റാസല്‍ഖൈമ: ലോകത്തിലെ ഏറ്റവും നീളം കൂടിയ കേബിള്‍ യാത്രാ സംവിധാനമൊരുക്കി റാസല്‍ഖൈമ ലോക റെക്കോര്‍ഡ് കരസ്ഥമാക്കി. സമുദ്ര നിരപ്പില്‍ നിന്നും 1,680 മീറ്റര്‍ ഉയരത്തിലാണ് കൗതുകകരവും സഞ്ചാരപ്രേമികളുടെ മനം കവരുന്നതുമായ കാഴ്ചകളൊരുക്കി റാസല്‍ഖൈമ അന്താരാഷ്ട്ര നേട്ടം കരസ്ഥമാക്കിയത്.
2.83 കിലോമീറ്റര്‍ ദൂരമാണ് ഇതിലൂടെ സഞ്ചരിക്കാന്‍ കഴിയുക.നിലവില്‍ അമേരിക്കയില്‍ 2,200 മീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്രയെ പിന്നിലാക്കിയാണ് റാസല്‍ഖൈമ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി ലോക റെക്കോര്‍ഡ് രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഗിന്നസ് അധികൃതരില്‍ നിന്നും ഏറ്റുവാങ്ങി. റാസല്‍ഖൈമ ഭരണാധികാരിയുടെ പുത്രന്‍ ശൈഖ് അഹ്മദ് ബിന്‍ സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി പ്രഥമ യാത്രക്കാരനായാണ് ലോകത്തിലെ നീളം കൂടിയ കേബിള്‍ യാത്രക്ക് തുടക്കം കുറിച്ചത്.
റാസല്‍ഖൈമയിലെ ജബല്‍ ജയ്്‌സിലാണ് ഇതിന്റെ സങ്കേതം ഒരുക്കിയിട്ടുള്ളത്. ഉയരം കൂടിയ പര്‍വത നിരകളില്‍ ഘടിപ്പിച്ച രണ്ട് കേബിളുകളില്‍ പ്രത്യേക രീതിയിലൂടെയാണ് കൗതുകം ജനിപ്പിക്കുന്ന യാത്ര സജ്ജമാക്കിയിരിക്കുന്നത്. അതിമനോഹരമായ പര്‍വത നിരകളും പ്രദേശങ്ങളും താണ്ടിയുള്ള യാത്ര ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയതാണെന്ന സ്ഥിരീകരണവുമായാണ് ഗിന്നസ് അധികൃതര്‍ ലോക റെക്കോര്‍ഡ് നല്‍കിയത്. ആറു ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള ഉരുക്കു കേബിളുകള്‍ സ്ഥാപിച്ചാണ് ഇതിലൂടെയുള്ള യാത്ര സുരക്ഷിതമാക്കിയിട്ടുള്ളത്.
മണിക്കൂറില്‍ 150 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുമെന്ന് പരീക്ഷണ യാത്രയില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. ബുര്‍ജ് ഖലീഫയുടെ ഉയരം 830 മീറ്ററാണ്. എന്നാല്‍, അതിന്റെ ഇരട്ടിയിലധികം (1,680 മീറ്റര്‍) ഉയരത്തിലാണ് പര്‍വത നിരകളെ സംയോജിപ്പിച്ചു കൊണ്ട് കൂറ്റന്‍ കേബിളുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഭൂമിയിലെ മനോഹരമായ കാഴ്ചകള്‍ ആസ്വദിച്ചു കൊണ്ട് പര്‍വത നിരകള്‍ക്ക് മുകളിലൂടെ പറന്നു നടക്കാന്‍ കഴിയും. ഒരാള്‍ക്ക് 650 ദിര്‍ഹമാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.
റാസല്‍ഖൈമ ടൂറിസം അഥോറിറ്റിയുടെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ വഴി യാത്ര ബുക്ക് ചെയ്യാം. ദിനംപ്രതി 250 പേര്‍ക്ക് യാത്ര ചെയ്യാനാകും. ഇതിന് വഹിക്കാവുന്ന കുറഞ്ഞ ഭാരം 35 കിലോയും കൂടിയത് 150 കിലോയുമാണ്.
അമേരിക്കയില്‍ സംവിധാനിച്ചിട്ടുള്ള ടൊറോവെര്‍ഡ് കമ്പനിയാണ് റാസല്‍ ഖൈമയിലും ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. റാസല്‍ഖൈമ ടൂറിസം അഥോറിറ്റിക്ക് കീഴില്‍ നടത്തിപ്പും ഇവര്‍ തന്നെയാണ് ഏറ്റെടുത്തിട്ടുള്ളത്. തങ്ങളുടെ മുന്‍ പരിചയവും ആധുനിക സജ്ജീകരണങ്ങളും പുതിയ പദ്ധതിക്ക് കൂടുതല്‍ തുണയായി മാറിയിട്ടുണ്ടെന്ന് കമ്പനി സിഒഒ റികാഡോ ലിസാനോ വ്യക്തമാക്കി.
ഇതുവഴി റാസല്‍ഖൈമയിലെ വിനോദ സഞ്ചാര മേഖലയില്‍ വന്‍ മുന്നേറ്റമുണ്ടാകുമെന്നാണ് കണക്ക് കൂട്ടുന്നത്. ഈ വര്‍ഷം ഒരു ദശലക്ഷം വിനോദ സഞ്ചാരികള്‍ റാസല്‍ഖൈമയില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റാസല്‍ഖൈമ ടൂറിസം ഡവലപ്‌മെന്റ് അഥോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹൈഥം മതാര്‍ വ്യക്തമാക്കി. 2025 ആകുമ്പോള്‍ സഞ്ചാരികളുടെ എണ്ണം മൂന്ന് ദശലക്ഷമായി ഉയരുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.