X

രാസാവിന്‍ മനസ്സിലേ-പ്രതിഛായ

1991ല്‍ പുറത്തിറങ്ങിയ ഹിറ്റ് തമിഴ് സിനിമയാണ് ‘എന്‍ രാസാവിന്‍ മനസ്സിലേ’. അതിനും ഏതാണ്ട് അര നൂറ്റാണ്ടുമുമ്പ് ജ്ഞാനസേതികന്‍ എന്നൊരു തമിഴ് ദലിത് പയ്യന്‍ നമ്മുടെ കുമളിക്കടുത്ത തേനിയിലും മറ്റും നാടന്‍ പാട്ടുകളുമായി നടന്നിരുന്നു. കവലകളില്‍ സഹോദരങ്ങളോടൊപ്പം നാടന്‍ പാട്ടുകള്‍ അവതരിപ്പിക്കലായിരുന്നു പരിപാടി. അവിടെനിന്ന് ജ്ഞാനസേതികന്‍ വളര്‍ന്നുയര്‍ന്ന് തമിഴ് സിനിമയിലെ മാത്രമല്ല തെന്നിന്ത്യന്‍ സിനിമയിലെതന്നെ ഇസൈജ്ഞാനിയായി. വയസ്സ് എണ്‍പതിനോടടുക്കുമ്പോഴാണ് ‘ഉണ്ടിരുന്ന മൂപ്പര്‍ക്ക് ഉള്‍വിളിതോന്നി’ എന്നു പറഞ്ഞതുപോലെ മോദി സ്തുതിയുമായി ഇളയരാജ പ്രത്യക്ഷപ്പെടുന്നത്. ഡല്‍ഹിയില്‍ നിന്നിറങ്ങുന്ന പുസ്തകത്തില്‍ പ്രധാനമന്ത്രി മോദിയെയും ഭരണഘടനാശില്‍പിയും ദലിത് നേതാവുമായ ഡോ. ബി.ആര്‍ അംബേദ്കറെയും തുലനപ്പെടുത്തിയതാണ് വിവാദമായത്. ഏപ്രില്‍ ആദ്യവാരമാണ് പുസ്തകം പുറത്തിറങ്ങിയത്. അതില്‍ ഇളയരാജ പറയുന്നതിങ്ങനെ: മോദിയും അംബേദ്കറും ദരിദ്ര ജീവിത പശ്ചാത്തലത്തില്‍ നിന്നാണ് വളര്‍ന്നത്. ഇരുവരും ജീവിതത്തിലെ പ്രതിസന്ധികള്‍ക്കെതിരെ പോരാടിയാണ് ഉന്നതങ്ങളിലെത്തിയത്. ഇവര്‍ ചിന്തിക്കുന്നതിലല്ല, പ്രവര്‍ത്തിക്കുന്ന പ്രായോഗികതയില്‍ വിശ്വസിക്കുന്നവരാണ്. സംഗതി ഏതായാലും സംഗീതം പോലെ അത്രകണ്ട് സ്വീകരിക്കപ്പെട്ടില്ല. പെടില്ലെന്നത് തമിഴ്‌നാടിന്റെ ദ്രാവിഡ-സവര്‍ണ വിരുദ്ധ സാമൂഹിക സാഹചര്യങ്ങള്‍ അറിയുന്ന ഏവര്‍ക്കുമറിയാം. സംഗീതമെന്നാല്‍ ശാസ്ത്രീയ സംഗീതമാണെന്നും അത് സവര്‍ണ തമ്പുരാക്കളുടെ കാല്‍കീഴില്‍ കിടന്ന് നേടേണ്ടതാണെന്നുമൊക്കെ വിശ്വസിക്കുന്ന സംഗീത ലോകത്തിന് ഇളയരാജയുടെ വാക്കുകള്‍ സംഗീതമാകുമെങ്കിലും ഒച്ചയുടെ നിലവിളിയാണ് രാജ്യം കേട്ടത്. എന്തായിരിക്കും ഇതിന് ഈ സംഗീത കുലപതിയെ പ്രേരിപ്പിച്ചത് എന്ന വിചാരം കലശലായിരിക്കെയാണ് മറ്റൊരു വാര്‍ത്തകൂടി തമിഴകത്തുനിന്ന് പുറത്തുവന്നത്. സേവന നികുതിയിനത്തില്‍ കോടികള്‍ അടക്കാതിരുന്നതിന് ഇളയരാജക്ക് കേന്ദ്ര ജി.എസ്.ടി ചെന്നൈ സോണല്‍ ഡയറക്ടറേറ്റിന്റെ സമന്‍സ് വന്നിരിക്കുന്നുവെന്നതാണത്. ഫെബ്രുവരി 18നാണ് സമന്‍സ് വന്നതെന്നും മാര്‍ച്ച് 19ന് നേരിട്ട് ഹാജരാകണമെന്നുമൊക്കെയാണ് വിശദീകരണം. അതിന് ഹാജരാകാതെ വന്നതോടെ രണ്ടാമതും മാര്‍ച്ച് 21ന് നോട്ടീസ് നല്‍കി, 28ന് ഹാജരാകാന്‍. സമയവും കാലവുമൊക്കെ നോക്കുമ്പോള്‍ രാസാവിന്‍ മനസ്സിലെ മോദി സ്തുതിക്ക് കാരണം