തിരുവനന്തപുരം: സഹകരണ ബാങ്കിങ് മേഖലയെ പൂര്‍ണമായും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഏപ്രില്‍ ഒന്നുമുതല്‍ ഇത് ബാധകമാകുമെന്ന് കേന്ദ്രധനമന്ത്രാലയം വിജ്ഞാപനം ഇറക്കി. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാകുന്നതോടെ സംസ്ഥാന സഹകരണ നിയമത്തിന്റെ അന്തഃസത്തയ്ക്ക് വിരുദ്ധമായ പരിഷ്‌കാരങ്ങളാണ് വരാനിരിക്കുന്നത്. കേരള ബാങ്കിനാണ് പ്രധാനമായും ബാധകമാകുന്നത്. ബാങ്കിങ് നിയന്ത്രണത്തില്‍ വരുത്തിയ ഭേദഗതി സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകള്‍ക്കും ബാധകമാക്കും. ഇതിനൊപ്പം റിസര്‍വ് ബാങ്കിന്റെ നിര്‍ദേശംകൂടി ലഭിക്കണം.
ബാങ്ക് ഭരണസമിതിയുടെ കാലയളവിലെ മാറ്റം, സഹകരണ ബാങ്കുകളുടെ ഓഹരി കൈമാറ്റം, ഭരണസമിതിക്കും ബാങ്ക് ചെയര്‍മാനും ജീവനക്കാര്‍ക്കുമെതിരേ റിസര്‍വ് ബാങ്കിന് നടപടിയെടുക്കാനാകും. എന്നിവയാണ് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാകുന്നതോടെ വരുന്ന പ്രധാന മാറ്റങ്ങള്‍.
സഹകരണം സംസ്ഥാനവിഷയവും സഹകരണസംഘങ്ങള്‍ സംസ്ഥാന നിയമപ്രകാരം പ്രവര്‍ത്തിക്കുന്നവയുമാണ്. ബാങ്കിങ് കേന്ദ്രവിഷയവും. അതിനാല്‍ സഹകരണ ബാങ്കുകളുടെ ബാങ്കിങ് സംബന്ധമായ കാര്യങ്ങളില്‍ റിസര്‍വ് ബാങ്കിന് ഇടപെടാന്‍ അധികാരമുണ്ട്. എന്നാല്‍, ഭരണസമിതി തെരഞ്ഞെടുപ്പ്, അംഗത്വം, ഓഹരി എന്നിവയിലൊന്നും റിസര്‍വ് ബാങ്കിനോ കേന്ദ്രസര്‍ക്കാരിനോ ഇടപെടാനാവുമായിരുന്നില്ല. ഇതാണ് ഭേദഗതിയിലൂടെ തിരുത്തുന്നത്.