ഇപ്പോൾ ഭീമമായ തുക നൽകുന്നത്. റിസർവ് ബാങ്ക് സൂക്ഷിക്കേണ്ട കരുതൽ ശേഖരം, സർക്കാറിന് കൈമാറേണ്ട ലാഭവിഹിതം എന്നിവ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനാണ് ബിമൽ ജലാൻ സമിതിയെ നിയോഗിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്. ജൂലൈയിൽ തുടങ്ങി ജൂണിൽ അവസാനിക്കുന്നതാണ് റിസർവ് ബാങ്കിന്റെ സാമ്പത്തിക വർഷം. എല്ലാ വർഷവും വാർഷിക കണക്കുകൾക്ക് അന്തിമ രൂപം നൽകിയ ശേഷം ആഗസ്റ്റിലാണ് സർക്കാറിലേക്ക് ലാഭവിഹിതം റിസർവ് ബാങ്ക് കൈമാറുന്നത്.
കരുതല്‍ ധനത്തില്‍ നിന്ന് പണം നല്‍കാനാവില്ലെന്ന നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന ഊര്‍ജിത് പട്ടേലിനും ഡെപ്യൂട്ടി ഗവര്‍ണര്‍ വിരല്‍ ആചാര്യക്കും സ്ഥാനം രാജിവെക്കേണ്ടി വന്നത്. ഇവര്‍ രാജിവെച്ചതോടെ മോദിയുടെ വിശ്വസ്തനായ ഐ.എ.എസ് ഉദ്യോഗസ്ഥന് ശക്തികാന്ത് ദാസ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി. ചരിത്രത്തില്‍ ബിരുദമുള്ള ഇദ്ദേഹം സാമ്പത്തിക വിദഗ്ധനല്ലെന്ന് വിമര്‍ശനമുണ്ട്. ഏകപക്ഷീയമായി തീരുമാനം നടപ്പാക്കുന്നത് ബുദ്ധിയല്ലെന്ന് കണ്ടാണ് ബി.ജെ.പി അനുകൂലിയായ ബിമല്‍ ജലാന്റെ നേതൃത്വത്തില്‍ സമിതിയെ വെച്ച് പണം നല്കാന് നിര്‍ദേശം നല്‍കിയത്. വാജ്പെയ് പ്രധാനമന്ത്രിയായപ്പോള്‍ ബി.ജെ.പി നോമിനിയായി രാജ്യസഭാംഗമായ ആളാണ് ബിമല്‍ ജലാന്‍.