എന്താണെന്ന് കൃത്യം, വ്യക്തം. തമിഴ്‌സിനിമയിലെ മറ്റൊരു സംഗീത രാജാവും സഹോദരനുമായ ഗംഗൈഅമരന്‍ പക്ഷേ പറയുന്നതിങ്ങനെയാണ്: ഒരു രാജ്യസഭാസീറ്റ് വേണമെന്ന് ഇളയരാജക്ക് മോഹം കാണില്ലേ! കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി പറഞ്ഞതിങ്ങനെ: ഇസൈജ്ഞാനിയോട് എനിക്ക് അളവറ്റ ആദരവുണ്ട്. പക്ഷേ ഭരണഘടനാമൂല്യങ്ങളെ കാറ്റില്‍പറത്തിയയാളുമായി ഭരണഘടന നിര്‍മിച്ച മഹാവ്യക്തിയെ താരതമ്യപ്പെടുത്തിയത് തീര്‍ത്തും അനുചിതമാണ്. ഏതായാലും മോദി സ്തുതിയെ തള്ളാനോ ചരക്കു സേവനനികുതി അടക്കാനോ ഇസൈരാജ തയ്യാറായിട്ടില്ല. സൈബര്‍ലോകമാകട്ടെ രാജയെ സംഘി രാജയെന്ന് വിളിച്ച് കളിയാക്കുകയും ചെയ്യുന്നു.
വിവാദം രാജക്ക് പക്ഷേ പുതിയതൊന്നുമല്ല, 2015 മുതല്‍ ഇളയരാജക്കെതിരെ സൈബര്‍ ആക്രമണം തുടരുന്നതാണ്. അന്ന് തന്റെ സംഗീതം വെച്ചുള്ള പാട്ടുകള്‍ പാടുന്നതിന് റോയല്‍റ്റി വേണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം രംഗത്തുവന്നിരുന്നു. 2017ല്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിനും കെ.എസ് ചിത്രക്കുമെതിരെയും പരാതിയുയര്‍ത്തി. അതിനിടെ യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും രമണമഹര്‍ഷിയാണ് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതെന്നും വാദിച്ചും സംഗീതജ്ഞന്‍ വിവാദങ്ങളില്‍ തലയിട്ടു. 1943 ജൂണില്‍ ജനിച്ച ആര്‍. ജ്ഞാനസേതികന് പിതാവുതന്നെ പിന്നീട് വിളിച്ച പേര് രാസയ്യ എന്നായിരുന്നു. സംഗീതം പഠിക്കാനായി ചെന്നപ്പോള്‍ രാജ എന്നായി. ഇളയ എന്നു ചേര്‍ത്ത് വിളിച്ചത് നിര്‍മാതാവ് പഞ്ചുഅരുണാചലമാണ്. ജന്മനാല്‍ ദലിതനാണെങ്കിലും സ്വാമിയെന്നും വിളിപ്പേരുണ്ട്. സദാ നെറ്റിയിലുള്ള വെളുത്ത കുറിയും ജൂബ വേഷവുമായിരിക്കാം കാരണം. 1970കളില്‍ ചെന്നൈയില്‍ സംഗീത ട്രൂപ്പുകളില്‍ ഗിത്താറിസ്റ്റായിരുന്നു. ഏഴായിരത്തിലധികം ഗാനങ്ങള്‍ ഇളയരാജയുടേതായുണ്ട്. പശ്ചാത്തല സംഗീതം വേറെ. 2013ല്‍ ഇന്ത്യയിലെ മികച്ച സംഗീതജ്ഞനായി സി.എന്‍.എന്‍ തെരഞ്ഞെടുത്തു. നാടന്‍സംഗീതത്തെ പാശ്ചാത്യ സംഗീതവുമായി കൂട്ടിയിണക്കിയാണ് ഇളയരാജ തെന്നിന്ത്യന്‍ സിനിമാസംഗീതലോകത്ത് കാലുറപ്പിക്കുന്നത്. തൊട്ടതെല്ലാം ഹിറ്റായി. ഇപ്പോഴും ജോലി തുടരുന്നു. 5 ദേശീയ പുരസ്‌കാരങ്ങളും പത്മവിഭൂഷണും നേടി. ലോകത്തെ മൂന്നാമത്തെ സമ്പന്നനായ സംഗീതജ്ഞനാണ്. 2019ല്‍ ‘ഇളയരാജ-75’ എന്ന സംഗീത പരിപാടിയില്‍ എ.ആര്‍ റഹ്്മാനടക്കം എത്തി. ജീവയാണ് ഭാര്യ. മൂന്നുമക്കള്‍.

Test User: